ഗോളുകൾ തുടർക്കഥയാക്കി ലൗടാരോ മാർട്ടിനസ്, മിലാൻ ഡെർബിയിൽ ഇന്റർ മിലാൻ

ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ഏതെങ്കിലുമൊരു താരം വിമർശനങ്ങൾ സ്ഥിരമായി ഏറ്റു വാങ്ങിയിട്ടുണ്ടെങ്കിൽ അത് ലൗടാരോ മാർട്ടിനസായിരിക്കും. ആദ്യത്തെ രണ്ടു മത്സരങ്ങളിലും ആദ്യ ഇലവനിൽ ഇറങ്ങിയ താരം മികച്ച പ്രകടനം നടത്താത്തതിനെ തുടർന്ന് പിന്നീട് പകരക്കാരനായി മാറി. ചില മത്സരങ്ങളിൽ നിർണായകമായ അവസരങ്ങൾ നഷ്‌ടമാക്കിയതിനെ തുടർന്ന് ആരാധകർ താരത്തിനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്.

എന്നാൽ ലോകകപ്പിന് മുൻപ് പരിക്കിന്റെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതു കൊണ്ടു മാത്രമാണ് തന്റെ ഫോം മങ്ങിയതെന്നാണ് ലൗറ്റാറോ മാർട്ടിനസ് പിന്നീട് തെളിയിക്കുന്നത്.ലോകകപ്പിന് ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തിയ താരം തകർപ്പൻ പ്രകടനം ക്ലബിനായി നടത്തുന്നുണ്ട്. ലോകകപ്പിന് ശേഷം ഒൻപത് മത്സരങ്ങൾ ഇന്റർ മിലാനു വേണ്ടി കളിച്ച താരം ഏഴു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി.

ഇന്നലെ നടന്ന മിലാൻ ഡെർബിയിൽ ഇന്റർ മിലാൻ വിജയത്തിലെത്തിച്ച നിർണായക ഗോൾ നേടിയതും ലൗടാരോ മാർട്ടിനസായിരുന്നു. ആദ്യപകുതിയുടെ മുപ്പത്തിനാലാം മിനുട്ടിൽ തുർക്കിഷ് താരമായ ഹകൻ കാലനോഗ്ലു എടുത്ത കോർണറിൽ നിന്നും ഹെഡറിലൂടെയാണ് താരം വല കുലുക്കിയത്. മത്സരത്തിൽ വിജയം നേടിയതോടെ ഇന്റർ മിലാൻ രണ്ടാം സ്ഥാനത്താണ്, തോൽവിയോടെ കഴിഞ്ഞ സീരി എ ജേതാക്കളായ എസി മിലാൻ ആറാം സ്ഥാനത്തേക്ക് വീണു.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലൗറ്റാറോ മാർട്ടിനസ് മറ്റൊരു ഗോൾ കൂടി നേടിയിരുന്നു. എന്നാൽ താരത്തിന്റെ മികച്ച ഫിനിഷിങ് ഓഫ്‌സൈഡായിപ്പോയി. മത്സരത്തിലുടനീളം മിലാൻ പ്രതിരോധതാരങ്ങൾക്ക് വലിയ തലവേദനയാണ് മാർട്ടിനസ് സമ്മാനിച്ചത്. മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്നലത്തെ ഗോൾ ഈ സീസണിൽ ലൗറ്റാറോ മാർട്ടിനസ് സീരി എയിൽ നേടുന്ന പന്ത്രണ്ടാമത്തെ ഗോളായിരുന്നു. എങ്കിൽ തന്നെയും സീരി എ ടോപ് സ്കോറർമാരിൽ നാപ്പോളി താരം വിക്റ്റർ ഒസിംഹന് നാല് ഗോൾ പിന്നിലാണ് ലൗറ്റാറോ മാർട്ടിനസ്. നാപ്പോളി ബഹുദൂരം മുന്നിൽ നിൽക്കുന്ന സീരി എയിൽ കിരീടപ്രതീക്ഷ കുറവാണെങ്കിലും മാർട്ടിനസിന്റെ പ്രകടനം ചാമ്പ്യൻസ് ലീഗിൽ ഇന്ററിനു പ്രതീക്ഷയാണ്.

Rate this post