സ്‌റ്റേഡിയം 974-ല്‍ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി ക്വാർട്ടറിലേക്ക് മുന്നേറി ബ്രസീൽ. ആദ്യ പകുതിയിൽ ബ്രസീൽ നാല് ഗോളുകൾക്ക് മുന്നിലായിരുന്നു.ബ്രസീലിന്റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ കൊറിയയുടെ ഭാഗ്യം കൊണ്ടാണ് കൂടുതൽ ഗോളുകൾ വഴങ്ങാതിരുന്നത്. നെയ്മർ ,വിനീഷ്യസ് ,റിചാലിസൺ,ലൂക്കാസ് പാക്വെറ്റ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. ക്വാർട്ടറിൽ ക്രോയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ
സൂപ്പർ താരം നെയ്മർ തിരിച്ചെത്തിയ മത്സരത്തിൽ ബ്രസീലിന്റെ സർവ്വാധിപത്യമാണ് തുടക്കം മുതൽ കാണാൻ സാധിച്ചത്. ഏഴാം മിനുട്ടിൽ വിനിഷ്യസിലൂടെ ബ്രസീൽ ആദ്യ ഗോൾ നേടി.ഇടതു വിങ്ങിലൂടെ പന്തുമായി മുന്നേറിയ റാഫിൻഹ കൊടുത്ത പാസ് മാർക് ചെയ്യപ്പെടാത്ത വിനിഷ്യസിന്ററെ കാലിൽ എത്തുകയും മികച്ചൊരു ഫിനിഷിംഗിലൂടെ 22 കാരൻ കൊറിയൻ വല ചലിപ്പിച്ചു. 11 ആം മിനുട്ടിൽ റിചാലിസനെ ഫൗൾ ചെയ്തതിന് വൂ-യംഗ് ജംഗ് വീഴ്ത്തിയതിന് ബ്രസീലിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത നെയ്മർ പിഴ്ഴ്വ് കൂടാതെ വലയിലാക്കി സ്കോർ 2 -0 ആക്കി ഉയർത്തി.
17 ആം മിനുട്ടിൽ ഇൻ-ബിയോം ഹ്വാങ് ബോക്‌സിന്റെ അരികിൽ നിന്ന് മികച്ചൊരു ഷോട്ട് അടിച്ചെങ്കിലും ആലിസന്റെ ഉജ്ജ്വലമായ ഒരു സേവ് ബ്രസീലിന്റെ രക്ഷക്കെത്തി. 29 ആം മിനുട്ടിൽ ബ്രസീൽ മൂന്നാമത്തെ ഗോൾ നേടി ,മികച്ചൊരു ടീം ഗോൾ ആയിരുന്നു ഇത്.കൊറിയൻ ഡിഫെൻഡറിൽ നിന്നും പന്ത് തട്ടിയെടുത്ത റിചാലിസൺ തിയാഗോ സില്വക്ക് പാസ് നൽകുകയും റിട്ടേൺ ബോൾ സ്വീകരിച്ച് മികച്ചൊരു ഫിനിഷിംഗിലൂടെ ഗോൾ നേടി. 36 ആം മിനുട്ടിൽ ബ്രസീൽ നാലാമത്തെ ഗോളും നേടി ,ഇത്തവണ വിനിഷ്യസിന്റെ പാസിൽ നിന്നും ലൂക്കാസ് പാക്വെറ്റയാണ് ഗോൾ നേടിയത്.1954ൽ മെക്‌സിക്കോയ്‌ക്കെതിരെയാണ് അവസാനമായി ബ്രസീൽ ലോകകപ്പിന്റെ ആദ്യ പകുതിയിൽ നാല് ഗോളുകൾ നേടിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഹ്യൂങ്-മിൻ സൺ മികച്ചൊരു ഷോട്ട് മികച്ചൊരു ഡൈവിലൂടെ അലിസൺ രക്ഷപെടുത്തി. 55 ആം മിനുട്ടിൽ ബ്രസീൽ അഞ്ചാം ഗോളിന്റെ അടുത്തിയെങ്കിലും റാഫിൻഹയുടെ ഷോട്ട് കൊറിയൻ കീപ്പർ തടുത്തിട്ടു. 61 ആം മിനുട്ടിൽ നെയ്മറുടെ പാസിൽ നിന്നും റാഫിൻഹയുടെ ഷോട്ട് വീണ്ടും കൊറിയൻ കീപ്പർ തടുത്തിട്ടു. 77 ആം മിനുട്ടിൽ കൊറിയ ഒരു ഗോൾ തിരിച്ചടിച് മത്സരത്തിലേക്ക് തിരിച്ചു വന്നു. മനോഹരമായ ലോങ്ങ് റേഞ്ച് ഷോട്ടിൽ നിന്നും സിയൂങ്-ഹോ പൈക്ക് ആണ് ഗോൾ നേടിയത്.