എല്ലാം എന്റെ നിയന്ത്രണത്തിലാണ്, നിരവധി കാർഡുകൾ ലഭിക്കുന്നതിനെ കുറിച്ച് കാസമിറോ പറയുന്നു.

കളിക്കളത്തിലെ കൗശലക്കാരൻ എന്ന പ്രയോഗമായിരിക്കും റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ മിഡ്‌ഫീൽഡർ കാസമിറോക്ക്‌ ഏറ്റവും കൂടുതൽ ചേരുക. കാര്യങ്ങളെ വലിയ രീതിയിൽ സങ്കീർണമാക്കാതെ കൈകാര്യം ചെയ്യാൻ താരത്തിന് പ്രത്യേക മിടുക്കാണ്. എന്നിരുന്നാലും പലപ്പോഴും കാർഡുകൾ മേടിച്ചു കൂട്ടുന്നതിൽ താരം പിറകിലല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും റയൽ മാഡ്രിഡിന്റെയും ബ്രസീലിന്റെയും പ്രധാനപ്പെട്ട താരമാണ് കാസമിറോ. തനിക്ക് കൂടുതൽ കാർഡുകൾ ലഭിക്കുന്നതിനെ കുറിച്ച് വേവലാതിയില്ലെന്നും എല്ലാം തന്റെ നിയന്ത്രണത്തിലുമാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ താഴെ നൽകുന്നു.

ഹസാർഡിനെ കുറിച്ച്?

ഹസാർഡ് പരിശീലനത്തിനിറങ്ങുമ്പോൾ തന്നെ നമുക്ക് മനസ്സിലാവും അദ്ദേഹം ഒരു മഹത്തായ താരമാണ് എന്ന്. അദ്ദേഹത്തിന് മൂന്നോ നാലോ മത്സരങ്ങൾ തുടർച്ചയായി നല്ല രീതിയിൽ കളിക്കാൻ സാധിച്ചാൽ, തീർച്ചയായും അദ്ദേഹം ആ പഴയ ഹസാർഡായി മാറും.

റയൽ മാഡ്രിഡിന്റെ ഗോൾവരൾച്ചയെ കുറിച്ച്?

തീർച്ചയായും ഞങ്ങൾ കൂടുതൽ ഗോളുകൾ നേടേണ്ടതുണ്ട്. പക്ഷെ കഴിഞ്ഞ സീസണിൽ ഞങ്ങൾ ഒരു മികച്ച ഒരു ടീം ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തു.അത് ഏറെ പ്രധാനപ്പെട്ടതാണ്.

കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് വരുന്നതിനെ കുറിച്ച്?

എംബാപ്പെ മികച്ച ഒരു താരമാണ്. ഇവിടെ റയൽ മാഡ്രിഡിൽ ഞങ്ങൾ ഒരുപാട് താരങ്ങളെ കുറിച്ച് സംസാരിക്കാറുണ്ട്. അവരെയെല്ലാം ടീമിൽ എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇവിടെ നൂറുകണക്കിന് താരങ്ങൾ ഉണ്ടായേനെ. നിലവിൽ അദ്ദേഹം പിഎസ്ജി താരമാണ്. അദ്ദേഹത്തിന് ഞാൻ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

കരിം ബെൻസിമയെ കുറിച്ച്?

നമ്മൾ ബെൻസിമയെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഓർമ്മിക്കേണ്ട ഒരു കാര്യം, ലോകത്തിലെ ഏറ്റവും മികച്ച നമ്പർ നയണുമാരിൽ ഒരാളെ കുറിച്ചാണ് സംസാരിക്കുന്നത് എന്നാണ്. തീർച്ചയായും അദ്ദേഹം ഒരുപാട് ബഹുമാനമർഹിക്കുന്നു.

മത്സരത്തിൽ നിരവധി കാർഡുകൾ ലഭിക്കുന്നതിനെ കുറിച്ച്?

ഞാൻ മത്സരങ്ങളിൽ വളരെ ജാഗ്രതയോടെയാണ് കളിക്കാറുള്ളത്. സാഹചര്യങ്ങൾ എപ്പോഴും എന്റെ നിയന്ത്രണത്തിലായിരിക്കും. അവർ തുടർന്നും എന്നെ റെഡ് കാണിച്ചു പറഞ്ഞു വിടില്ല എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Rate this post