ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിൽ ഇടം നേടാനുള്ള ശ്രമത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് തിരിച്ചടി. സൗത്ത് അമേരിക്കൻ യോഗ്യതാ ടൂർണമെൻ്റിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്രസീൽ അണ്ടർ 23 ടീം ഒരു ഗോളിന് പരാഗ്വേയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി.
ബ്രസീൽ, പരാഗ്വേ, അർജൻ്റീന, വെനസ്വേല എന്നീ രാജ്യങ്ങൾ 2024 ഗെയിംസിനുള്ള റൗണ്ട് റോബിൻ ഫൈനൽ യോഗ്യതാ ഘട്ടത്തിൽ മത്സരിക്കുന്നത്. രണ്ടു ടീമുകൾക്ക് മാത്രമാണ് സൗത്ത് അമേരിക്കയിൽ നിന്നും ഒളിംപിക്സിന് യോഗ്യത നേടാൻ സാധിക്കുന്നത്.2004-ലെ ഒളിമ്പിക്സിൽ അവസാനമായി മത്സരിച്ച പരാഗ്വേയ്ക്ക് ബ്രസീലിനെതിരെ അപ്രതീക്ഷിത വിജയം സമ്മാനിക്കാൻ ആദ്യ പകുതിയുടെ അവസാന സെക്കൻ്റുകളിൽ ഫാബ്രിസിയോ പെരാൾട്ടയുടെ ഹെഡർ മതിയായിരുന്നു.
ഈ വർഷാവസാനം റയൽ മാഡ്രിഡിൽ ചേരുന്ന ബ്രസീലിൻ്റെ കൗമാരപ്രായക്കാരനായ എൻഡ്രിക്ക് 29 ആം മിനുട്ടിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയത് ബ്രസീലിന് കനത്ത തിരിച്ചടിയായി മാറി.2020 ടോക്കിയോ ഗെയിംസ് സ്വർണമെഡൽ ജേതാക്കളായിരുന്നു ബ്രസീൽ. ബ്രസീൽ അടുത്ത മത്സരത്തിൽ വെനസ്വേലയെ നേരിടും.ഈ മാസം ആദ്യം നടന്ന പ്രാഥമിക ഘട്ടത്തിൽ വെനസ്വേലയെ 3-1 നു പരാജയപ്പെടുത്തിയിരുന്നു.
മറ്റൊരു യോഗ്യത മത്സരത്തിൽ പകരക്കാരനായ കെവിൻ കെൽസിയുടെ അവസാന പെനാൽറ്റി അർജൻ്റീനയ്‌ക്കെതിരെ വെനസ്വേലയ്‌ക്ക് 2-2 സമനില നേടിക്കൊടുത്തു. തിയാഗോ അൽമാഡയുടെ ഒരു ഗോളിൽ ഹാവിയർ മഷെറാനോയുടെ ടീം 2-1 ന് മുന്നിലായിരുന്നു.96-ാം മിനിറ്റിൽ VAR വെനസ്വേലയ്ക്ക് പെനാൽറ്റി വിധിച്ചു. വെനസ്വേല ഗോളടിച്ച് സമനില പിടിക്കുകയും ചെയ്തു.അർജൻ്റീനയുടെ ലിയാൻഡ്രോ ബ്രെയുടെ സെൽഫ് ഗോളിൽ വെനസ്വേല 1-0ന് മുന്നിലെത്തി, കാർലോസ് വിവാസിൻ്റെ സെൽഫ് ഗോളിൽ അർജൻ്റീന സമനില പിടിച്ചു.
വാലൻ്റൈൻ ബാർകോയും ഗോൺസാലോ ലുജാനും ചുവപ്പ് കാർഡ് കണ്ട് പുറത്തായതിന് ശേഷം ഹാവിയർ മഷറാനോയുടെ ടീം ഒമ്പത് പേരുമായി കളി പൂർത്തിയാക്കി. ബ്രസീലിനെതിരെ പരാഗ്വെ ജയിച്ചതോടെ അവസാന നാലിൽ രണ്ടാം സ്ഥാനത്താണ് അർജൻ്റീന.അർജൻ്റീനയ്‌ക്കെതിരെയാണ് പരാഗ്വെയുടെ അടുത്ത മത്സരം.കാരക്കാസിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങൾ ഫെബ്രുവരി 11ന് അവസാനിക്കും.