2022-23 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ തകർച്ചയാണ് കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ കാണാൻ സാധിച്ചത്.ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി മൈക്കൽ അർട്ടെറ്റയുടെ ടീമിനെ 4-1ന് തോൽപിച്ചതോടെ അവരുടെ കിരീട പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.
മാഞ്ചസ്റ്റർ സിറ്റിക്കായി കെവിൻ ഡി ബ്രൂയിൻ രണ്ട് ഗോളുകൾ നേടിയപ്പോൾ എർലിംഗ് ഹാലൻഡും ജോൺ സ്റ്റോൺസും ഓരോ ഗോൾ വീതം നേടി.കിരീടപ്രതീക്ഷകൾക്ക് വലിയ തിരിച്ചടി നേരിട്ട ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ടു പോയിന്റ് മാത്രം മുന്നിലാണ്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി അവരെക്കാൾ രണ്ടു മത്സരങ്ങൾ കുറവാണ് കളിച്ചിട്ടുള്ളത്.തുടർച്ചയായ നാലാം മത്സരത്തിലും വിജയം നേടാനാവാത്ത ആഴ്സണലിന്റെ പ്രീമിയർ ലീഗ് കിരീട പ്രതീക്ഷകൾ തീർച്ചയായും ലൈഫ് സപ്പോർട്ടിലാണ്.
സീസണിൽ ആകെ ഏഴ് മത്സരങ്ങളും ബാക്കിയുള്ള സിറ്റിക്ക് ഇപ്പോൾ 73 പോയിന്റാണുള്ളത്.അഞ്ചു മത്സരങ്ങൾ അവശേഷിക്കുന്ന ആഴ്സണലിനാവട്ടെ 75 പോയിന്റുമാണ് ഉള്ളത്.രണ്ടോ മൂന്നോ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി തോൽക്കുമെന്ന പ്രതീക്ഷയിലും ആഴ്സണലിന് ഈ സീസണിൽ ശേഷിക്കുന്ന ഓരോ മത്സരവും ജയിക്കേണ്ടതുണ്ട്. സിറ്റിയോട് തോൽക്കുന്നതിന് മുമ്പ്, ആഴ്‌സണൽ മൂന്ന് ബാക്ക്-ടു-ബാക്ക് വഴങ്ങിയത് അവർക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു.
എന്നാൽ ആ അവസരം മുതലെടുത്ത സിറ്റി ആഴ്‌സണലുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചു കൊണ്ട് വന്നു.കിരീടം നിലനിർത്താൻ സിറ്റിക്ക് ഇപ്പോൾ അവരുടെ അവസാന ഏഴ് മത്സരങ്ങളിൽ അഞ്ചു വിജയവും രണ്ടു സമനിലയും ആവശ്യമാണ് (5W-0L-2). എന്നാൽ ആഴ്സണലിന് ഇനിയുള്ള മത്സരങ്ങളിൽ ഒരു പോയിന്റ് പോലും നഷ്ടപ്പെടാൻ പാടില്ല.ഇരു ടീമുകളും അവരുടെ ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാൽ, ആഴ്സണൽ 90 പോയിന്റുമായി ഫിനിഷ് ചെയ്യും, അതേസമയം മാഞ്ചസ്റ്റർ സിറ്റി 94 പോയിന്റുമായി കിരീടം നേടും.
ശേഷിക്കുന്ന മത്സരങ്ങളിൽ സിറ്റി അഞ്ച് പോയിന്റെങ്കിലും കുറയുമെന്ന പ്രതീക്ഷയിലാണ് ആഴ്സണൽ. സിറ്റി തീർച്ചയായും സീസണിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി-ഫൈനൽ, എഫ്എ കപ്പ് ഫൈനൽ എന്നിവയിലുടനീളം അവരുടെ ശ്രദ്ധ വിഭജിക്കപ്പെടും. എന്നാൽ ആഴ്സണലിന് പ്രീമിയർ ലീഗിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചാൽ മതിയാവും.ചെൽസി ,ന്യൂ കാസിൽ ,ബ്രൈറ്റൻ ,നോട്ടിങ്ഹാം ,വോൾവ്സ് എന്നിവരെയാണ് ആഴ്‌സണൽ ഇനി നേരിടുക.