താൻ കളിച്ച ക്ലബിനോട് വിശ്വസ്തത പുലർത്തുന്ന നിരവധി താരങ്ങളുണ്ടെങ്കിലും അതിന്റെ പുതിയ തലം കാണിച്ചു തരികയാണ് യുറുഗ്വയ് സ്ട്രൈക്കർ എഡിസൻ കവാനി. താൻ മുൻപു കളിച്ച ഇറ്റാലിയൻ ക്ലബായ നാപോളിയോടുള്ള വിശ്വസ്തത കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി ഇറ്റാലിയൻ ലീഗ് ജേതാക്കളായ യുവന്റസിനു വേണ്ടി റൊണാൾഡോക്കൊപ്പം കളിക്കാനുള്ള ഓഫറാണ് താരം വേണ്ടെന്നു വെച്ചിരിക്കുന്നത്.
ഈ സീസണോടെ പിഎസ്ജിയുമായുള്ള കവാനിയുടെ കരാർ അവസാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ടീമിലെത്തിക്കാനാണ് യുവൻറസ് ശ്രമിക്കുന്നത്. കരാർ ഒഴിവാക്കുന്ന ഹിഗ്വയ്നു പകരക്കാരനായി യുവന്റസ് ടീമിലെത്താനുള്ള വാഗ്ദാനം പക്ഷേ കവാനി നിരസിക്കുകയായിരുന്നു. നാപോളിയോടുള്ള താരത്തിന്റെ ഇഷ്ടമാണ് ഇതിനു കാരണമെന്നാണ് സ്കൈ സ്പോർട്സ് ഇറ്റാലിയ റിപ്പോർട്ടു ചെയ്യുന്നത്.
2010 മുതൽ 2013 വരെ നാപോളിയിൽ കളിച്ച കവാനി 138 മത്സരങ്ങളിൽ നിന്നും നാപോളിക്കു വേണ്ടി 104 ഗോളുകൾ നേടുകയും കോപ ഇറ്റാലിയ കിരീടം ചൂടുകയും ചെയ്തിട്ടുണ്ട്. പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്കാണ് താരം ചേക്കേറുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആ ട്രാൻസ്ഫർ നീക്കങ്ങൾ അവസാനിച്ചു എന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
കവാനി ആവശ്യപ്പെട്ട പ്രതിഫലം നൽകാൻ പോർച്ചുഗീസ് ക്ലബിനു കഴിയാത്തതാണ് ട്രാൻസ്ഫർ നീക്കങ്ങൾ അവസാനിക്കാൻ കാരണം. ഇപ്പോഴും മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരത്തിനു വേണ്ടി യൂറോപ്പിലെയും അമേരിക്കയിലെയും നിരവധി ക്ലബുകൾ രംഗത്തുണ്ട്.