മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ ബ്രൂണോ ഫെർണാണ്ടസിനെ സ്വന്തമാക്കാൻ റയൽ മാഡ്രിഡിനും ബാഴ്സലോണക്കും താൽപര്യമുണ്ടെന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിലെത്തിയ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷയറിനു കീഴിൽ തൃപ്തനല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനു പിന്നാലെയാണ് റയലും ബാഴ്സയും പോർച്ചുഗീസ് താരത്തിനു പിന്നാലെയുണ്ടെന്ന് ദി സൺ റിപ്പോർട്ടു ചെയ്തത്.
ഏറെ പ്രതീക്ഷകളോടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ താരത്തിന്റെ തുടക്കം ഗംഭീരമായിരുന്നു. ടീമിനെ കഴിഞ്ഞ സീസണിൽ ആദ്യ നാലിൽ എത്തിക്കുന്നതിൽ ഫെർണാണ്ടസ് നിർണായക സാന്നിധ്യമാണു വഹിച്ചത്. എന്നാൽ ഈ സീസണിന്റെ തുടക്കം മുതൽ പതറുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതു വരെയും മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞിട്ടില്ല.
ടോട്ടനം ഹോസ്പറിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനു ശേഷമാണ് ഫെർണാണ്ടസും സോൾഷയറും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. ഇതിനു ശേഷം നോർവീജിയൻ പരിശീലകന്റെ തന്ത്രങ്ങളെ താരം വിമർശിച്ചുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തന്നെ ഹാഫ് ടൈമിനു ശേഷം പിൻവലിച്ചതാണ് സോൾഷയറിനെതിരെ ബ്രൂണോ ഫെർണാണ്ടസ് തിരിയാനുള്ള പ്രധാന കാരണമായി കരുതുന്നത്.
ജനുവരിയിൽ ടീമിലെത്തിയതിനു ശേഷം പതിനാലു ഗോളുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനായി നേടിയ ഫെർണാണ്ടസിന്റെ നേതൃഗുണം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളതാണ്. ഇതു തന്നെയാണ് താരത്തെ സ്വന്തമാക്കാൻ ബാഴ്സയും റയൽ മാഡ്രിഡും രംഗത്തിറങ്ങാൻ കാരണവും.