ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീൽ കനത്ത തോൽവി വഴങ്ങിയതിനു പിന്നാലെ പരിശീലകനായ ടിറ്റെ രാജി വെച്ചിരുന്നു. മികച്ച കഴിവുള്ള നിരവധി താരങ്ങൾ ടീമിൽ ഉണ്ടായിരുന്നിട്ടും ക്രൊയേഷ്യയോടാണ് ബ്രസീൽ തോൽവി വഴങ്ങിയത്. ഇതോടെയാണ് 2016 മുതൽ പരിശീലകനായിരുന്ന ടിറ്റെ ടീമിൽ നിന്നും പുറത്തു പോകാനുള്ള തീരുമാനം എടുത്തത്. ആറു വർഷത്തിനിടയിൽ ബ്രസീലിനു ഒരു കോപ്പ അമേരിക്ക കിരീടം മാത്രമാണ് അദ്ദേഹം നേടിക്കൊടുത്തിട്ടുള്ളത്.
ഇപ്പോൾ ടിറ്റെക്ക് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചിട്ടുണ്ട്. അതിനായി മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോളയെ അവർ ബന്ധപ്പെട്ടുവെന്നാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ട് വെളിപ്പെടുത്തുന്നത്. ബിഎഫ്എഫ് പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് അദ്ദേഹത്തിന്റെ പദ്ധതികൾ അറിയാൻ വേണ്ടി കാത്തിരിക്കുകയാണെന്നും അതിനു ശേഷമേ അവർ മറ്റൊരു പരിശീലകന് വേണ്ടി ശ്രമം നടത്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
അടുത്തിടെയാണ് പെപ് ഗ്വാർഡിയോള മാഞ്ചസ്റ്റർ സിറ്റിയുമായി കരാർ പുതുക്കിയത്. 2025 വരെയാണ് താരത്തിന്റെ പുതിയ കരാർ. അതിനാൽ തന്നെ ബ്രസീലിന്റെ ഓഫർ അദ്ദേഹം പരിഗണിക്കാനുള്ള സാധ്യത കുറവാണ്. മാഞ്ചസ്റ്റർ സിറ്റി മികച്ച ഫോമിൽ കളിക്കുന്നതിനാൽ ക്ലബ് നേതൃത്വവും പെപ്പിനെ വിട്ടുകൊടുക്കാൻ തയ്യാറാവില്ല. ബ്രസീലിന്റെ ഓഫർ പെപ് സ്വീകരിച്ചാൽ ബ്രസീൽ സ്വദേശിയല്ലാതെ ബ്രസീലിന്റെ പരിശീലകനാവുന്ന ആദ്യത്തെ ആളാകും പെപ് ഗ്വാർഡിയോള.
ബ്രസീലിനെ യൂറോപ്പിൽ നിന്നുള്ള മികച്ച മാനേജർമാർ പരിശീലിപ്പിക്കണം എന്ന ആവശ്യം പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. ടീമിന്റെ ഇതിഹാസം റൊണാൾഡോ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പെപ് ഗ്വാർഡിയോള, കാർലോ ആൻസലോട്ടി എന്നീ പേരുകളാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഗ്വാർഡിയോളയെ നേരത്തെ തന്നെ ബ്രസീൽ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രതിഫലസംബന്ധമായ ആവശ്യം അവർക്ക് സ്വീകാര്യമായിരുന്നില്ല.
🇧🇷 Brazil want Pep Guardiola to replace Tite as their new manager
— Mirror Football (@MirrorFootball) December 12, 2022
🤔 Even though he recently signed a new deal with Man City, the Selecao have a plan
⬇️ Full story https://t.co/M5twSo3jiP
ഗ്വാർഡിയോള ബ്രസീലിന്റെ ഓഫർ തഴഞ്ഞാൽ മറ്റു യൂറോപ്യൻ പരിശീലകർക്കായി ബ്രസീൽ ശ്രമം നടത്താൻ സാധ്യത കുറവാണ്. ഫ്ലുമിനൻസിന്റെ ഫെർണാണ്ടോ ഡിനിസ്, പാൽമീറാസിന്റെ ആബേൽ ഫെരേര, സ്പോർട്ടിന്റെ റോജറിയോ സെനി എന്നിവരാണ് ബ്രസീലിന്റെ പരിഗണനയിലുള്ള മറ്റു പരിശീലകർ.