എൻസോ ഫെർണാണ്ടസിന്റെ കാര്യത്തിൽ വീണ്ടും ട്വിസ്റ്റ്, സ്വന്തമാക്കാനുറപ്പിച്ചു ചർച്ചകൾ വീണ്ടുമാരംഭിച്ച് ചെൽസി

ജനുവരി ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അർജന്റീനിയൻ മധ്യനിര താരമായ എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ ഊർജ്ജിതമാക്കി ചെൽസി. താരത്തിനായി ചെൽസി നേരത്തെയും ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ക്ലബുകൾ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് ബെൻഫിക്ക അതിൽ നിന്നും പിൻമാറുകയായിരുന്നു.

എൻസോ ഫെർണാണ്ടസിന്റെ ട്രാൻസ്‌ഫർ ഫീസ് സംബന്ധിച്ച് ധാരണപ്പിശക് സംഭവിച്ചതിനെ തുടർന്നാണ് നേരത്തെ ബെൻഫിക്ക പിന്മാറിയത്. 120 മില്യൺ റിലീസിംഗ് ക്ലോസ് ഒറ്റയടിക്ക് നൽകണമെന്നായിരുന്നു ബെൻഫിക്കയുടെ ആവശ്യം. എന്നാൽ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളെ മറികടക്കാൻ അത് മൂന്നു തവണയായി നൽകാമെന്ന ആവശ്യം ചെൽസി മുന്നോട്ടു വെച്ചപ്പോൾ ബെൻഫിക്ക അതിൽ നിന്നും പിന്മാറി.

എന്നാൽ ജനുവരിയിൽ തന്നെ താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ ചെൽസിയിപ്പോൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ബെൻഫിക്കയുമായി അവർ ട്രാൻസ്‌ഫർ ചർച്ചകൾ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. നേരത്തെ ബ്രൈറ്റൻ താരമായ മോസസ് കൈസഡോക്ക് വേണ്ടി ചെൽസി ശ്രമം നടത്തിയിരുന്നു. അത് നടക്കാതെ വന്നതോടെയാണ് എൻസോ ഫെര്ണാണ്ടസിലേക്ക് ചെൽസി വീണ്ടുമെത്തിയത്.

നേരത്തെ എൻസോ ഫെർണാണ്ടസിനു വേണ്ടി നടത്തിയ ശ്രമങ്ങൾ നടന്നില്ലെങ്കിലും താരത്തിന്റെ പ്രതിനിധികളുമായി ചെൽസി ഇപ്പോഴും ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. ചെൽസിയിലേക്ക് ചേക്കേറാൻ എൻസോ ഫെർണാണ്ടസിനു താല്പര്യവുമുണ്ട്. എന്നാൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകളിൽ കളിക്കാനുണ്ടെന്നിരിക്കെ താരത്തെ വിട്ടുകൊടുക്കാൻ ബെൻഫിക്ക പരിശീലകന് താൽപര്യമില്ല.

നിലവിൽ മറ്റൊരു ക്ലബും എൻസോ ഫെർണാണ്ടസിനായി ശ്രമം നടത്തുന്നില്ലെന്നിരിക്കെ ചെൽസിക്ക് സാധ്യത കൂടുതലാണ്. എൻസോ കൂടിയെത്തിയാൽ ഈ ജനുവരി ജാലകത്തിൽ ചെൽസി നടത്തുന്ന എട്ടാമത്തെ സൈനിങായിരിക്കുമത്. മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നതെന്നു വ്യക്തം.

Rate this post