ലോകം കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർമാരുടെ കൂട്ടത്തിലാണ് റൊണാൾഡോ എന്നറിയപ്പെടുന്ന റൊണാൾഡോ ലൂയിസ് നസാരിയോ ഡി ലിമയെ കണക്കാക്കുന്നത്. രണ്ടു തവണ വേൾഡ് കപ്പ് നേടിയ താരത്തെ ഇതിഹാസങ്ങളുടെ നിരയിലാണ് ഉൾപ്പെടുത്തുന്നത്. തൊണ്ണൂറുകളുടെ അവസാനത്തിൽ റൊണാൾഡോയെ തടയാൻ സാധിക്കുന്ന ഡിഫെൻഡർമാർ ഇല്ലായിരുന്നു എന്ന് വേണം പറയാൻ.
പക്ഷെ പരിക്ക് ഒരു വില്ലനായി കരിയറിൽ ഉടനീളം എത്തി നോക്കിയപ്പോൾ പലതും നേടനാവാതെയാണ് ഫുട്ബോൾ ജീവിതം അവസാനിച്ചത് എന്ന് തോന്നി പോകും. ഒരു മത്സരം പോലും കളിക്കാൻ സാധിച്ചില്ലെങ്കിലും വെറും 17 വയസ്സുള്ളപ്പോൾ 1994 ൽ അമേരിക്കയിൽ നടന്ന ടൂർണമെന്റിൽ ലോകകപ്പ് നേടിയ ടീമിൽ റൊണാൾഡോ അംഗമായിരുന്നു. രണ്ട് വർഷത്തിന് ശേഷം ആദ്യമായി ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട് മാസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ, ഒളിമ്പിക്സിലെ ബ്രസീൽ ടീമിൽ അവിഭാജ്യ ഘടകമായിരുന്നു കൗമാരക്കാരൻ.
ഏറ്റവും ഉയർന്ന സമയത്ത് റൊണാൾഡോ ലോകത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കളിക്കാരനായിരുന്നു. ബ്രസീലിയൻ സ്ട്രൈക്കർ ഒരു ആക്രമണകാരിക്ക് സാധ്യമായ എല്ലാം കളിക്കളത്തിൽ ചെയ്തു.വേഗത, കരുത്ത്, സാങ്കേതികത, ഫിനിഷിംഗ്, പാസിംഗ്, ഡ്രിബ്ലിംഗ്, ഓഫ്-ദി-ബോൾ മൂവ്മെന്റ്, കൂടാതെ ചിന്തിക്കാൻ കഴിയുന്നതിലപ്പുറമായിരുന്നു അദ്ദേഹത്തിന്റെ കഴിവുകൾ.ബോക്സിന് പുറത്ത് നിന്ന് പന്ത് കാലിൽ തടഞ്ഞാൽ ഏത് നിമിഷവും വലയിലേക്ക് പായിക്കാൻ കെൽപുള്ള കരുത്തും റൊണാൾഡോക്ക് ഉണ്ടായിരുന്നു, എത്ര ശക്തനായ പ്രതിരോധ താരങ്ങളെയും തന്റെ ഡ്രിബിളിംഗ് കൊണ്ടും ശക്തികൊണ്ടും അദ്ദേഹം കീഴടക്കി മുന്നോട്ട് പകുതിച്ചു കൊണ്ടിരിന്നു.
1998 ലോകകപ്പിലേക്ക് വരുമ്പോൾ, ‘ഓ ഫെനിമെനോ’ തീർച്ചയായും അദ്ദേഹത്തിന്റെ ഉന്നതിയിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഫിഫ വേൾഡ് പ്ലെയർ ഓഫ് ദി ഇയർ അവാർഡ് നേടിയ അദ്ദേഹം ബാഴ്സലോണയിലും ഇന്റർ മിലാനിലും തന്റെ മുൻ സീസണുകളിലായി 81 ഗോളുകൾ നേടിയിരുന്നു. പിന്നെ 21 വയസ്സേ ഉണ്ടായിരുന്നുള്ളൂ.1998-ലെ ഫൈനലിൽ ബ്രസീൽ ഫ്രാൻസിനോട് കീഴടങ്ങി. പ്രതീക്ഷിച്ചതുപോലെ ഫ്രാൻസിൽ നടന്ന ടൂർണമെന്റിലുടനീളം റൊണാൾഡോ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.ചിലിക്കെതിരായ പ്രീ-ക്വാർട്ടറിൽ രണ്ടുതവണയും ഹോളണ്ടിനെതിരായ സെമിഫൈനലിൽ ഉജ്ജ്വലമായ ഫിനിഷും ഉൾപ്പെടെ അഞ്ച് തവണ സ്കോർ ചെയ്തു. സെമിയിൽ ഒരഞ്ഞെ പടക്കെതിരെ റിവാൾഡോയുടെ ക്രോസിൽ നിന്നും ഫിലിപ്പ് കൊക്കുവിനെ പിടിച്ചുനിർത്തി, ‘കീപ്പർ എഡ്വിൻ വാൻ ഡെർ സാറിന്റെ കാലുകളിലൂടെ പന്ത് ഗോളാക്കി മാറ്റിയത് മനോഹരമായ കാഴ്ചയായിരുന്നു.
എന്നാൽ ഫൈനലിന്റെ തലേദിവസം രാത്രി റൊണാൾഡോയ്ക്ക് ഒരു അപസ്മാരം സംഭവിക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. തുടക്കത്തിൽ സ്റ്റാർട്ടിംഗ് ലൈനപ്പിൽ നിന്ന് താരം പുറത്തായെങ്കിലും തനിക്ക് കളിക്കാമെന്ന് പരിശീലകൻ മരിയോ സഗല്ലോയെ ബോധ്യപ്പെടുത്തി. ഒടുവിൽആതിഥേയരായ ഫ്രാൻസിനോട് 3-0 തോൽവി ഏറ്റുവാങ്ങിയപ്പോൾ അദ്ദേഹവും ബ്രസീൽ ടീമിലെ മറ്റുള്ളവരും പ്രകടനത്തിൽ വളരെ താഴെയായിരുന്നു.ലോകകപ്പിന് ശേഷം റൊണാൾഡോയ്ക്ക് കാൽമുട്ടിന് തുടർച്ചയായ പരിക്കുകളും സൈഡ്ലൈനിൽ നീണ്ട സ്പെല്ലുകളും ഉണ്ടായിരുന്നു
2002 ടൂർണമെന്റ് ആരംഭിച്ചപ്പോൾ റൊണാൾഡോയിൽ അതികം പ്രതീക്ഷ ആരും വെച്ചിരുന്നില്ല.എന്നാൽ വേഗത കുറഞ്ഞെങ്കിലും റൊണാൾഡോ ജപ്പാനിലും ദക്ഷിണ കൊറിയയിലും തന്റെ വിശ്വരൂപം പുറത്തെടുത്തു.റിവാൾഡോയും റൊണാൾഡീഞ്ഞോയും അടങ്ങുന്ന ബ്രസീൽ മുന്നേറ്റ നിര ഗോളുകൾ അടിച്ചു മുന്നേറികൊണ്ടിരുന്നു.ബ്രസീൽ അതിന്റെ അഞ്ചാം ലോകകപ്പ് കിരീടത്തിലേക്ക് ഏറെക്കുറെ വെല്ലുവിളികളില്ലാതെ മുന്നേറിയപ്പോൾ ഫൈനലിൽ ജര്മനിക്കെതിരെ നേടിയ രണ്ടു ഗോളുകൾ ഉൾപ്പെടെ എട്ടു ഗോളുകളാണ് റൊണാൾഡോ നേടിയത്.
1998 ഫൈനലിലെ തനിക്കെതിരെ ഉയർന്ന വിമര്ശനങ്ങൾക്കുള്ള മറുപടിയായിരുന്നു റൊണാൾഡോയുടെ ഗോളുകൾ. മൂന്നു വേൾഡ് കപ്പുകളിൽ കളിച്ച റൊണാൾഡോ ൧൯ മത്സരങ്ങളിൽ നിന്നും 15 ഗോളുകൾ നേടിയിട്ടുണ്ട്.രണ്ട് ലോകകപ്പ്, രണ്ട് ബാലൻ ഡി ഓർ അവാർഡ് തുടങ്ങി നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ റൊണാൾഡോ നസാരിയോ, തന്റെ ക്ലബ്ബ് കരിയറിൽ 452 മത്സരങ്ങളിൽ നിന്ന് 295 ഗോളുകളും നേടിയിട്ടുണ്ട്. 98 മത്സരങ്ങളിൽ നിന്ന് 62 ഗോളുകളുമായാണ് ബ്രസീലിയൻ കരിയർ അവസാനിപ്പിച്ചത്.