ദയനീയം !! ആഫ്രിക്കൻ ടീമുകളോട് പോലും ജയിക്കാനാവാതെ ബ്രസീൽ |Brazil

ഖത്തർ വേൾഡ് കപ്പിലെ അവസാന ഗ്രൂപ് മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ കാമറൂണിനോട് പരാജയപ്പെട്ടിരുന്നു. 1998 ന് ശേഷം ആദ്യമായിട്ടായിരുന്നു ബ്രസീൽ ഗ്രൂപ്പ് മത്സരത്തിൽ പരാജയപ്പെട്ടത്.വിൻസെന്റ് അബൂബക്കറിന്റെ ഇൻജുറി ടൈം ഗോളിലായിരുന്നു കാമറൂണിന്റെ ജയം. 2010ൽ ദിദിയർ ദ്രോഗ്ബയ്ക്കും 2014ൽ ജോയൽ മാറ്റിപ്പിനും പിന്നാലെ ലോകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടുന്ന മൂന്നാമത്തെ ആഫ്രിക്കൻ കളിക്കാരനായി വിൻസെന്റ് അബൂബക്കർ.

ഒരു ആഫ്രിക്കൻ ടീമിനോടുള്ള ബ്രസീലിന്റെ ആദ്യ തോൽവി കൂടിയായിരുന്നു അത്. എന്നാൽ അതിനു ശേഷം രണ്ടു ആഫ്രിക്കൻ ടീമുകൾക്ക് മുന്നിൽ കൂടി ബ്രസീൽ മുട്ടുമടക്കിയിരിക്കുകയാണ്.ആദ്യ കാലങ്ങളിൽ ആഫ്രിക്കൻ ടീമുകൾക്കെതിരെ നാലും അഞ്ചും ഗോളുകൾ നേടിയിരുന്ന ബ്രസീലിനു ഇപ്പോൾ അവരുടെ കരുത്തിന് മുന്നിൽ പിടിച്ചു നില്ക്കാൻ സാധിക്കുന്നില്ല. ഇന്നലെ പോർചുഗലിലെ ലിസ്ബണിനെ ജോസ് അൽവലാഡെ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ചാമ്പ്യന്മാരായ സെനഗലിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളിന്റെ ദയനീയ തോൽവിയാണു ബ്രസീൽ ഏറ്റുവാങ്ങിയത്.

സൂപ്പർ താരം സാദിയോ മാനെ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ബ്രസീലിനെതിരെ ആഫ്രിക്കൻ ചാമ്പ്യന്മാർ ആധിപത്യം സ്ഥാനപിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ആദ്യം ഗോൾ നേടിയത് ബ്രസീൽ ആണെങ്കിലും ശക്തമായി തിരിച്ചു വന്ന സെനഗൽ അവരുടെ കരുത്ത് തെളിയിച്ചു.ലൂകാസ് പക്വേറ്റ, മാർക്വീഞ്ഞോസ് എന്നിവരാണ് ബ്രസീലിന്‍റെ ഗോളുകൾ നേടിയത്.2014 ലോകകപ്പ് സെമിഫൈനലിൽ ജർമ്മനിയോട് 7-1ന് നാണംകെട്ടതിന് ശേഷം ഒരു മത്സരത്തിൽ നാലോ അതിലധികമോ ഗോളുകൾ വഴങ്ങുന്നത് ആദ്യമായാണ്.2015 ൽ ചിലിക്കെതിരെ 2-0ത്തിന് പരാജയപെട്ടതിനു ശേഷം ബ്രസീൽ രണ്ട് ഗോളിന് തോൽക്കുന്നത് ഇതാദ്യമാണ്.

11-ാം മിനിറ്റില്‍ പക്വേറ്റയിലൂടെ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 22-ാം മിനിറ്റില്‍ ഹബീബ് ഡയാലയിലൂടെ സെനഗല്‍ ഒപ്പമെത്തി. ആദ്യ പകുതിയില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം അടിച്ച് തുല്യതയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മാര്‍ക്വീഞ്ഞാസിന്‍റെ സെല്‍ഫ് ഗോള് ബ്രസീലിനെ പിന്നിലാക്കി. തൊട്ടുപിന്നാലെ സാദിയോ മാനെയും ലക്ഷ്യം കണ്ടപ്പോള്‍ മുന്‍ ലോക ചാമ്പ്യന്‍മാര്‍ ഞെട്ടി.രണ്ട് ഗോളിന് പിന്നിലായിപ്പോയതിന്‍റെ ഞെട്ടലില്‍ രണ്ടും കല്‍പ്പിച്ച് ആക്രമിച്ച ബ്രസീലിനായി മാര്‍ക്വീഞ്ഞാസ് തന്നെ ഒരു ഗോള്‍ തിരിച്ചടിച്ച് ബ്രസീലിന് പ്രതക്ഷ നല്‍കി. സമനില ഗോളിനായി ബ്രസീല്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കിയിരിക്കെ ലഭിച്ച പെനല്‍റ്റി സാദിയോ മാനെ ബ്രസീലിന്‍റെ തോല്‍വി ഉറപ്പിച്ചു.

മാർച്ചിൽ വേൾഡ് കപ്പ് സെമി ഫൈനലിസ്റ്റുകളായ മൊറോക്കോക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലും തോൽവി വഴങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയമാണ് ബ്രസീൽ ഏറ്റുവാങ്ങിയത്. ടാൻജിയേഴ്സിൽ നടന്ന മത്സരത്തിൽ സോഫിയാൻ ബൗഫലിന്റെയും അബ്ദുൽഹമിദ് സാബിരിയുടെയും ഗോളിൽ ആയിരുന്നു അറ്റ്‌ലസ് ലയൺസ് വിജയം നേടിയത്.കാസെമിറോയാണ് ആ മത്സരത്തിൽ ബ്രസീലിനായി ഗോൾ നേടിയത്. കഴിഞ്ഞ ആഴ്ച നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീൽ മറ്റൊരു ആഫ്രിക്കന രാജ്യമായ ഗിനിയയെ പരാജയപ്പെടുത്തിയിരുന്നു.

വേൾഡ് കപ്പിന് ശേഷം ടിറ്റെ സ്ഥാനമൊഴിഞ്ഞതിന് ശേഷം ഒരു സ്ഥിരം പരിശീലകനെ നിയമിക്കാൻ ബ്രസീലിന് സാധിച്ചിട്ടില്ല. താത്കാലിക പരിശീലകന്റെ കീഴിലാണ് ബ്രസീൽ വേൾഡ് കപ്പിന് ശേഷമുള്ള മത്സരങ്ങളിൽ കളിച്ചത്. നിലവിലെ റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസെലോട്ടിക്കായുള്ള കാത്തിരിപ്പിലാണ് ബ്രസീൽ. എത്രയും പെട്ടെന്ന് ഒരു പരിശീലകനെ കണ്ടെത്തി ടീമിനെ കെട്ടിപ്പടുക്കെണ്ടാതുണ്ട്. 2024 ലെ കോപ്പ അമേരിക്കക്ക് മുന്നോടിയായി യുവ താരങ്ങൾക്ക് അവസരം കൊടുത്ത് പുതിയൊരു ടീമിനെ വാർത്തെടുക്കേണ്ടതുണ്ട്.

Rate this post