ഏറെ സംഭവബഹുലമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ക്രിസ്റ്റൽ പാലസും തമ്മിലുള്ള പ്രീമിയർ ലീഗ് മത്സരം അവസാനിച്ചത്. മത്സരത്തിൽ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും എഴുപതാം മിനുട്ടിൽ കസമീറോക്ക് ചുവപ്പുകാർഡ് ലഭിച്ചു. അതിനു ശേഷം ക്രിസ്റ്റൽ പാലസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം കൈവിടാൻ ഒരുക്കമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് പിടിച്ചു നിന്ന് വിജയം സ്വന്തമാക്കി.
മത്സരത്തിനിടയിൽ ബ്രസീലിയൻ താരമായ ആന്റണിയെ ക്രിസ്റ്റൽ പാലസ് താരം ഫൗൾ ചെയ്തതിനെ തുടർന്നുണ്ടായ ചെറിയ സംഘർഷത്തിലാണ് കസമീറോക്ക് ചുവപ്പുകാർഡ് ലഭിച്ചത്. സംഘർഷത്തിനിടെ താരം ക്രിസ്റ്റൽ പാലസ് മധ്യനിര താരമായ വിൽ ഹ്യൂഗ്സിന്റെ കഴുത്തിന് പിടിക്കുകയുണ്ടായി. ഇതിനു ശേഷം വീഡിയോ റഫറി ദൃശ്യങ്ങൾ പരിശോധിച്ചാണ് താരത്തിന് ചുവപ്പുകാർഡ് നൽകിയത്.
എതിർടീമിലെ താരത്തിന്റെ കഴുത്ത് പിടിച്ച് ഞെരിക്കാൻ ശ്രമിക്കുകയെന്നത് അക്രമകരമായ ഫൗളായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ കസമീറോക്ക് മൂന്നു മത്സരങ്ങളിൽ വിലക്ക് വരാനുള്ള സാധ്യതയുണ്ട്. എന്നാൽ ബ്രസീലിയൻ താരത്തിനെ വിലക്കരുതെന്നും മത്സരത്തിനിടെയുണ്ടായ സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്നുമാണ് പുതിയ ദൃശ്യങ്ങൾ പുറത്തു വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പറയുന്നത്.
ഒരു ആരാധകൻ എടുത്ത ഫൂട്ടേജ് പ്രകാരം താരങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നിടത്തേക്ക് കസമീറോ വരികയും അതിലിടപെടുകയും ചെയ്യുന്നുണ്ട്. അതിനു ശേഷം താരം ഹ്യൂഗ്സിന്റെ തോളത്താണ് കൈ വെക്കുന്നതെന്നും മറ്റു കളിക്കാർ തമ്മിലുള്ള ഉന്തും തള്ളലും കാരണം അത് കഴുത്തിലേക്ക് മാറിയെന്നും ആരാധകർ പറയുന്നു. ഇതിനു ശേഷം ചിരിച്ചു കൊണ്ട് ഹ്യൂഗ്സിനെ കസമീറോ പുണരുന്നതും വീഡിയോയിലുണ്ട്.
Watch until the end… Casemiro’s red card needs to get overturned! pic.twitter.com/5hdbbBd9zc
— ًEl. (@UtdEIIis) February 4, 2023
കസമീറോയുടെ റെഡ് കാർഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അപ്പീൽ പോകുമ്പോൾ ഈ ദൃശ്യങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. അതേസമയം വിലക്ക് ലഭിച്ചാൽ താരത്തിനത് വലിയ തിരിച്ചടിയായിരിക്കും. ലീഡ്സ് യുണൈറ്റഡിനെതിരെ പ്രീമിയർ ലീഗിൽ നടക്കുന്ന രണ്ടു മത്സരങ്ങളും യുവേഫ യൂറോപ്പ ലീഗ് പ്ലേ ഓഫിൽ ബാഴ്സലോണക്കെതിരെയുള്ള മത്സരവുമാണ് താരം പുറത്തിരിക്കേണ്ടി വരിക.