റയലിന്റെ മിഡ്‌ഫീൽഡ് ത്രയം പിരിയുന്നു, കസമീറോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്

ഐതിഹാസികമായ നേട്ടങ്ങൾ റയൽ മാഡ്രിഡിനു സ്വന്തമാക്കി നൽകിയ ടീമിന്റെ മിഡ്‌ഫീൽഡ് ത്രയമായ ലൂക്ക മോഡ്രിച്ച്, ടോണി ക്രൂസ്, കസമീറോ എന്നിവരിൽ നിന്നും കസമീറോ ക്ലബ് വിടാനുള്ള സാധ്യത വർധിക്കുന്നു. താരത്തിനായി രംഗത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ കസമീറോ പരിഗണിക്കുന്നുണ്ടെന്നും ട്രാൻസ്‌ഫർ നീക്കങ്ങൾ ഉടൻ തന്നെ പൂർത്തിയാകുമെന്നുമാണ് പ്രമുഖ കായികമാധ്യമമായ ദി അത്‌ലറ്റിക് വെളിപ്പെടുത്തുന്നത്. മെഡിക്കൽ പരിശോധനകൾ മാത്രമേ ഡീൽ പൂർത്തിയാവാൻ ഇനി ബാക്കിയുള്ളൂവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഏതാനും ദിവസങ്ങൾക്കു മുൻപാണ് കസമീറോക്ക്‌ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം ആരംഭിച്ചുവെന്ന വാർത്തകൾ ആരംഭിച്ചത്. ബ്രസീലിയൻ താരം റയൽ മാഡ്രിഡ് വിടാൻ യാതൊരു സാധ്യതയുമില്ലെന്നു കരുതി ഫുട്ബോൾ ആരാധകരിൽ ഭൂരിഭാഗവും ഈ അഭ്യൂഹങ്ങൾ തള്ളിയെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിശകലനം ചെയ്‌തു കൊണ്ടിരിക്കുന്ന കസമീറോ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള തന്റെ സന്നദ്ധത അറിയിച്ചുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ബ്രസീലിയൻ താരത്തിനായി എഴുപതു മില്യൺ യൂറോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഇതിൽ അറുപതു മില്യൺ ആദ്യം നൽകി, 10 മില്യൺ ആഡ് ഓണായുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ക്ലബ് വിടാനുള്ള കാസമീറോയുടെ ആഗ്രഹത്തിന് എതിരു നിൽക്കാൻ റയൽ മാഡ്രിഡിന് താൽപര്യമില്ല എന്നിരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നോട്ടു വെച്ച ഈ ഓഫർ അവർക്ക് സ്വീകാര്യമാണ്. വെള്ളിയാഴ്‌ച തന്നെ ഡീൽ പൂർത്തിയാകും എന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഇതോടെ റയൽ മാഡ്രിഡിൽ നിന്നും ലഭിക്കുന്നതിന്റെ ഇരട്ടിയോളം പ്രതിഫലം കസമീറോക്ക് ലഭിക്കും.

തുടർച്ചയായ മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ റയൽ മാഡ്രിഡ് കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ സ്വന്തമാക്കിയ നേട്ടങ്ങളിലെല്ലാം കസമീറോ പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. താരത്തെ വിട്ടു കൊടുക്കാൻ പരിശീലകൻ കാർലോ ആൻസലോട്ടിക്ക് താത്പര്യമില്ലെങ്കിലും റയൽ മാഡ്രിഡ് വിടണമെന്ന കാസമേറോയുടെ ആഗ്രഹത്തിന് ക്ലബ് സമ്മതം അറിയിക്കുകയായിരുന്നു. മുൻ റയൽ മാഡ്രിഡ് താരങ്ങളായ റാഫേൽ വരാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാൻ തയ്യാറെടുക്കുന്ന കസമീറോക്ക് ക്ലബിന്റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയിൽ നിന്നും കരകയറാൻ സഹായിക്കാൻ കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Rate this post
CasemiroManchester UnitedReal Madrid