കസമീറോ റയൽ മാഡ്രിഡ് വിടാൻ കാരണം കാർലോ ആൻസലോട്ടിയുടെ നിലപാടുകൾ

ബ്രസീലിയൻ മധ്യനിര താരമായ കസമീറോ റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത് ഫുട്ബോൾ ആരാധകരെ ഒന്നടങ്കം വിസ്‌മയിപ്പിച്ച നീക്കമായിരുന്നു. റയൽ മാഡ്രിഡിന്റെ മിഡ്‌ഫീൽഡ് ത്രയത്തിലെ പ്രധാനിയായിരുന്ന കസമീറോ ലോസ് ബ്ലാങ്കോസ് വിടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ പുതിയൊരു ലീഗിൽ വ്യത്യസ്‌തമായൊരു അനുഭവവും വെല്ലുവിളിയും സ്വീകരിക്കുന്നതിനു വേണ്ടി അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് നേടിയ താരം റയൽ മാഡ്രിഡ് വിടാനുള്ള തീരുമാനം എടുക്കുകയായിരുന്നു.

എന്നാൽ സ്‌പാനിഷ്‌ മീഡിയ ഔട്ട്ലെറ്റായ എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം കസമീറോ റയൽ മാഡ്രിഡ് വിടാൻ കാരണമായത് പരിശീലകൻ കാർലോ ആൻസലോട്ടി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എടുത്ത ചില നിലപാടുകളാണ്. സമ്മർ ജാലകത്തിൽ മൊണോക്കോയിൽ നിന്നും ഫ്രഞ്ച് മധ്യനിര താരം ഒറീലിയൻ ചുവാമേനിയെ നൂറു മില്യൺ യൂറോ നൽകി റയൽ മാഡ്രിഡ് ടീമിലെത്തിച്ചിരുന്നു. കസമീറോയുടെ അതെ പൊസിഷനിൽ കളിക്കുന്ന താരമാണ് ഇരുപത്തിരണ്ടു വയസുള്ള ചുവാമേനി.

മികച്ച പ്രതിഭയുള്ള ഫ്രഞ്ച് യുവതാരത്തിന്റെ സാന്നിധ്യം കസമീറോയെ അസ്വസ്ഥമാക്കിയിരുന്നു എന്നാണു സ്‌പാനിഷ്‌ മാധ്യമം പറയുന്നത്. അതിനു പുറമെ ക്ലബിനൊപ്പം നിരവധി വർഷങ്ങൾ ഇനിയും മികച്ച പ്രകടനം നടത്താൻ കഴിയും എന്നിരിക്കെ തനിക്ക് പകരക്കാരനാവാൻ ഒരു താരത്തെയെത്തിക്കാനുള്ള നീക്കത്തെ ആൻസലോട്ടി എതിർത്തില്ലെന്നതും റയൽ വിടാനുള്ള കാസമേറോയുടെ നീക്കത്തിന് ഊർജ്ജം പകർന്നു. കരിം ബെൻസിമക്ക് പകരക്കാരനായി ഒരു സ്‌ട്രൈക്കറെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ എത്തിക്കേണ്ട ആവശ്യമില്ലെന്ന നിലപാട് ആൻസലോട്ടി എടുക്കുകയും ചെയ്‌തിരുന്നു.

പ്രതിസന്ധികളിലൂടെ മുന്നോട്ടു പോകുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സമ്മറിൽ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട സൈനിങാണ് കസമീറോ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നിലവിൽ മോശം പ്രകടനം നടത്തുന്ന ടീമിനെ മികച്ചതാക്കാനും പഴയ പ്രതാപത്തിലേക്ക് കൊണ്ടു വരാനും ബ്രസീലിയൻ താരത്തിന് നിർണായക പങ്കു വഹിക്കാൻ കഴിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മുൻ റയൽ മാഡ്രിഡ് താരങ്ങളായ റാഫേൽ വരാനെ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരും കസമീറോക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിലുണ്ട്.

Rate this post
Carlo AncelottiCasemiroManchester UnitedReal Madrid