സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള സാധ്യതകൾ തിരയുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ക്ലബിൽ തന്നെ തുടരാനാഭ്യർത്ഥിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിങായ കസമീറോ. എഴുപതു മില്യൺ പൗണ്ട് മൂല്യമുള്ള ട്രാൻസ്‌ഫറിൽ റയൽ മാഡ്രിഡിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ കസമീറോ റയൽ മാഡ്രിഡിൽ നിന്നും വിടവാങ്ങൽ പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് തന്റെ മുൻ സഹതാരവും അടുത്ത സുഹൃത്തുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയോട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടത്.
“ക്രിസ്റ്റ്യാനോ റൊണാൾഡോ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. താരത്തിന്റെ കൂടെ എനിക്കിനിയും കളിക്കണം, അവിശ്വസനീയ കളിക്കാരനാണദ്ദേഹം. റൊണാൾഡോക്കൊപ്പം വീണ്ടും കളിക്കാൻ അക്ഷമനായി കാത്തിരിക്കുകയാണ് ഞാൻ.” കസമീറോ പ്രസ് കോൺഫറൻസിൽ റൊണാൾഡോയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ലിവർപൂളുമായുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരം കാണാനുണ്ടായിരുന്ന കസമീറോ അടുത്ത മത്സരത്തിൽ കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റയൽ മാഡ്രിഡിൽ നിരവധി വർഷങ്ങൾ ഒരുമിച്ച് കളിച്ച താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും കസമീറായും. തുടർച്ചയായ മൂന്നു വർഷങ്ങളിൽ നേടിയ ചാമ്പ്യൻസ് ലീഗ് കിരീടമുൾപ്പെടെ നാല് ചാമ്പ്യൻസ് ലീഗുകൾ ഇരുവരും ഒരുമിച്ച് സ്വന്തമാക്കിയിട്ടുണ്ട്. സഹതാരങ്ങൾ എന്നതിലുപരിയായി അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു റൊണാൾഡോയും കസമീറോയും. അതുകൊണ്ടു തന്നെ ഇരുവരും ഒരുമിച്ച് കളിക്കണമെന്ന് ക്ലബിന്റെ ആരാധകരും ആഗ്രഹിക്കുന്നുണ്ട്. കസമീറോയുടെ വരവ് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാൻ കാരണമാകുമെന്നും അവർ കരുതുന്നു.
അതേസമയം കഴിഞ്ഞ സീസണിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിയ റയൽ മാഡ്രിഡിൽ നിന്നും യൂറോപ്പ ലീഗ് കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് താൻ എത്തിയതിനു പിന്നിലെ കാരണം കൂടുതൽ പ്രതിഫലം ലഭിക്കുമെന്നതല്ലെന്നും കസമീറോ പറഞ്ഞു. പണമായിരുന്നു തന്റെ ലക്ഷ്യമെങ്കിൽ നാല് വർഷങ്ങൾക്കു മുൻപേ തന്നെ താൻ ക്ലബ് വിടുമായിരുന്നുവെന്നും ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നിലേക്കാണ് താൻ ചേക്കേറിയതെന്നും കസമീറോ കൂട്ടിച്ചേർത്തു.