സ്റ്റാംഫോഡ് ബ്രിഡ്ജിൽ സ്വന്തം കാണികൾക്ക് മുന്നിൽ യുവന്റസിനെ തകർത്തു തരിപ്പണമാക്കി ചെൽസി ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ. മറുപടിയില്ലാത്ത നാല് ഗോളിനാണ് ചെൽസിയുടെ വിജയം. ചലോബാ, റീസ് ജയിംസ്, ഹഡ്സൺ ഒഡോയി, തിമോ വെർണർ എന്നിവരാണ് ഇറ്റാലിയൻ വമ്പൻമാരുടെ കനത്ത തോൽവിക്ക് വഴിയൊരുക്കിയ ഗോളുകൾ സ്വന്തമാക്കിയത്. 25ആം മിനുട്ടിൽ ആണ് ചെൽസി ലീഡ് എടുത്തത്. ഒരി കോർണറിൽ നിന്ന് സെന്റർബാക്കായ ചലോബ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ചലോബയുടെ ചെൽസിക്കായുള്ള മൂന്നാം ഗോളും ചാമ്പ്യൻസ് ലീഗിലെ ആദ്യ ഗോളുമായുരുന്നു ഇത്. ഈ ഗോളിന് ശേഷം മൊറാട്ടയ്ക്ക് സമനില നേടാൻ നല്ല അവസരം ലഭിച്ചു. മൊറാട്ടയുടെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് ഒരു ഗോൾ ലൈൻ ക്ലിയറൻസിലൂടെ തിയാഗോ സിൽവ രക്ഷിച്ചു.
രണ്ടാം പകുതിയും ചെൽസി ഗംഭീരമായി തുടങ്ങി. 56ആം മിനുട്ടിൽ റീസ് ജെയിംസിലൂടെ ചെൽസി ലീഡ് ഇരട്ടിയാക്കി. 58ആം മിനുട്ടിൽ ഹുഡ്സൺ മൂന്നാം ഗോൾ നേടി. കളിയുടെ അവസാന നിമിഷം വെർണറിലൂടെ മൂന്നാം ഗോൾ നേടാനും ചെൽസിക്ക് ആയി.കളിയിൽ ഉടനീളം വ്യക്തമായ ആധിപത്യമാണ് നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാർ പുലർത്തിയത്. എവേ മത്സരത്തിൽ യുവന്റസിനോട് ഒരു ഗോളിന് പരാജയപ്പെട്ട ബ്ലൂസിന് ഇന്നത്തെ തകർപ്പൻ ജയം മധുര പ്രതികാരമായി മാറി. ഇരു ടീമുകൾക്കും 5 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണെങ്കിലും ഗോൾ ശരാശരിയിൽ ചെൽസിയാണ് മുന്നിൽ. തോറ്റെങ്കിലും യുവന്റസും ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് ബെർത്ത് ഉറപ്പാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മാൽമോയും സെനിത് സൈന്റ്റ് പീറ്റേർസ്ബബെർഗും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ചാമ്പ്യൻസ് ലീഗിൽ സാവി ഹെർണാണ്ടസിന്റെ ചുമതലയുള്ള രണ്ടാമത്തെ മത്സരത്തിൽ ബാഴ്സലോണയും ബെൻഫിക്കയും ഒരു ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.കറ്റാലൻസ പരിശീലകനായി അധികാരമേറ്റതിന് ശേഷം തന്റെ ലാലിഗ ഓപ്പണറിൽ എസ്പാൻയോളിനെതിരെ 1-0 ന് ടീമിനെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ബാഴ്സയ്ക്കായി ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ ചുമതലയുള്ള സാവിയുടെ ആദ്യ മത്സരമായിരുന്നു ഇത്.ആദ്യ പകുതിയിൽ ബാഴ്സലോണ മികച്ച കളി പുറത്തെടുത്തു. മികച്ച പസിങ്ങിലൂടെ മുന്നേറിയ അവർ അവസരം കിട്ടിയപ്പോൾ എല്ലാം കൗണ്ടർ അറ്റാക്ക് നടത്തുകയും ചെയ്തെങ്കിലും ഗോൾ മാത്രം വീണില്ല.ആദ്യ അപകുതിയിൽ ബെൻഫിക്കയുടെ റോമൻ യാരെംചുക്കിന്റെ ക്ലോസ് റേഞ്ച് ഹെഡർ മാർക്ക്-ആന്ദ്രെ ടെർ സ്റ്റെഗൻ രക്ഷപെടുത്തി. ബാഴ്സ യുവ താരം യൂസഫ് ഡെമിർ അടിച്ച മനോഹരമായ കേളിംഗ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി.മെംഫിസ് ഡിപേയ്ക്ക് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും നിക്കോളാസ് ഒട്ടാമെൻഡിയുടെ സ്ലൈഡിംഗ് ടാക്കിൾ ബെൻഫിക്കയെ രക്ഷപെടുത്തി.
മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് റൊണാൾഡ് അരൗജോ ബാഴ്സലോണക്കായി ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് ആയി.ബെൻഫിക്കയേക്കാൾ രണ്ട് പോയിന്റ് മുന്നിലാണ് ബാഴ്സ, എന്നാൽ ഇതുവരെ ഒരു മികച്ച വിജയ റെക്കോർഡുള്ള ബയേണിനെ നേരിടാൻ ജർമ്മനിയിലേക്ക് പോകുമ്പോൾ അവസാന ഗ്രൂപ്പിൽ അവർക്ക് ഒരു വെല്ലുവിളി നേരിടേണ്ടി വരും. അതേസമയം, ബെൻഫിക്ക തങ്ങളുടെ അവസാന മത്സരത്തിൽ ലിസ്ബണിലെ സ്വന്തം തട്ടകത്തിൽ വിജയിക്കാത്ത ഡിനാമോ കീവ് ആതിഥേയത്വം വഹിക്കും.പുതിയ മാനേജർ സാവി ടീമിന്റെ തീവ്രത, താളം, പന്ത് നിയന്ത്രണം, കൂട്ടായ പ്രയത്നം തുടങ്ങി നിരവധി പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിച്ചതായി തോന്നുമെങ്കിലും, സ്കോറിംഗ് ഒരു പ്രശ്നമായി തുടരുന്നു.
യാങ്ബോയ്സും അറ്റ്ലാന്റായും തമ്മിൽ ആറു ഗോളുകൾ പിറന്ന മത്സരം 3-3 എന്ന സ്കോറിലാണ് അവസാനിച്ചത്. സപാറ്റ,പൊലൊമിനോ, മുറിയൽ എന്നിവരാണ് അറ്റലാന്റയുടെ ഗോളുകൾ നേടിയത്. സിബചു ,സിയെറോ,ഹെഫ്റ്റി എന്നിവർ യാങ് ബോയ്സിന്റെ ഗോളുകൾ നേടി.ഈ സമനിലയോടെ 6 പോയിന്റുമായി അറ്റലാന്റ ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുകയാണ്.
സ്പെയിനിലെ എസ്റ്റാഡിയോ റാമോൺ സാഞ്ചസ് പിസ്ജുവാനിൽ നടന്ന മറ്റൊരു മത്സരത്തിൽ സെവിയ്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തി. 12 ആം മിനുട്ടിൽ ജോവാൻ ജോർഡൻ ഇഞ്ചുറി ടൈമിൽ റാഫ മിർ എന്നിവരാണ് സെവിയ്യയുടെ ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ ജോനാഥൻ ഡേവിഡ് നേടിയ ഏക ഗോളിന് ലില്ലേ സാൽസ്ബർഗിനെ പരാജയപ്പെടുത്തി ഗ്രൂപ്പിൽ 8 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.RB സാൽസ്ബർഗ് (ഏഴ് പോയിന്റ്), സെവിയ്യ (ആറ്), വുൾഫ്സ്ബർഗ് (അഞ്ച്) എന്നിവർ തൊട്ടു പിന്നിലുണ്ട്.