തന്നെ പുറത്താക്കിയ ക്ലബിൽ നിന്നും ബ്രസീലിയൻ താരത്തെ റാഞ്ചി ആഞ്ചലോട്ടി

നാപോളിയുടെ ബ്രസീലിയൻ മിഡ്ഫീൽഡർ അലനെ എവെർട്ടൺ സ്വന്തമാക്കുന്നു. നാപോളിയുമായും താരവുമായും എവെർട്ടൺ കരാറിൽ എത്തിയതായും ഉടനെ തന്നെ ഔദ്യോഗികസ്ഥിരീകരണം ഉണ്ടാവുമെന്നുമാണ് റിപ്പോർട്ടുകൾ. കരാറിൽ എത്തിയ കാര്യം പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനൊയാണ് ഫുട്ബോൾ ലോകത്തെ അറിയിച്ചത്. 25 മില്യൺ യുറോയാണ് കരാറിന്റെ തുക എന്നാണ് റിപ്പോർട്ടുകൾ.

ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയോ ആയി താരം മെഡിക്കൽ പൂർത്തിയാകുമെന്നാണ് വാർത്തകൾ. കഴിഞ്ഞ ഡിസംബറിൽ നാപോളിയിൽ നിന്ന് പുറത്താക്കപ്പെട്ട പരിശീലകനാണ് കാർലോ ആഞ്ചലോട്ടി. തുടർന്ന് അദ്ദേഹം എവെർട്ടണിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. അന്ന് തന്റെ കീഴിൽ ഉണ്ടായിരുന്ന അലനെയാണ് ആഞ്ചലോട്ടി പ്രീമിയർ ലീഗിലേക്ക് എത്തിച്ചത്. ഇരുപത്തിയൊമ്പതുകാരനായ താരം ഇനി നാപോളിക്കൊപ്പം ഉണ്ടാവില്ല.

ബൊറൂസിയ ഡോർമുണ്ട്, അത്ലറ്റികോ മാഡ്രിഡ്‌ എന്നീ വമ്പൻമാരെ ട്രാൻസ്ഫർ വിൻഡോയിൽ പിന്തള്ളി കൊണ്ടാണ് അലനെ എവെർട്ടൺ സ്വന്തമാക്കുന്നത്. മുമ്പ് പിഎസ്ജിയും ഈ ബ്രസീലിയൻ താരത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ അന്ന് താരത്തിന് ക്ലബ് വിടാൻ താല്പര്യമുണ്ടായിട്ടും അനുവദിക്കാതിരുന്നത് നാപോളിയായിരുന്നു. അൻപത് മില്യണിന്റെ ഓഫർ ആയിരുന്നു അവർ നിരസിച്ചത്. എന്നാലിപ്പോൾ ആ കാര്യത്തിൽ നാപോളി ഖേദിക്കുന്നുണ്ടാവും.

2015-ൽ ഉദിനസിൽ നിന്നും 11.5 മില്യൺ യുറോക്കാണ് താരം നാപോളിയിൽ എത്തിയത്. അതേ സമയം തന്റെ മുൻ ശിഷ്യൻ ആയിരുന്ന ജെയിംസ് റോഡ്രിഗസിനെ സ്വന്തമാക്കാനും എവെർട്ടൺ ശ്രമിക്കുന്നുണ്ട്. ഇരുവരെയും സൈൻ ചെയ്യുന്ന കാര്യം ഉടനടി എവെർട്ടൺ ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുന്നും എന്നാണ് കരുതപ്പെടുന്നത്.

Rate this post
AllanNapoliSerie Atransfer News