യുവേഫ ചാമ്പ്യൻസ് ലീഗിൽ വിയ്യ റയലിനെതിരെ നേടിയ തകർപ്പൻ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ചു. ഓലെ സ്ഥാനമൊഴിഞ്ഞതിനു ശേഷം കളിച്ച ആദ്യ മത്സരത്തിൽ രണ്ടു ഗോളുകളുടെ വിജയമാണ് റെഡ് ഡെവില്സ് നേടിയത്.താല്ല്കാലിക പരിശീലക ചുമതലയുള്ള കാരിക്കിന് ആത്മവിശ്വാസം നൽകുന്നതാകും ഈ വിജയം. ക്രിസ്റ്റിന റൊണാൾഡോയും സാഞ്ചോയുമാണ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത് .ബ്രൂണോ ഫെര്‍ണാണ്ടസിന് പകരം ഡച്ച് താരം വാൻ ഡി ബീക് ആദ്യ ഇലവനിൽ സ്ഥാനം പിടിക്കുകയും ചെയ്തു.
ആദ്യ പകുതിയിൽ വിയ്യറയലിന്റെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. ഡിഹിയയുടെ രണ്ട് മികച്ച സേവുകൾ വേണ്ടി വന്നു യുണൈറ്റഡിനെ രക്ഷിക്കാൻ. രണ്ടാം പകുതിയിൽ റഷ്ഫോർഡിനെയും ബ്രൂണോയെയും ഇറക്കിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താളം കണ്ടെത്തി തുടങ്ങിയത്. ബ്രൂണോയുടെ പാസിൽ നിന്ന് സാഞ്ചോയ്ക്ക് കിട്ടിയ അവസരം ഗോളെന്ന് ഉറച്ചു എങ്കിലും മികച്ച സേവിലൂടെ വിയ്യറയൽ കീപ്പർ റുലി സാഞ്ചോയെ തടഞ്ഞു.78ആം മിനുട്ടിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്.
വിയ്യറയൽ ഡിഫൻസിന്റെ അബദ്ധം മുതലെടുത്ത് റൊണാൾഡോ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോ യുണൈറ്റഡിനെ രക്ഷിക്കുന്നതിന്റെ ആവർത്തനമായിരുന്നു ഈ ഗോൾ. ഈ ചാമ്പ്യൻസ് ലീഗിലെ റൊണാൾഡോയുടെ ആറാം ഗോളായിരുന്നു ഇത്. കരിയറിലെ 799 മത്തെ ഗോളും കൂടിയായിരുന്നു ഇത്.അവസാന നിമിഷങ്ങളിൽ ലീഡ് ഇരട്ടിയാക്കാൻ യുണൈറ്റഡിന് അവസരങ്ങൾ ലഭിച്ചു. 89ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ജേഡൻ സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു. സാഞ്ചോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോളാണിത്.ഈ ജയത്തോടെ 10 പോയിന്റുമായി യുണൈറ്റഡ് പ്രീക്വാർട്ടർ ഉറപ്പിച്ചു. വിയ്യറയൽ 7 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുകയാണ്.
മറ്റൊരു പ്രധാന മത്സരത്തിൽ ബയേൺ മ്യൂണിക്ക് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ജയം. മഞ്ഞിൽ കുതിര്‍ന്ന മത്സരത്തിൽ കോവിഡ്-19 ക്വാറന്റൈനിൽ കാരണം അര ഡസൻ കളിക്കാരില്ലാതെയാണ് ബയേൺ ഇറങ്ങിയത്.14-ാം മിനിറ്റിലെ അതിമനോഹരമായ ഓവർഹെഡ് കിക്കിലൂടെ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ബയേണിനെ മുന്നിലെത്തിച്ചു.താരത്തിന്റെ 2021ലെ 64ആം ഗോളായിരുന്നു ഇത്.
ആദ്യ പകുതി അവസാനിക്കും മുമ്പ് കൊമാൻ കൂടെ ഗോൾ നേടിയതോടെ 2-0ന്റെ ലീഡിൽ എത്താൻ ബയേണായി. 70-ാം മിനുട്ടിൽ ഡെനിസ് ഗാർമാഷിലൂടെ കീവ് ഒരു മടക്കിയെങ്കിലും പരാജയത്തെ ഒഴിവാക്കാനായില്ല.ബുണ്ടസ്ലിഗയിൽ ഓഗ്സ്ബർഗിനോട് വെള്ളിയാഴ്ച നടന്ന 2-1 തോൽവിയിൽ നിന്ന് തിരിച്ചു വന്ൻ ബവേറിയക്കാർ അഞ്ച് കളികളിൽ നിന്ന് അഞ്ച് വിജയങ്ങളുമായി 15 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.