ഫിഫ വനിതാ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി ബ്രസീൽ.അഡ്ലെയ്ഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് പനാമയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. 23 കാരിയായ ആരി ബോർജസിസിന്റെ ഹാട്രിക്കിന്റെ പിൻബലത്തിലാണ് ബ്രസീൽ വിജയം നേടിയത്.
ആദ്യ വേൾഡ് കപ്പ് കളിക്കുന്ന ആരി ബോർഗെസ് 19 ആം മിനുട്ടിൽ തന്നെ ബ്രസീലിനെ മുന്നിലെത്തിച്ചു.ഹാഫ് ടൈമിന് ആറ് മിനിറ്റ് മുമ്പ് ബ്രസീലിന്റെ രണ്ടാമത്തെ ഗോളും ബോർഗെസ് നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽ സനെറാട്ടോയുടെ ഗോളിൽ ബ്രസീൽ സ്കോർ 3 -0 ആക്കി ഉയർത്തി.70-ാം മിനിറ്റിൽ ബോർഗെസ് ബ്രസീലിന്റെ നാലാമത്തെ ഗോൾ നേടി തന്റെ ഹാട്രിക്ക് തികച്ചു. ഗ്രൂപ് എഫിൽ ഫ്രാൻസ് ജമൈക്ക എന്നിവർക്കെതിരെയാണ് ബ്രസീലിന് കളിക്കേണ്ടത്.
മറ്റൊരു മത്സരത്തിൽ ജർമ്മനി എതിരില്ലാത്ത ആറു ഗോളുകൾക്ക് മൊറോക്കയെ കീഴടക്കി.ലോക റാങ്കിങ്ങിൽ 72-ാം സ്ഥാനത്തുള്ള മൊറോക്കോ ലോകകപ്പ് ഫൈനലിൽ മത്സരിക്കുന്ന ആദ്യ അറബ് ടീമാണ്.13 -ാം മിനിറ്റിൽ പോപ്പിന്റെ ഗോളിലൂടെ ജർമ്മനി മുന്നിലെത്തി.32 കാരിയായ താരം ഇടവേളയ്ക്ക് മുമ്പ് ഒരിക്കൽ കൂടി ലക്ഷ്യത്തിലെത്തി. 19 ആം മിനുട്ടിൽ ആയിരുന്നു പോപ്പിന്റെ രണ്ടാം ഗോൾ പിറന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്ലാര സ്കോർ 3 ആക്കി. പിന്നീട 54 ,79 , 90 മിനുട്ടുകളിലെ ഗോളിൽ ജർമ്മനി ആധികാരിക ജയം നേടി. ഗ്രൂപ് എച്ചിൽ കൊറിയ കൊളംബിയ എന്നിവർക്കെതിരെയാണ് ഇനി ജർമനിക്ക് കളിക്കേണ്ടത്.