❝കാറ്റലോണിയയുടെ രാജാവ് കിരീടം അഴിച്ചുവെക്കുമ്പോൾ❞

✍🏻Safwan Mohammed

ഇബേരിയൻ പെനിൻസുലയിലെ മെഡിറ്ററേനിയൻ തീരത്തുള്ള ഭൂമിശാസ്ത്രപരമായി വളരെ തന്ത്രപ്രധാനമായ സ്ഥലത്താണ് സാമ്പത്തിക സുസ്ഥിരത കളിയാടിയ ബാഴ്സലോണയെന്ന നഗരം സ്ഥിതിചെയ്യുന്നത്. മധ്യധരണ്യാഴിയുടെയും സെറ ഡി കോൾസെറോള മലമടക്കുകളുടെയും പ്രകൃതിയൊരുക്കിയ സുരക്ഷിത കവചങ്ങളാൽ എല്ലാ ദിക്കുകളിൽ നിന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ മഹാ നഗരം രണ്ട് നദീതടങ്ങളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു.പ്രകൃതിയുടെ വരദാനമെന്നോണം ഭൂമിശാസ്ത്രപരമായും സാംസ്കാരികപരമായും വ്യവസായികപരമായുമുള്ള അനുകൂല ഘടകങ്ങൾ പരമാവധി ക്യാപിറ്റലൈസ് ചെയ്ത് തേനും പാലും ഒഴുക്കിയ ആ നഗരം അനുസ്യൂതം വളർച്ചയുടെ പടവുകൾ താണ്ടി ഒരു ഗ്രാൻഡ് യൂറോപ്യൻ മെട്രോപൊളിസായി മാറി.

നഗരത്തോടൊപ്പം ഒരു പക്ഷെ നഗരത്തേക്കാൾ കാറ്റലൻ ജനതയുടെയും ദേശീയതയുടെയും മോഡസ്റ്റ് ഐഡൻറിറ്റിയായി എഫ് സി ബാഴ്‌സലോണ എന്ന ക്ലബ്ബും വളർന്നു.വടക്ക് കിഴക്കായി ബെസെസ് നദിയുടെയും തെക്കു കിഴക്കായി ലോബെഗ്രേറ്റ് നദിയുടെയും റിവർ ബങ്കുകളിൽ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിന്റെ ആത്മാവ് എന്ന് പറയുന്നത് ക്യാമ്പ് നൗവാണ്.ഗതകാല കാറ്റലൻ സ്വാതന്ത്യ മോഹങ്ങൾക്ക് ഇന്ധനമായി വർത്തിക്കുന്ന ഈ മഹത്തായ ഫുട്ബാൾ ക്ലബ്ബ് കത്തുന്ന കാറ്റലൻ ദേശീയതയുടെ ജ്വലിച്ചു നിൽക്കുന്ന പ്രതീകം കൂടിയാണ്. കാലങ്ങളായി നിലനിൽക്കുന്ന നഗരത്തിനുള്ളിലെ ആരാധകരിലെ ദേശീയതാ ബോധം അതേ അളവിൽ നഗരാതിർത്തികൾ ക്കപ്പുറം കാതങ്ങൾ അകലെയുള്ള ആരാധക മനസ്സുകളിലേക്കും പടരാൻ ഫുട്ബാൾ ക്ലബ്ബ് ബാഴ്‌സലോണ ഒരു നിദാനമായി.

ആപ്തവാക്യം വിവക്ഷിക്കുന്നത് പോലെ കേവലമൊരു ഫുട്ബാൾ ക്ലബ്ബ് എന്നതിനേക്കാൾ വടക്ക് കോട്ടമതിൽ കണക്കെ സംരക്ഷണ കവാടമൊരുക്കുന്ന ടിബിടാവോ മലനിരകിളിൽ സായന്ധനത്തിൽ സൂര്യനസ്തമിച്ചാൽ ഫുട്ബോളിന്റെ മിശിഹാ ഇറങ്ങുന്ന ഇടമെന്നതും അതിലേറേ നൂറ്റാണ്ടുകളായി ആ മഹാ നഗരം കാത്തു സൂക്ഷിച്ചു പോരുന്ന അതിന്റെ പൈതൃകവും ചരിത്രവും തിയററ്റികൽ ബാക്ക്ഗ്രൗണ്ടുമെല്ലാമായി അറുത്തുമാറ്റാൻ കഴിയാത്ത തക്കവണ്ണമുള്ള ആത്മബന്ധമായി അത് ക്ലബ്ബിനും അതിന്റെ ആരാധകർക്കിടയിലും വളർന്നു..മെസ്സിക്കൊപ്പം മെസ്സിയേക്കാൾ ആ ക്ലബ്ബിനെയും ആ നഗരത്തെയും ആരാധകർ അൺ കണ്ടീഷനലി സ്നേഹിച്ചു.

മെസ്സി-ബാഴ്‌സ കോറിലേഷൻ എറ്റെർണൽ ആണെന്നും ഒന്നില്ലാതെ മറ്റൊന്ന് പൂർണമാകുന്നില്ല എന്നുമുള്ള ഭാവനാവിലാസങ്ങൾ ഒരു യൂണിവേഴ്സൽ ഫാക്റ്റെന്ന പോലെ കഴിഞ്ഞ രണ്ടിലേറെ ദശാബ്ദത്തിനിടയിൽ ആരാധക മനസ്സുകളിൽ ക്രമേണ അവരറിയാതെ വേരുറച്ചു.ഈ മനോവ്യാപാരങ്ങൾക്കിടയിലേക്കാണ് രണ്ടു ദിവസം മുന്നേ ഇടിത്തീ പോലെ ആ വാർത്ത എത്തുന്നതും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അയാൾ ആ നഗരത്തോട് ഗുഡ് ബൈ പറയുന്നതും…എവെരിതിങ് ഇൻ എ ഫ്ലാഷ് എന്ന കണക്കെ ഒന്നുൾകൊള്ളാനുള്ള സമയം പോലും തരാതെ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവരെ തനിച്ചാക്കി അയാൾ കാറ്റലൻ അതിർത്തി കടന്നിരുന്നു.

കാറ്റലോണിയ അല്പം ചരിത്രം

വടക്ക് ഫ്രാൻസും തെക്ക് കിഴക്കു മെഡിറ്ററേനിയൻ സമുദ്രവും അതിരിടുന്ന കാറ്റലോണിയ എന്ന സ്പെയിനിലെ അതി സമ്പന്ന പ്രൊവിൻസിന്റെ തലസ്ഥാന നഗരിയാണ് ബാഴ്‌സലോണ. സ്പെയിനിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചിലൊന്നും സംഭാവന ചെയ്യുന്ന ഈ ചെറിയ ഭൂപ്രദേശം സ്വന്തം പാരമ്പര്യത്തിൽ അഭിമാനിക്കുന്നവരും കാറ്റലോണിയ സ്‌പെയിനിൽനിന്നു വിട്ടുപോകണമെന്ന് അതിയായി ആഗ്രഹിക്കുന്നവരുമാണ്.ചരിത്രം പരിശോധിച്ചാൽ 1714ലാണ് കാറ്റലൻ ജനതയുടെ സ്വൈര്യ വിഹാരത്തിന് തടയിട്ട് സ്‌പെയിനിലെ ബോര്‍ബോണ്‍ രാജാവ് ഫെലിപെ അഞ്ചാമന്‍ കാറ്റലോണിയ പൂര്‍ണ്ണമായും കീഴടക്കുകയും സ്പെയിനിനോട് ചേർക്കുകയും ചെയ്തത്.

1800 കളുടെ അവസാനത്തിൽ കാറ്റലോണിയ വൻ വ്യാവസായിക വളർച്ച കൈവരിക്കുകയും സാമ്പത്തിക ശക്തിയാകുകയും ചെയ്തതോടെ കാറ്റലൻ സംസ്കാരവും ഭാഷയും ദേശീയതയും എന്നും ഉള്ളിന്റെയുള്ളിൽ ഉറങ്ങിക്കിടന്ന ആ ജനതയിൽ വീണ്ടും സ്വാതന്ത്യ ചിന്തകൾ സജീവമായി.നീറി നീറി പുകഞ്ഞു ഒടുവിലത് സ്പാനിഷ് ആഭ്യന്തരയുദ്ധത്തിൽ വരെ ചെന്ന് കലാശിക്കുകയും,മാഡ്രിഡ് ബേസ്ഡ് ഓട്ടോണമസ് റൂളർ ജനറൽ ഫ്രാങ്കോ എല്ലാ വിമതസ്വരങ്ങളേയും അടിച്ചമര്‍ത്തുകയും പൗരാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള കാറ്റലോണിയയുടെ പ്രക്ഷോഭങ്ങള്‍ നിര്‍വീര്യമാക്കുകയും ചെയ്തു.കാറ്റലന്‍ ഭാഷയും പ്രതീകങ്ങളും ചിഹ്നങ്ങളും ഏറെക്കുറെ പൊതുരംഗത്തുനിന്നു തന്നെ നിഷ്‌കാസനം ചെയ്യപ്പെട്ടു. ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഭൂമിശാസ്ത്രാധിഷ്ഠിതമായ പ്രത്യേകതകളുടെയും പേരില്‍ നിലനിന്ന ദേശീയതാ ബോധത്തിന് പ്രത്യക്ഷത്തില്‍ നിലനില്‍പ്പില്ലാതായി.

പക്ഷെ ജനമനസ്സുകളിൽ അതൊരു കനലായി എരിഞ്ഞുകൊണ്ടേയിരുന്നു.1970 കളിൽ ജനറൽ ഫ്രാങ്കോയുടെ കാലം കഴിഞ്ഞതോടെ സ്പെയിനിലെ ഭരണ വ്യവസ്‌ഥ തന്നെ മാറുകയും കാറ്റലോണിയ ഭാഗികമായ സ്വയം ഭരണാവകാശം നേടിയെടുക്കുകയും ചെയ്തു.. എന്നാൽ തങ്ങളുടെ സമ്പത്ത് മുഴുവൻ കവർന്നെടുക്കുന്ന സ്പാനിഷ് ഭരണകൂടത്തിൽ നിന്ന് വേർപെട്ട് പൂർണമായും സ്വാതന്ത്രമാകണമെന്ന ആഗ്രഹവുമായി ഹിതപരിശോധനകളും പ്രതിഷേധങ്ങളും കാറ്റലോണിയയിൽ നിരന്തരം അരങ്ങേറി.2017 ഒക്ടോബറിൽ സ്വതന്ത്ര കാറ്റലോണിയൻ രാജ്യം എന്ന ആവശ്യവുമായി കാറ്റലോണിയന്‍ പ്രസിഡന്റിന്റെ കീഴിലുള്ള ഗവണ്‍മെന്റ് നടത്തിയ റഫറണ്ടത്തെ അവര്‍ സര്‍വ്വാത്മനാ പിന്തുണക്കുകയുംഹിതപരിശോധന നടക്കുകയും 90% ജനങ്ങളും അതിനെ അനുകൂലിച്ചു വോട്ട് ചെയ്യുകയും ചെയ്തു.

ഇത് ഭരണഘടന വിരുദ്ധമാണെന്നുംവിഘടനവാദ സംഘടനകളുടെ ഏതാനും നേതാക്കളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിൽ അടയ്ക്കണമെന്നും സ്പെയിനിലെ ഹൈക്കോടതി ഉത്തരവിട്ടു.ഇതിൽ പ്രതിഷേധിച്ച ജനങ്ങളെ പോലീസ് തെരുവിൽ നേരിട്ടു.പൊതുവെ സമാധാന തൽപരരായ കാറ്റലൻ ജനത നിയമത്തെ മാനിച്ചു ജീവിക്കുന്നവരായതിനാൽ കൂടുതൽ സംഘർഷ സാധ്യതകൾ നിലനിന്നില്ല.. എന്നാൽ സ്വന്തമായി ഒരു രാജ്യം എന്ന ചിരകാല മോഹം ഇന്നും കാറ്റലൻ ജനഹൃദയങ്ങളിൽ അലയടിക്കുന്നു.. അതിനായി നിയമപരമായും രാഷ്ട്രീയപരമായുമുള്ള മൂവ്മെന്റുകളും പ്രതിഷേധങ്ങളും കാറ്റലൻ ഭൂമികയിൽ ഇന്നും നടന്നുകൊണ്ടേയിരിക്കുന്നു.

ചരിത്രാതീത കാലം മുതലേ ഇത്തരത്തിൽ വേട്ടയാടപ്പെട്ട ഒരു ജനതയുടെ നഷ്ട സ്വപങ്ങളിലായിരുന്നു അയാൾ ഇത്രയും കാലം പന്ത് തട്ടികൊണ്ടിരുന്നത്. ആ വൈകാരികതയുടെയും ദേശീയതയുടെയും ലക്ഷണമൊത്ത പ്രതിനിധിയായിരുന്നു കളിക്കളത്തിൽ കാറ്റലോണിയൻ ജനതക്ക് അയാൾ…രാഷ്ട്രീയമായി നേടിയെടുക്കാൻ കഴിയാത്ത പലതും അവർ അയാളുടെ ഇടംകാലുകളിലൂടെ നേടി..അവരിലെ അടങ്ങാത്ത സ്വാതന്ത്ര്യ മോഹങ്ങളിൽ പലപ്പോഴും അയാൾ കനൽ കോരിയിട്ടു.സ്പാനിഷ് ഗവണ്മെന്റിന്റെ അഡ്മിനിസ്ട്രേറ്റിവ് പവറായ മാഡ്രിഡ് നഗരത്തെ റെപ്രെസെന്റ് ചെയ്യുന്ന റയൽ മാഡ്രിഡുമായി ഓരോ തവണ മുഖാമുഖം വരുമ്പോഴും കാറ്റലൻ നിവാസികളിലെ ദേശീയതാ വികാരം ആളിക്കത്തി.

ബാഴ്‌സ താരങ്ങളും അതിന്റെ വക്താക്കളായി..രാഷ്ട്രീയ ഇടപെടലുകൾ കൊണ്ടും പോരാട്ടങ്ങൾ കൊണ്ടും പൂവണിയാത്ത അടങ്ങാത്ത സ്വാതന്ത്ര്യ ദാഹത്തിന്റെ എല്ലാ വികാരവിക്ഷോഭവും അമർഷവും ഗാലറിയിൽ നുരഞ്ഞു.ജേഴ്‌സിയണിഞ്ഞു പന്തിന് പിറകെ ഓടുന്ന കളിക്കാർ അൽപ നേരത്തേക്ക് നഗരവാസികളുടെ കണ്ണിൽ നഗരാതിർത്തിയിൽ യുദ്ധം ചെയ്യുന്ന പട്ടാളക്കാരായി മാറും…ക്യാപ്റ്റന്റെ ആം ബാൻഡണിഞ്ഞു ഇറങ്ങുന്നയാൾ ഇൻഫാന്ററിയുടെ സുപ്രീം കമാൻഡറും….ഓരോ തവണ മാഡ്രിഡ് പ്രതിരോധം തകർത്തു വലക്കണ്ണികൾ ഇളകുമ്പോഴും തീ തുപ്പുന്ന അനവധി ആക്റ്റീവ് വോൾക്കാനൊകളുടെ നാട് കൂടിയ കാറ്റലോണിയയിലെ ക്യാമ്പ് നൗ മൈതാനം ഒന്നടങ്കം ഇറപ്റ്റാകും.ഈ സമ്മോഹനമായ ചരിത്ര മുഹൂർത്തങ്ങൾക്കാണ് ഇന്നലെ പെട്ടെന്നൊരു ട്രാജിക് എൻഡ് ഉണ്ടാകുന്നത്.. തന്റെ പതിമൂന്നാം വയസ്സിൽ തുടർച്ചയായി പത്ത് മണിക്കൂറിലധികം അറ്റ്ലാന്റിക് മഹാ സമുദ്രത്തിന് കുറുകെ പറന്ന് ഈ നഗരത്തിൽ ലാൻഡ് ചെയ്ത അന്നു മുതലുള്ള ഓർമ്മകളുടെ ഒരു മഹാ വേലിയേറ്റം അയാളുടെ എല്ലാ നിയന്ത്രങ്ങളേയും ബ്രേക്ക് ചെയ്തു…കരച്ചിടലക്കാനായില്ല അയാൾക്ക്..ഒപ്പം കണ്ടു നിന്നവർക്കും…

ആ ക്ലബ്ബിനേയും ആ നഗരത്തെയും നെഞ്ചോട് ചേർത്ത അയാൾ അവരെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴെല്ലാം കാറ്റലോണിയൻ സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും വിജയാശംസ നേരുകയും ചെയ്യുന്ന അയാൾ വിടവാങ്ങൽ പ്രസംഗത്തിലും അത് അതാവർത്തിക്കുന്നതിന് നാം സാക്ഷിയായി. തന്റെ പ്രിയപ്പെട്ട മൂന്ന് കാറ്റലൻ മക്കളെയും ഈ നഗരം എനിക്ക് നൽകിയെന്നാണ് ഇടറുന്ന കണ്ഡത്തോടെ അയാൾ പറഞ്ഞു മുഴുമിപ്പിച്ചത്..

ഒന്നര ദശാബ്ദത്തിലധികം അനുവാചകരുടെ മനസ്സിന്റെ ബേസ്‌മെന്റിൽ വേരുറച്ചു പോയ ലോക ഫുട്ബോളിലെ ബാഴ്‌സ-മെസ്സിയെന്ന ഫേമസ് കളീഷേ എന്നന്നേക്കുമായി പര്യവസാനം കുറിച്ചിരിക്കുകയാണ്. പോരാട്ടങ്ങളുടെ പറുദീസയിൽ അവരിനി ഒന്നല്ല രണ്ടാണ്. യൂറോപ്പിന്റെ മെയിൽ ലാൻഡിലെ രണ്ട് ധ്രുവങ്ങളിലായി അവരിനി പന്ത് തട്ടും..തനിക്ക് എല്ലാം നൽകിയ ആ നഗരത്തിൽ തന്നെ തന്റെ വിരമിക്കൽ മത്സരവും കളിക്കും എന്നുറച്ചു വിശ്വസിച്ച ആരാധക സമൂഹത്തിന് അത് ഉൾകൊള്ളാൻ കുറച്ചു സമയമെടുക്കും..നഗരത്തിൽ അയാളില്ലാത്ത സൂര്യാസ്തമയങ്ങൾ കാറ്റലോണിയക്ക് എത്രത്തോളം ബെയർ ചെയ്യാൻ കഴിയുമെന്നറിയില്ല.കാറ്റലൻ തീരങ്ങളെ വർണ്ണപകിട്ടായി നിർത്തുന്ന മെഡിറ്ററേനിയനിലെ കുഞ്ഞോളങ്ങൾക്ക് പോലും അയാളെ പിരിഞ്ഞതിലുള്ള പരിഭവം ഒരുപാട് കാലം കാണും..

ഇന്നലെ സോഷ്യൽ മീഡിയയിൽ മുറിവേറ്റ ആരാധക ഹൃദയങ്ങൾ ഷെയർ ചെയ്ത പോസ്റ്ററുകളിലെ ഏതാനും ചില വരികൾ എടുക്കുകയാണെകിൽ.” എതിർ ടീമിന്റെ ഷോട്ടുകൾ ടെർ സ്റ്റേഗനെ മറികടന്ന് പോകുമ്പോൾ എല്ലാം അവസാനിച്ചെന്ന് കരുതിയിടത്തു നിന്ന് അവസാന പ്രതീക്ഷയെന്നോണം നിസ്സഹായതയോടെ നിങ്ങളുടെ കണ്ണുകൾ റൈറ്റ് വിങ്ങിലേക്ക് നീളുക തന്നെ ചെയ്യും.ഇടതു വിങ്ങിലൂടെ ഓടിക്കയറി ആൽബ പെനാൽറ്റി ബോക്സിന്റെ ഓരത്തേക്ക് നീട്ടി നൽകുന്ന പന്ത് സ്വീകരിക്കാനാളില്ലാതെ പോകുമ്പോൾ കാറ്റലോണിയക്കാർ അവരുടെ രാജാവിനെ ഓർക്കും.ബോക്സിന് തൊട്ടു മുൻപിൽ നിന്ന് ഫ്രീ കിക്ക്‌ ലഭിക്കുമ്പോൾ ക്യാമ്പ് നൗവിൽ ആർത്തു വിളികൾക്കും താളമൊപ്പിച്ചുള്ള കരഘോഷങ്ങൾക്കും പകരം നിശബ്ദത പടരും..
കളിയിലെ ഓരോ മാത്രയിലും നിങ്ങൾ അയാളെ പരതും…ഇല്ലാ ഇനിയൊരിക്കലുമില്ലാ എന്ന് മനസ്സിനെ പറഞ്ഞു ബോധ്യപ്പെടുത്തും…
ലിയോ…..നിങ്ങൾ ഞങ്ങളെ അലട്ടി കൊണ്ടേയിരിക്കും….”

Rate this post