പ്രമുഖർക്ക് ഇടം ലഭിച്ചേക്കില്ല, കൂമാൻ ഉദ്ദേശിക്കുന്ന ഇലവൻ ഇങ്ങനെ.

എഫ്സി ബാഴ്സലോണയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാവുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇന്നലെ ബാഴ്‌സ പരിശീലകനായി ചുമതലയേറ്റ ശേഷം അതിനെ സൂചിപ്പിക്കും വിധമായിരുന്നു അദ്ദേഹം സംസാരിച്ചത്. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന രീതിയിലാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമാക്കിയത്. ഇപ്പോഴിതാ അദ്ദേഹത്തിന് കീഴിൽ ടീമിലെ സീനിയർ താരങ്ങൾക്ക് അവസരം ലഭിച്ചേക്കില്ല എന്ന തരത്തിലുള്ള വാർത്തകൾ ആണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളായ പിക്വേ, സുവാരസ്, ആൽബ, ബുസ്ക്കെറ്റ്സ് എന്നിവരൊന്നും തന്നെ കൂമാന്റെ പദ്ധതികളുടെ ഭാഗമല്ല എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

മറിച്ച് കൂടുതൽ യുവതാരങ്ങൾക്ക് കൂമാൻ അവസരം നൽകിയേക്കും. മാത്രമല്ല പുതിയ താരങ്ങളെ ക്ലബിൽ എത്തിക്കാനും ഈ മുൻ ബാഴ്‌സ താരത്തിന് ആലോചനകൾ ഉണ്ട്. അയാക്സ് താരം ഡോണി വാൻ ഡി ബീക്ക്, നീസ് യുവതാരം മലങ് സർ എന്നിവരാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് സ്പോർട്സ്മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നു. മെസ്സി, ടെർസ്റ്റീഗൻ, ഡിജോംഗ്, സെമെടോ, ലെങ്ലെറ്റ്‌, ഫാറ്റി, ഗ്രീസ്‌മാൻ എന്നിവരെയൊന്നും വിൽക്കാൻ ഉദ്ദേശമില്ലെന്ന് ബാഴ്സ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് കൂമാൻ ഉദ്ദേശിക്കുന്ന ഇലവൻ കഴിഞ്ഞ ദിവസം സ്പോർട്സ്മെയിൽ പുറത്ത് വിട്ടിരുന്നു. അത് ഇങ്ങനെയാണ്.

ഗോൾകീപ്പർ ആയി മാർക്ക് ആന്ദ്രേ ടെർസ്റ്റീഗൻ തന്നെ തുടരും. 2014-ൽ ബാഴ്‌സയിൽ എത്തിയ ഇദ്ദേഹം 230 മത്സരങ്ങളിൽ നിന്ന് 96 ക്ലീൻഷീറ്റുകൾ നേടിയിട്ടുണ്ട്. റൈറ്റ് ബാക്ക് ആയി സെർജി റോബർട്ടോയെ ആണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്. കൂമാന് തൃപ്തി നൽകുന്ന താരമാണ് റോബർട്ടോ. സെന്റർ ബാക്കായി ക്ലമന്റ് ലെങ്ലെറ്റിനെ ആണ് ഒന്ന് കൂമാൻ തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റൊരു സെന്റർ ബാക്കായി സ്പോർട്സ്മെയിൽ അറിയിക്കുന്നത് നീസിന്റെ മലങ് സർ ആണ്. 21-കാരനായ താരത്തെ കൂമാൻ ക്ലബിൽ എത്തിച്ചേക്കും എന്നാണ് അറിയാൻ കഴിയുന്നത്. ലെഫ്റ്റ് ബാക്ക് ആയി ആൽബക്ക് പകരം ജൂനിയർ ഫിർപ്പോ ആണ് കൂമാൻ ചൂസ് ചെയ്തിരിക്കുന്നത്. ഇരുപത്തിമൂന്നുകാരനായ ഫിർപ്പോക്ക് നല്ല രീതിയിൽ കളിക്കാൻ കഴിയും എന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. മധ്യനിരയിൽ ഒരാൾ ഡോണി വാൻ ഡി ബീക്ക് ആണ്. അയാക്സ് താരം ആണ് കൂമാന്റെ പ്രഥമപരിഗണനയിൽ ഉള്ളത്. മറ്റൊരു താരം ഡിജോംഗ് ആണ്. ഇദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ഡിജോംഗ്. മറ്റൊരു മിഡ്ഫീൽഡർ മിറാലെം പ്യാനിക്ക് ആണ്. അടുത്ത സീസണിൽ ആർതറിന്റെ പകരക്കാരൻ ആയി ക്ലബിൽ ചേരും. റൈറ്റ് വിങ്ങിൽ യുവതാരം അൻസു ഫാറ്റിക്ക് ഇദ്ദേഹം അവസരം നൽകിയേക്കും. പതിനെട്ടുകാരനായ താരം ഈ സീസണിന്റെ താരോദയമാണ്. സ്ട്രൈക്കെർ റോളിൽ മെസ്സിയാണ് കളിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. മെസ്സിക്ക് പ്രധാനപ്പെട്ട റോൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം ബാഴ്സ പ്രസിഡന്റ്‌ ബർത്തോമു അറിയിച്ചിരുന്നു. ലെഫ്റ്റ് വിങ്ങിൽ ആണ് അന്റോയിൻ ഗ്രീസ്‌മാൻ കളിക്കുക. ഈ സീസണിൽ മോശമായെങ്കിലും താരത്തിന്റെ കഴിവിൽ കൂമാന് വിശ്വാസമുണ്ട്. ഇങ്ങനെയാണ് കൂമാന്റെ ലൈനപ്പ് എന്ന് സ്പോർട്സ്മെയിൽ പറയുന്നു.

Rate this post