ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ വച്ച് നടന്ന ബ്രസീൽ VS അർജന്റീന ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന വിലപ്പെട്ട മൂന്ന് എവേ പോയന്റുകൾ മാറക്കാന സ്റ്റേഡിയത്തിൽ നിന്നും സ്വന്തമാക്കിയിരിന്നു. സ്വന്തം ഹോം സ്റ്റേഡിയത്തിൽ ഒരു ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ തോൽക്കുന്നത് ഇതാദ്യമായാണ്, കൂടാതെ തുടർതോൽവികളുമായാണ് ബ്രസീൽ ബുദ്ധിമുട്ടുന്നത്.ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ തുടർച്ചയായ മൂന്നാം തോൽവിയായിരുന്നു കാനറികൾ ഏറ്റുവാങ്ങിയത്.
ബ്രസീൽ VS അർജന്റീന മത്സരം തുടങ്ങുന്നതിനു മുമ്പ് സ്റ്റേഡിയത്തിനുള്ളിൽ അർജന്റീന ആരാധകരുടെ ഗാലറിയിൽ അടിപിടി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അർജന്റീന ആരാധകരെ ബ്രസീലിയൻ പോലീസ് തല്ലിചതക്കുന്ന രംഗങ്ങളാണ് നമ്മൾ കണ്ടത്. ഈ പ്രശ്നങ്ങളെ തുടർന്ന് അരമണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. അർജന്റീന താരങ്ങളും ഈ സംഭവത്തിനെതിരെ ഉടൻ രംഗത്ത് എത്തുകയും ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോവുകയും ചെയ്തിരുന്നു.
ഇതാദ്യമായല്ല ബ്രസീലിൽ വെച്ച് അർജന്റീന ആരാധകർക്ക് നേരെ ആക്രമണം ഉണ്ടാവുന്നത്. ബ്രസീലിൽ വച്ച് നടന്ന അസാധാരണ സംഭവത്തിനെതിരെ പിന്നീട് ഫിഫ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പ്രതികരിച്ചിരുന്നു. നിലവിൽ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഈയൊരു സംഭവത്തിന്റെ അനന്തരഫലമായി ബ്രസീൽ ശിക്ഷാനടപടികൾ നേരിടേണ്ടി വന്നേക്കും.
ഫിഫ അച്ചടക്ക കോഡിന്റെ ആർട്ടിക്കിൾ 17 പറയുന്നത് ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്നും കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കുക, ഫൈൻ അടക്കുക, അല്ലെങ്കിൽ ബ്രസീലിന്റെ ഒരു പോയിന്റ് വെട്ടി കുറക്കുക തുടങ്ങിയ ശിക്ഷാ നടപടികൾ ബ്രസീലിനെ നേരിടേണ്ടി വന്നേക്കാം എന്നാണ് അനുമാനിക്കുന്നത്. ലോകകപ്പ് യോഗ്യത റൗണ്ടിൽ വെറും ഏഴ് പോയിന്റുകൾ മാത്രം സ്വന്തമാക്കിയ ബ്രസീലിന് പോയിന്റ് വെട്ടികുറക്കുക എന്ന ശിക്ഷ ലഭിക്കുകയാണെങ്കിൽ ടീമിന് വലിയ തിരിച്ചടിയാകും. ഇത് സംബന്ധിച്ച് ഒഫീഷ്യൽ അപ്ഡേറ്റ് ലഭിച്ചില്ലെങ്കിലും ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയുടെ റിപ്പോർട്ടുകളാണ് പുറത്തുവന്നത്.
Brazil 'could face a points DEDUCTION' in World Cup qualifying after Argentina defeat with FIFA 'set to open investigation' into violence at the Maracanã 🇧🇷🚨 https://t.co/GAWN0As016
— Mail Sport (@MailSport) November 23, 2023
അടച്ചിട്ട് സ്റ്റേഡിയത്തിൽ കളിക്കുക, ഫൈൻ അടക്കുക എന്നീ ശിക്ഷ നടപടികൾ മാത്രമാണെങ്കിൽ ബ്രസീലിന് നിലവിൽ വലിയ ബുദ്ധിമുട്ടുണ്ടാകില്ല, പക്ഷേ പോയിന്റ് വെട്ടി കുറയ്ക്കാനാണ് തീരുമാനമെങ്കിൽ ബ്രസീലിന് കനത്ത തിരിച്ചടിയാകും.