ബുസ്ക്കെറ്റ്‌സിനെയും ആൽബയെയും ഒഴിവാക്കും, പകരമെത്തുക ഈ രണ്ട് താരങ്ങൾ, കൂമാന്റെ പദ്ധതികൾ ഇതാണ്.

2007/08 സീസണിന് ശേഷം ഇതാദ്യമായാണ് എഫ്സി ബാഴ്സലോണ ഒരൊറ്റ കിരീടം പോലും നേടാനാവാതെ സീസൺ അവസാനിപ്പിക്കുന്നത്. ഒരു കിരീടം പോലും നേടിയില്ല എന്നതിനുപരി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ 8-2 ന്റെ നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയും ചെയ്തതോടെ ബാഴ്സയിൽ ഗുരുതരപ്രതിസന്ധി ഉണ്ടായി. പരിശീലകൻ സെറ്റിയനെ പുറത്താക്കിയതിനു പിന്നാലെ എറിക് അബിദാലിനെയും പുറത്താക്കി. തുടർന്ന് മുൻ ബാഴ്സ താരം റൊണാൾഡ്‌ കൂമാനെ പരിശീലകൻ ആയി ബാഴ്സ നിയോഗിക്കുകയും ചെയ്തു.

ബാഴ്സയിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ് എന്നാണ് ഇന്നലത്തെ പത്രസമ്മേളനത്തിൽ കൂമാൻ സൂചിപ്പിച്ചത്. ആരുടെയും പേരെടുത്തു പറയുന്നില്ല എന്നറിയിച്ച കൂമാൻ ബാഴ്സ ഒരുപാട് പുരോഗതി കൈവരുത്താനുണ്ടെന്നും പഴയ നല്ല നാളുകൾ തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൂപ്പർ താരം ലയണൽ മെസ്സിയാണ് പ്രധാനപ്പെട്ട താരമെന്ന് മുമ്പേ സൂചിപ്പിച്ചിരുന്നു. ഏതായാലും പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ പ്രകാരം സൂപ്പർ താരങ്ങളായ സെർജിയോ ബുസ്ക്കെറ്റ്‌സും ജോർഡി ആൽബയും കൂമാന്റെ പദ്ധതികളിൽ ഇല്ല. ഇരുവരെയും വിൽക്കാനാണ് കൂമാന് താല്പര്യം. സ്പോർട്സ്മെയിൽ ആണ് ഈ വാർത്തയുടെ ഉറവിടം.

പകരം രണ്ട് താരങ്ങളെയാണ് കൂമാൻ ലക്ഷ്യമിടുന്നത്. ഒന്ന് അയാക്സിന്റെ ഡച്ച് മധ്യനിര താരം ഡോണി വാൻ ഡി ബീക്ക് ആണ്. 2015 മുതൽ അയാക്സിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ബീക്ക്. മാത്രമല്ല ഹോളണ്ട് ദേശീയടീമിൽ കൂമാൻ ഈ താരത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. ഈ താരത്തെ ടീമിൽ എത്തിക്കാനാണ് ഇദ്ദേഹം പ്രഥമപരിഗണന നൽകുന്നത്. ബീക്കും ഡിജോങ്ങും ചേർന്നാൽ മികച്ച റിസൾട്ട്‌ ലഭിക്കും എന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.മറ്റൊരു താരം നീസ് ഡിഫൻഡർ ആയ മലങ് സർ ആണ്. ഫ്രഞ്ച് താരമായ ഇദ്ദേഹം 2016 മുതൽ നീസിലെ സാന്നിധ്യമാണ് കേവലം ഇരുപത്തിഒന്ന് വയസ്സുള്ള താരം ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിയ താരമാണ്. അതിനാൽ തന്നെ എത്രയും പെട്ടന്ന് താരത്തെ ക്ലബിൽ എത്തിക്കണം എന്നാണ് കൂമാന്റെ ആഗ്രഹം. ടീമിലെ പ്രതിരോധം ശക്തിപ്പെടുത്താൻ ഈ സെന്റർ ബാക്കിന് കഴിയുമെന്നാണ് പ്രതീക്ഷകൾ.

Rate this post