ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഉറുഗ്വൻ സൂപ്പർ താരം എഡിൻസൺ കവാനിയെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്.ഫ്രീ ഏജന്റ് ആയിരുന്ന താരത്തെ ഒരു വർഷത്തെ കരാറിലാണ് എത്തിച്ചതെങ്കിലും കരാർ നീട്ടാനുള്ള ഓപ്ഷൻ കൂടിയുണ്ട്. ജേഡൻ സാഞ്ചോ, ഉസ്മാൻ ഡെംബലെ എന്നിവർക്ക് വേണ്ടി ശ്രമിച്ചു പരാജയപ്പെട്ട ശേഷമാണ് കവാനിയെ യുണൈറ്റഡ് ടീമിൽ എത്തിച്ചത്.
എന്നാൽ താരം ടീമിൽ എത്തി എന്നതിനാൽ തങ്ങളുടെ മുൻ ശ്രമങ്ങളിൽ നിന്നും പിന്തിരിയാൻ യുണൈറ്റഡ് ഒരുക്കമല്ല. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ എത്തിക്കാൻ ശ്രമിച്ച ബാഴ്സയുടെ ഫ്രഞ്ച് സൂപ്പർ താരം ഉസ്മാൻ ഡെംബലെക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ഈ ജനുവരി ട്രാൻസ്ഫറിൽ യുണൈറ്റഡ് പുനരാരംഭിച്ചേക്കുമെന്നാണ് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ അവകാശപ്പെടുന്നത്. ബാഴ്സയെ മറ്റൊരു ഓഫറുമായി സമീപിക്കാനാണ് യുണൈറ്റഡിന്റെ പദ്ധതി.
കഴിഞ്ഞ ട്രാൻസ്ഫറിൽ താരത്തെ ലോണിൽ വാങ്ങാനും പിന്നീട് നിലനിർത്താനുമുള്ള ഓപ്ഷനുമായിരുന്നു മാഞ്ചസ്റ്റർ ബാഴ്സയോട് ആവിശ്യപ്പെട്ടിരുന്നത്. എന്നാൽ ബാഴ്സ ഇതിന് സമ്മതിച്ചിരുന്നില്ല. ഡെംബലെയെ വിട്ടുതരികയാണെങ്കിൽ അത് സ്ഥിരമായിട്ടായിരിക്കണം എന്നാണ് ബാഴ്സ മുന്നോട്ട് വെച്ചിരുന്നത്. ഇതോടെ ഈ ട്രാൻസ്ഫർ നടക്കാതെ പോവുകയായിരുന്നു. പക്ഷെ ഇനി ബാഴ്സ കടുംപിടിത്തം നടത്താൻ സാധ്യതയില്ല. അത്രമേൽ ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയാണ് ബാഴ്സ നേരിടുന്നത്. അത്കൊണ്ട് തന്നെ യുണൈറ്റഡ് ഓഫർ ചെയ്യുന്ന തുകക്ക് ബാഴ്സ താരത്തെ വിട്ടുനൽകാൻ സാധ്യതയുണ്ട് എന്നാണ് ഡെയിലി മെയിലിന്റെ വാദം.
2022-ലാണ് ഡെംബലെയുടെ കരാർ അവസാനിക്കുക. പക്ഷെ താരത്തെ കൂമാൻ അധികം ഉപയോഗപ്പെടുത്തുന്നൊന്നുമില്ല. അതിനാൽ തന്നെ ഈയൊരു അവസ്ഥയിൽ ബാഴ്സ വിട്ടു നൽകാനാണ് സാധ്യത കൂടുതൽ. യുണൈറ്റഡ് ആവട്ടെ അവസാനരണ്ട് മത്സരങ്ങളിലും തോറ്റു കൊണ്ട് മോശം ഫോമിലാണ്.