റയൽ മാഡ്രിഡിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ് ഈ സീസണിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ റയൽ മാഡ്രിഡ് ഈ സീസണിൽ രണ്ടു ടൂർണമെന്റിലും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ലീഗിൽ വലിയ പോയിന്റ് വ്യത്യാസത്തിൽ ബാഴ്സലോണയോട് കിരീടം നഷ്ടമായ റയൽ മാഡ്രിഡ് കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോയി.
ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് നിരാശപ്പെടുത്തുന്ന തോൽവിയാണ് ഏറ്റു വാങ്ങിയത്. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് സമനില വഴങ്ങിയ റയൽ മാഡ്രിഡ് രണ്ടാം പാദത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയോട് കീഴടങ്ങിയത്. യൂറോപ്പിലെ രാജാക്കന്മാരെന്ന് അറിയപ്പെടുന്ന റയൽ മാഡ്രിഡ് ഒന്നു പൊരുതാൻ പോലും കഴിയാതെ കീഴടങ്ങിയത് ആരാധകർക്ക് വലിയ നിരാശ നൽകിയിട്ടുണ്ട്.
കനത്ത തോൽവിയാണു റയൽ മാഡ്രിഡ് വഴങ്ങിയതെങ്കിലും അടുത്ത സീസണിലും ടീമിനൊപ്പം തന്നെ തുടരാൻ കഴിയുമെന്ന ആത്മവിശ്വാസം ആൻസലോട്ടിക്കുണ്ട്. ഇന്നലെ മത്സരത്തിന് ശേഷം സംസാരിക്കുമ്പോൾ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ശ്രമിക്കുമെന്ന പറഞ്ഞ അദ്ദേഹം തന്നെ പുറത്താക്കില്ലെന്ന ഉറപ്പ് പതിനഞ്ചു ദിവസം മുൻപ് റയൽ മാഡ്രിഡ് പ്രസിഡന്റ് നൽകിയിരുന്നുവെന്ന സൂചനകളും നൽകി.
റയൽ മാഡ്രിഡിനെക്കാൾ തീവ്രതയും നിലവാരവുമുള്ള ടീമാണ് മാഞ്ചസ്റ്റർ സിറ്റിയെന്നും അതുകൊണ്ടാണവർ വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണിൽ തങ്ങൾക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിൽ ഇത്തവണ മാഞ്ചസ്റ്റർ സിറ്റിക്കാണ് അതുള്ളതെന്നും എങ്കിലും ഇതുപോലെയൊരു തോൽവി വലിയ നിരാശ നൽകുന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
🚨 Carlo Ancelotti on his future at Real Madrid: “No one doubts me. I think the president was very clear 15 days ago — this is a step to improve for next year”. #RealMadrid
— Fabrizio Romano (@FabrizioRomano) May 17, 2023
“Next season I will be here to fight to win another Champions League”. pic.twitter.com/t56VDUq7n2
നിരാശപ്പെടുത്തുന്ന ഒരു സീസണാണെന്നിരിക്കെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡിൽ മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇപ്പോൾ തന്നെ ബൊറൂസിയ ഡോർട്ട്മുണ്ട് താരമായ ബെല്ലിങ്ഹാമുമായി റയൽ കരാറിലെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇതിനു പുറമെയും വമ്പൻ സൈനിംഗുകൾ റയൽ മാഡ്രിഡ് നടത്താൻ വലിയ സാധ്യതയുണ്ട്.