ബുണ്ടസ് ലിഗയിൽ ഗോളടിച്ചു കൂട്ടിയ സീസണു ശേഷം ചെൽസി സ്വന്തമാക്കിയ ടിമോ വെർണർ മികച്ച ഫോമിലാണെങ്കിലും തന്റെ പരിപൂർണ മികവ് ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ നിരവധി താരങ്ങൾ നിറഞ്ഞ ടീം ഒത്തിണക്കം കാണിച്ചു തുടങ്ങിയാൽ ചെൽസിയുടെ പ്രകടനവും അതിനൊപ്പം താരത്തിന്റെ മികവും ഉയരുമെന്നതു തീർച്ചയാണ്. ഇന്നു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റെന്നസിനെ നേരിടാനൊരുങ്ങുമ്പോൾ തങ്ങളുടെ ലക്ഷ്യം ചാമ്പ്യൻസ് ലീഗ് കിരീടമാണെന്ന് താരം വ്യക്തമാക്കി.
”ഞങ്ങൾക്ക് വളരെ മികച്ച താരങ്ങളുള്ള ഒരു സ്ക്വാഡ് സ്വന്തമായിട്ടുണ്ട്. അതുകൊണ്ടു തന്നെ ടൂർണമെന്റിൽ പരമാവധി ദൂരം മുന്നോട്ടു പോവുകയാണു ലക്ഷ്യം. അടുത്ത റൗണ്ടിലെത്തിയതിനു ശേഷം ബാക്കി കാര്യങ്ങൾ നോക്കാമെന്നു പറയാനല്ല ഞങ്ങൾ വന്നിരിക്കുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടം നേടാനാണ്.” മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് വെർണർ പറഞ്ഞു.
“നിരവധി മത്സരങ്ങൾ എല്ലാവർക്കും കളിക്കാനുള്ളതു കൊണ്ട് എല്ലാ ടീമുകൾക്കും അതു കൈകാര്യം ചെയ്യേണ്ടതുണ്ട്. അതു ഞങ്ങളുടെ സാധ്യതയും വർദ്ധിപ്പിക്കുന്നു. ഈ സീസണിലും വരും വർഷങ്ങളിലും ഞങ്ങൾക്കു കിരീടം നേടാൻ സാധ്യതയുണ്ട്. എല്ലാവരും പരസ്പരം മനസിലാക്കാൻ ശ്രമിക്കുന്നതു കൊണ്ട് ഞങ്ങൾക്ക് വളരെയധികം മുന്നോട്ടു പോകാൻ കഴിയും.”
പുതിയതായി ടീമിലെത്തിയ താരങ്ങൾ ചെൽസിക്കൊപ്പം മികച്ച പ്രകടനം നടത്താൻ ആരംഭിച്ചിട്ടുണ്ട്. വെർണറുടെയും മൊറോക്കൻ താരം ഹക്കിം സിയച്ചുമാണ് അതിൽ മുന്നിലുള്ളത്. മെൻഡി ഗോൾകീപ്പിങ്ങ് ഡിപാർട്മെന്റിന്റെ പ്രശ്നങ്ങളും പരിഹരിച്ചതോടെ ചെൽസി അതിശക്തരായാണു മാറിക്കൊണ്ടിരിക്കുന്നത്.