വിമർശനങ്ങളുടെ മുനയൊടിപ്പിച്ച് ബാഴ്‌സലോണക്കായി മിന്നിത്തിളങ്ങുന്ന ബ്രസീലിയൻ താരം റാഫിന്യ

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിടാൻ സാധ്യതയുള്ള താരങ്ങളിൽ മുന്നിലായിരുന്നു റാഫിന്യയുടെ സ്ഥാനം. ആഴ്‌സണൽ അടക്കമുള്ള ക്ലബുകൾ താരത്തിനായി ശ്രമം നടത്തുകയും ചെയ്‌തു. ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ലീഡ്‌സിൽ നിന്നും ബാഴ്‌സലോണ സ്വന്തമാക്കിയ താരത്തെ അതെ തുക ലഭിച്ചാൽ വിൽക്കുമെന്ന നിലപാടാണ് ബാഴ്‌സയുടേതെന്നായിരുന്നു അഭ്യൂഹങ്ങൾ.

സമ്മറിൽ ടീമിലെത്തിയതിനു ശേഷം പ്രതീക്ഷിച്ച നിലവാരത്തിലുള്ള പ്രകടനം താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നതാണ് റാഫിന്യയെ വിൽക്കുമെന്ന അഭ്യൂഹങ്ങൾ ഉയരാൻ കാരണം. എന്നാൽ ബ്രസീലിയൻ താരത്തെ ഒഴിവാക്കിയിരുന്നെങ്കിൽ അതൊരു വലിയ അബദ്ധമായി മാറിയേനെ എന്നു വ്യക്തമാക്കുന്ന പ്രകടനമാണ് ഇപ്പോൾ താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്.

2023 ആരംഭിച്ചതിനു ശേഷം ബാഴ്‌സലോണക്കായി തകർപ്പൻ പ്രകടനമാണ് ബാഴ്‌സലോണക്കായി റാഫിന്യ നടത്തുന്നത്. പുതിയ വർഷത്തിൽ എട്ടു ലീഗ് ഗോളുകളിൽ ബാഴ്‌സലോണക്കായി പങ്കാളിയായ റാഫിന്യ നാല് ഗോളുകൾ നേടുകയും നാല് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. ലാ ലീഗയിൽ മറ്റൊരു താരവും ഈ വർഷം ഇത്രയും ഗോളുകളിൽ പങ്കാളിയായിട്ടില്ല.

ഇന്നലെ സെവിയ്യക്കെതിരെ നടന്ന മത്സരത്തിൽ ഗാവി നേടിയ രണ്ടാമത്തെ ഗോളിന് മനോഹരമായ അസിസ്റ്റ് നൽകിയ റാഫിന്യ ടീമിന്റെ അവസാനത്തെ ഗോളും സ്വന്തമാക്കി. ജോർഡി ആൽബയും ഗോൾ കണ്ടെത്തിയ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ബാഴ്‌സലോണ വിജയിച്ചത്. ഇതോടെ റയൽ മാഡ്രിഡിനെക്കാൾ എട്ടു പോയിന്റ് മുന്നിലാണ് ലീഗിൽ ബാഴ്‌സലോണയുള്ളത്.

സമ്മർ ജാലകത്തിൽ റാഫിന്യക്കായി ചെൽസി സജീവമായ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പ്രീമിയർ ലീഗിൽ തന്നെ തുടരുന്നതിനു പകരം തന്റെ പ്രിയപ്പെട്ട ക്ലബായ ബാഴ്‌സലോണയിൽ കളിക്കുകയെന്നായിരുന്നു താരത്തിന്റെ ആഗ്രഹം. ഇപ്പോൾ ക്ലബിനായി ഏറ്റവും മികച്ച പ്രകടനം നടത്തി കിരീടങ്ങളിലേക്ക് നയിക്കാനുള്ള ആത്മവിശ്വാസവും താരം നൽകുന്നുണ്ട്.

Rate this post