2022ൽ ഖത്തറിൽ നടക്കാനിരിക്കുന്ന ലോകകപ്പിനായി ഫുട്ബോൾ ലോകം ഒരുങ്ങുകയാണ്. രാജ്യാന്തര ഫുട്ബോളിന്റെ വലിയ ഇവെന്റിനായി യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങൾ തയ്യാറെടുക്കുകയാണ്. നവംബർ 20 ന് അൽ-ബൈത്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ ഖത്തർ ഇക്വാഡോറിനെ നേരിടുന്നതോടെ 2022 വേൾഡ് കപ്പിന് തുടക്കമാവും. മുൻ താരങ്ങളും ആരാധകരും ലോകകപ്പിന്റെ ആവേശത്തിന്റെ ഉന്നതിയിൽ നിൽക്കുകയാണ്.
2002-ൽ ബ്രസീലിനെ ലോകകപ്പ് മഹത്വത്തിലേക്ക് നയിച്ച റൊണാൾഡോ നസാരിയോ ഖത്തറിലേ ഫേവറിറ്റുകളെ തെരഞ്ഞെടുത്തിരിക്കുകയാണ്. 20 വർഷത്തെ കിരീട വരൾച്ച അവസാനിപ്പിച്ച് ബ്രസീൽ ഖത്തറിൽ ആറാം കിരീടം നേടുമെന്ന് റൊണാൾഡോ അഭിപ്രായപ്പെട്ടു. നവംബർ 24 ന് ലുസൈലിൽ സെർബിയയ്ക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മത്സരം.“ഞങ്ങൾക്ക് ഒരു മികച്ച സ്ക്വാഡുണ്ട്, ഞങ്ങൾക്ക് അത് നേടാൻ കഴിയും.ബ്രസീൽ നന്നായി കളിക്കുന്നുണ്ട്. യോഗ്യതാ റൗണ്ടിൽ അവർ മികച്ചവരായിരുന്നു,” റൊണാൾഡോ പറഞ്ഞു.
“ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങൾ എത്ര കഠിനമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഭൂഖണ്ഡത്തിലുടനീളമുള്ള വ്യത്യസ്ത അന്തരീക്ഷങ്ങളിൽ നമുക്ക് ബുദ്ധിമുട്ടുള്ള എതിരാളികളെ നേരിടേണ്ടിവരും. ഒരു ടീം നന്നായി കളിക്കുകയും അത്തരം സാഹചര്യങ്ങളിൽ സ്ഥിരമായി ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമ്പോൾ, ടീമിൽ എല്ലാം നന്നായി നടക്കുന്നുണ്ടെന്ന് നാം വിശ്വസിക്കണം. അത് ശുഭപ്രതീക്ഷ നൽകുന്നു” റൊണാൾഡോ പറഞ്ഞു.
2014-ൽ മിറോസ്ലാവ് ക്ലോസെയെ മറികടക്കുന്നതിന് മുമ്പ് ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോററായിരുന്നു റൊണാൾഡോ.2002-ൽ ജർമ്മനിക്കെതിരായ ഫൈനലിൽ രണ്ട് ഗോളുകളും രണ്ട് ലോകകപ്പ് മെഡലുകളും നേടിയിട്ടുണ്ട്.ഇപ്പോൾ സ്പെയിനിലും ബ്രസീലിലുമായി രണ്ട് ഫുട്ബോൾ ക്ലബ്ബുകളുടെ ഉടമ കൂടിയാണ് റൊണാൾഡോ.ബ്രസീലിനുശേഷം 46-കാരൻ ഫ്രാൻസിനെയും ബദ്ധവൈരികളായ അർജന്റീനയെയും ശക്തരായ മത്സരാർത്ഥികളായി തിരഞ്ഞെടുത്തു.
“ഫ്രാൻസാണ് മത്സരാർത്ഥികളിൽ ഒന്ന്. ഒരു ലോകകപ്പിലും ജർമ്മനിയെ തള്ളിക്കളയാനാവില്ല. ഇംഗ്ലണ്ട് യൂറോയുടെ ഫൈനലിലെത്തി. സ്പെയിൻ നന്നായി കളിക്കുന്നു, അതുപോലെ അവരുടെ ഐബീരിയൻ അയൽക്കാരനായ പോർച്ചുഗലും.ഞങ്ങളുടെ മത്സരം കാരണം എനിക്ക് അർജന്റീനയെ പിന്തുണയ്ക്കാൻ കഴിയില്ല! എന്നാൽ അവർ കിരീടം നേടുന്നവരിലെ മുൻപന്തിയിൽ ആണെന്ന വസ്തുത നിഷേധിക്കാനാവില്ല, ”അദ്ദേഹം പറഞ്ഞു.