തോൽ‌വിയിൽ പൊട്ടിത്തെറിച്ച് ബ്രൂണോ ഫെർണാണ്ടസ്, തിരിച്ചു വരുമെന്ന് പോർച്ചുഗൽ താരം

ഈ സീസണിൽ മികച്ച ഫോം കണ്ടെത്തിയതിന്റെ ആഘോഷത്തിലായിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധാകരെ നിലത്തിറക്കിയ മത്സരമായിരുന്നു ഇന്നലെ നടന്നത്. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ആൻഫീൽഡിൽ ലിവർപൂൾ വിജയം നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്നുവെന്ന വാദങ്ങൾ പൂർണമായും ദുർബലപ്പെട്ടിട്ടുണ്ട്.

ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി മോശം പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായിരുന്നു ബ്രൂണോ ഫെർണാണ്ടസ്. ലിവർപൂൾ ആദ്യഗോൾ നേടിയപ്പോൾ തന്നെ നിരാശനായ താരം പിന്നീടതിൽ നിന്നും മോചനം നേടിയിട്ടില്ല. മത്സരത്തിൽ തന്റെ ടീമിനോട് തിരിച്ചുവരവിനായി ശ്രമം നടത്തുന്നതിന് പകരം കൂടുതൽ നേരം പരാതിപ്പെട്ടു നിന്നിരുന്ന താരം തന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്‌തു.

“ഇത് നിരാശയുണ്ടാക്കുന്നതാണ്, വളരെ മോശം ഫലവുമാണ്. ഞങ്ങൾ ഇവിടെയെത്തിയത് മറ്റൊരു മാനസികനിലയിലായിരുന്നു. ആദ്യപകുതി വളരെ മികച്ചതായിരുന്നു. ഞങ്ങൾ മത്സരത്തെ നിയന്ത്രിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ഞങ്ങൾക്ക് ആ നിലവാരം കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞില്ല.” മത്സരത്തിന് ശേഷം ബ്രൂണോ പറഞ്ഞു.

“ഞങ്ങൾ അവർക്ക് ഒരുപാട് സ്‌പേസ് നൽകി. അവർ വലിയ ഭീഷണിയാണെന്ന് അറിഞ്ഞിട്ടും അങ്ങിനെ ചെയ്‌തു. അത് ഞങ്ങളുടെ രീതിക്കും നിലവാരത്തിനും ചേർന്ന കാര്യമല്ല. എന്നാൽ ഞങ്ങൾക്ക് ഇനിയും മികച്ചതാവാൻ കഴിയുമെന്നറിയാം. അടുത്ത മത്സരത്തിലേക്ക് പോവുകയെന്നതാണ് ഇനി ചെയ്യാനുള്ളത്.” താരം വ്യക്തമാക്കി.

പ്രീമിയർ ലീഗ് കിരീടം നേടാനുള്ള സാധ്യത മങ്ങിയെങ്കിലും യൂറോപ്പ ലീഗിലും എഫ്എ കപ്പിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് പൊരുതാനും കിരീടം നേടാനുമുള്ള കരുത്തുണ്ടെന്നു തന്നെയാണ് ബ്രൂണോ ഫെർണാണ്ടസ് കരുതുന്നത്. യൂറോപ്പ ലീഗിൽ റയൽ ബെറ്റിസിനെതിരെ വരുന്ന മത്സരത്തിലാണ് ഇനി ശ്രദ്ധിക്കാനുള്ളതെന്നും ഓരോ മത്സരത്തെയും സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും താരം പറഞ്ഞു.

Rate this post