❛അർജന്റീന കിരീടം നേടണം❜ കാരണ സഹിതം വ്യക്തമാക്കി ബ്രസീലിയൻ ഇതിഹാസം കഫു |Qatar 2022

ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ പോരാട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ലയണൽ മെസ്സിയും അർജന്റീനയുമുള്ളത്. ഫ്രാൻസാണ് അർജന്റീനയുടെ എതിരാളികൾ. നാളെ രാത്രി 8:30 നാണ് ഈ ഫൈനൽ മത്സരം നടക്കുക. ഒരു തകർപ്പൻ പോരാട്ടം ഈ മത്സരത്തിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന ഒട്ടേറെ പേർ ലോക ഫുട്ബോളിൽ ഉണ്ട്. ബ്രസീലിയൻ ഇതിഹാസങ്ങളിൽ പലരും മെസ്സിക്ക് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.റൊണാൾഡോ നസാറിയോ,റൊണാൾഡീഞ്ഞോ എന്നിവർക്ക് പുറമേ റോബർട്ടോ കാർലോസുമൊക്കെ മെസ്സിയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നു.ഇപ്പോൾ ലയണൽ മെസ്സിയെ പിന്തുണച്ചുകൊണ്ട് മറ്റൊരു ബ്രസീലിയൻ ഇതിഹാസവും വന്നിട്ടുണ്ട്.

ബ്രസീലിന്റെ മുൻ നായകനായിരുന്ന കഫുവാണ് മെസ്സിക്കും അർജന്റീനക്കും പിന്തുണ അറിയിച്ചിട്ടുള്ളത്. ഇനി താൻ ലയണൽ മെസ്സിക്കും അർജന്റീനക്കും ഒപ്പമാണ് എന്നാണ് കഫു പറഞ്ഞിട്ടുള്ളത്.മെസ്സിയെ പിന്തുണക്കാതിരിക്കാനുള്ള യാതൊരുവിധ കാരണങ്ങളും ഇവിടെയില്ലെന്നും കഫു കൂട്ടിച്ചേർത്തിട്ടുണ്ട്.ഡയാരിയോ ഒലെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഞാൻ ഇനി ലയണൽ മെസ്സിക്കും അർജന്റീനക്കും ഒപ്പമാണ്. മെസ്സി ലോക ചാമ്പ്യൻ ആവേണ്ടതുണ്ട്. അദ്ദേഹത്തെ പിന്തുണക്കാതിരിക്കാനുള്ള യാതൊരുവിധ കാരണങ്ങളും ഇവിടെയില്ല. ബ്രസീൽ ഇല്ലാത്ത സ്ഥിതിക്ക് ഞാൻ ഇനി മെസ്സിക്കൊപ്പമാണ്.മെസ്സിയെ സംബന്ധിച്ചിടത്തോളം ഇതൊരു ഗ്രേറ്റ് വേൾഡ് കപ്പ് ആണ്.ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടുകൂടി അദ്ദേഹവും അർജന്റീനയും വലിയ രൂപത്തിൽ വിമർശിക്കപ്പെട്ടിരുന്നു.എന്നാൽ പിന്നീട് മെസ്സി തന്നെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന കാഴ്ചയാണ് നമുക്ക് കാണാൻ കഴിഞ്ഞത്. ആ ഉത്തരവാദിത്വം നിറവേറ്റാനും മെസ്സിക്ക് കഴിഞ്ഞു ‘ കഫു പറഞ്ഞു.

2002-ൽ ഒരു ലാറ്റിനമേരിക്കൻ രാജ്യം അവസാനമായി വേൾഡ് കപ്പ് കിരീടം ഉയർത്തുമ്പോൾ കഫുവായിരുന്നു അന്ന് ബ്രസീലിന്റെ നായകൻ. 20 വർഷത്തിനുശേഷം യൂറോപ്പിന്റെ ആധിപത്യം അവസാനിപ്പിച്ചു കൊണ്ട് ലാറ്റിനമേരിക്കക്ക് ഇത്തവണ അർജന്റീനയിലൂടെ വേൾഡ് കപ്പ് കിരീടം നേടാൻ കഴിയുമോ എന്നുള്ളതും ഒരു കൂട്ടം ആരാധകർ നോക്കി കാണുന്ന കാര്യമാണ്.