മുന്നേറ്റനിരയിൽ പ്രശ്നങ്ങൾ അനുഭവിക്കുന്ന റയൽ മാഡ്രിഡ് യുറുഗ്വയ് താരം എഡിസൻ കവാനിയെ ടീമിലെത്തിക്കാനൊരുങ്ങുന്നു. സീസൺ അവസാനിച്ചതോടെ പിഎസ്ജിയുമായുള്ള കരാർ അവസാനിച്ച താരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് റയൽ ടീമിലെത്തിക്കാൻ ഒരുങ്ങുന്നത്. ഇതോടെ സെർബിയൻ സ്ട്രൈക്കർ ജൊവിച്ച് റയൽ വിടാനുള്ള സാധ്യതയേറി.
റയൽ സോസിഡാഡിനെതിരെയുള്ള ആദ്യ ലാലിഗ മത്സരത്തിൽ മുന്നേറ്റ നിരയിൽ ഒരു ക്ലിനിക്കൽ സ്ട്രൈക്കറില്ലാത്തതിന്റെ അഭാവം നിഴലിച്ചു കണ്ടിരുന്നു. മത്സരം ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്. ഇതോടെ ജൊവിച്ചിൽ സിദാനു താൽപര്യമില്ലെന്നതു കൊണ്ട് ഒരു സ്ട്രൈക്കറെ ടീമിലെത്തിക്കാൻ റയൽ തീരുമാനിക്കുകയായിരുന്നു.
നേരത്തെ തന്നെ റയലും കവാനിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളുണ്ടായിരുന്നു എങ്കിലും ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അതു സംഭവിക്കുമെന്നു തന്നെയാണ് സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ടു ചെയ്യുന്നത്. പിഎസ്ജിയിൽ എത്തുന്നതിനു മുൻപും റയലിനു കവാനിയിൽ താൽപര്യമുണ്ടായിരുന്നു.
നേരത്തെ ബെൻഫിക്കയിലേക്ക് കവാനി ചേക്കേറാനിരുന്നെങ്കിലും പ്രതിഫലക്കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് അതു നടന്നില്ല. റയലിനോട് വർഷത്തിൽ ഏഴു മില്യന്റ കരാറാണ് താരം ആവശ്യപ്പെടുന്നത്. കളിമെനയാൻ കഴിയുന്ന ബെൻസിമക്കൊപ്പം ഗോളടിയന്ത്രമായ കവാനിയും മുന്നേറ്റത്തിൽ ചേരുന്നത് റയലിനെ കരുത്തരാക്കുമെന്നതിൽ സംശയമില്ല.