ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിൽ ആരാധകർ വളരെയധികം ഉറ്റുനോക്കിയ കരുത്തരായ ബ്രസീലിന്റെയും സ്പെയിനിന്റെയും മത്സരത്തിൽ ത്രില്ലർ സമനിലയാണ് ആരാധകർക്ക് ലഭിച്ചത്. സ്പെയിനിലെ മാഡ്രിഡിലെ റയൽ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെർണബുവിൽ വെച്ച് നടന്ന മത്സരത്തിലാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.
വളരെയധികം ആവേശത്തോടെ തുടങ്ങിയ മത്സരത്തിന്റെ 12 മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി നായകൻ റോഡ്രി സ്പെയിനിന് ഹോം സ്റ്റേഡിയത്തിൽ ലീഡ് നൽകി. എന്നാൽ ഈ പെനാൽറ്റിയിലേക്ക് കാരണമായ ഫൗൾ പെനാൽറ്റി അർഹമല്ലെന്നും സ്പാനിഷ് താരമായ ലാമിനെ യമാൽ വ്യക്തമായി ഡൈവ് ചെയുന്നത് റിപ്ലേകളിൽ കാണാമെന്നുമാണ് വിമർശനങ്ങൾ. എന്തായാലും മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച ലീഡ് സ്പെയിനിന് ആത്മവിശ്വാസം നൽകി.
മത്സരത്തിന്റെ 36 മിനിറ്റിൽ ബ്രസീലിന്റെ ബോക്സിനുള്ളിൽ നിന്നുമെടുത്ത ഷോട്ട് ഗോളാക്കി മാറ്റി ഡാനി ഒൽമോ സ്പെയിനിന്റെ ലീഡ് രണ്ടായി ഉയർത്തി. എന്നാൽ 40 മിനിറ്റിൽ ബ്രസീലിന്റെ യുവതാരമായ റോഡ്രിഗോ ഗോൾ സ്കോർ ചെയ്തതോടെ ആദ്യപകുതി 2-1 ന് അവസാനിച്ചു. രണ്ടാം പകുതി തുടങ്ങി 50 മിനിറ്റിൽ ബ്രസീലിന്റെ കൗമാരതാരമായ എൻഡ്രിറിക് തകർപ്പൻ ഗോളുമായി തുടർച്ചയായി രണ്ടാമത്തെ മത്സരത്തിലും ബ്രസീലിനായി സ്കോർ ചെയ്തപ്പോൾ മത്സരത്തിൽ ബ്രസീൽ സമനില സ്വന്തമാക്കി.
Dive thoughpic.twitter.com/kd8yy9McqF
— Football Report (@FootballReprt) March 26, 2024
എന്നാൽ 87 മിനിറ്റിൽ മത്സരത്തിലെ രണ്ടാമത്തെ പെനാൽറ്റിയും സ്കോർ ചെയ്ത് നായകൻ റോഡ്രി വീണ്ടും സ്പെയിനിന് അവസാന നിമിഷങ്ങളിൽ ലീഡ് നൽകി വിജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ ബ്രസീലിന് പെനാൽറ്റി ലഭിച്ചതോടെ മത്സരം അവസാനിക്കുന്നതിന് തൊട്ടുമുൻപായി 96മിനിറ്റിൽ പക്വറ്റയിലൂടെ ബ്രസീൽ സമനില നേടി 3-3 ന് അവസാനിപ്പിച്ചു.