ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് ഹീറോ റമിറസ് ബൂട്ടഴിക്കുമ്പോൾ |Ramires| Brazil

ചെൽസി ഫുട്ബോൾ ക്ലബിന്റെ ദൈർഘ്യമേറിയതും മഹത്തായതുമായ ചരിത്രത്തിൽ ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസിന് വലിയ സ്ഥാനമൊന്നും ഉണ്ടാവില്ല. എന്നാൽ റമിറസ് നേടിയതിനേക്കാൾ വലിയ ഗോൾ ഇതുവരെയും ഒരു ചെൽസി താരവും നേടിയിട്ടില്ല എന്ന് പറയേണ്ടി വരും. പത്ത് വർഷം മുമ്പ് ബാഴ്‌സലോണയിലെ ചരിത്ര രാത്രിയിൽ നേടിയ ഗോൾ മാത്രം മതിയാവും റാമിറസ് ആരാണെന്നു മനസ്സിലാക്കാൻ.

ആ ഗോളിനും , ആ ആഘോഷത്തിനും , ആ രാത്രിക്കും തത്സമയം സാക്ഷ്യം വഹിക്കാൻ കഴിയാത്ത ചെൽസി ആരാധകരുടെ വളർന്നുവരുന്ന ഒരു തലമുറക്ക് റാമിറസ് ഇപ്പോഴും ഒരു മിഡ്ഫീൽഡർ മാത്രമാണ്. ഫ്രഞ്ച് താരം പ്രീമിയർ ലീഗിൽ കൊടുങ്കാറ്റായി മുന്നേറുന്നതിന് മുമ്പ് ബ്രസീലിയൻ എൻ ഗോലോ കാന്റെയെപ്പോലെയായിരുന്നു. ഊർജ്ജം നിറഞ്ഞ, ടാക്കിളിൽ മിടുക്കൻ, ഓൾറൗണ്ട് സോളിഡ് മിഡ്ഫീൽഡർ ആയിരുന്നു ബ്രസീൽ ഇന്റർനാഷണൽ.ഏത് പൊസിഷനും കളിക്കുന്ന മിഡ്ഫീൽഡർ കം വിംഗർ. പേസും സ്കിൽസും കൊണ്ട് സമ്പന്നമായ പ്ലെയിംഗ് ശൈലി , പേസിൽ ഡ്രിബ്ളിംഗ് ചെയ്യാനുള്ള അസാധ്യമായ കഴിവ്.അതുപോലെ മിഡ്ഫീൽഡിൽ ഹൈ എനർജിയും വർക്ക് റേറ്റും തളരാത്ത ഫിറ്റ്നസ് ലെവലും റാമിറെസിനെ സ്പെഷ്യൽ പ്രതിഭ ആക്കി മാറ്റി നിർത്തുന്നു.

2012-ൽ ബാഴ്‌സലോണയ്‌ക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും സവിശേഷ നിമിഷം.ബാഴ്സക്കെതിരെ പുയോളിനെയും ബുസ്കെറ്റിസിനേയും സ്പീഡിലൂടെ മറികടന്ന് വളരെ പ്രയാസകരമായ ആംഗിളിൽ നിന്നും ഗോൾകീപ്പർ വിക്ടർ വാൽഡെസിനെ നിസഹയനാക്കി നേടിയ പ്രഥമ യുസിഎൽ ചെൽസിക്ക് നേടികൊടുക്കുന്നതിൽ നിർണായകമായി മാറിയ ചരിത്ര പ്രസിദ്ധമായ ചിപ്പ് ഗോൾ ആയിരുന്നു അത്.

ഈ റാമിറസ് 35 ആം വയസ്സിൽ പ്രൊഫഷനൽ ഫുട്ബോളിനോട് വിട പറഞ്ഞിരിക്കുകയാണ്.തന്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിലൂടെയാണ് റാമിറസ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇം​ഗ്ലീഷ് ചെൽസിയിൽ റാമിറസിന്റെ സഹതാരമായിരുന്ന ജോൺ മിക്കൽ ഒബി ഇന്നലെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.35-കാരനായ റാമിറസ് ഒന്നരപ്പതിറ്റാണ്ടിലേറെ നീളുന്ന കരിയറിനാണ് വിരാമിട്ടിരിക്കുന്നത്. 2010 മുതൽ ആറ് വർഷം ചെൽസിയിൽ കളിക്കവെയാണ് റാമിറസ് ഏറ്റവും ശ്രദ്ധേയനാകുന്നത്.

ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീ​ഗ്, പ്രീമിയർ ലീ​ഗ് കിരീടവും റാമിറസ് നേടിയിട്ടുണ്ട്.ചെൽസിക്ക് പുറമെ ക്രുസേറിയ, ബെൻഫിക്ക തുടങ്ങിയ പ്ര​ധാന ക്ലബുകൾക്കായും റാമിറസ് കളിച്ചിട്ടുണ്ട്. ബ്രസിലീയൻ ക്ലബായ പാൽമെയ്റാസിനായാണ് റാമിറസ് ഒടുവിൽ കളിച്ചത്. ബ്രസീൽ ദേശീയ ടീമിനായി 52 മത്സരങ്ങളും റാമിറസ് കളിച്ചിട്ടുണ്ട്.2020 നവംബറിൽ പാൽമിറാസ് വിട്ടതിനുശേഷം 35 കാരനായ അദ്ദേഹം ക്ലബ് ഇല്ലായിരുന്നു. 2016 ന് ശേഷം തന്റെ പ്രതിഭക്കൊത്ത പൊട്ടൻഷ്യൽ നിലനിർത്താൻ കഴിയാതെ പോയതോടെ ബ്രസീൽ ടീമിൽ നിന്നും യുറോപ്യൻ ക്ലബ് ഫുട്‌ബോളിൽ നിന്നും വളരെ ചെറുപ്രായത്തിൽ തന്നെ അകന്ന് അപ്രത്യക്ഷമായി.

2006 ൽ ബ്രസീലിയൻ ക്ലബ് ജോയിൻവില്ലെയിലൂടെ കരിയർ ആരംഭിച്ച റാമിറസ് അടുത്ത വര്ഷം ക്രൂയിസീറോയില് എത്തുകയും അവിടത്തെ അമികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയിലെത്തിച്ചു.ബെൻഫിക്കയിൽ മികവ് റാമിറസിനെ ബ്രസീൽ ദേശീയ ടീമിലേക്കും ചെൽസിയിലേക്കും എത്തിച്ചു. ബെയ്ജിംഗിൽ നടന്ന 2008 സമ്മർ ഒളിമ്പിക്സിനുള്ള ബ്രസീൽ അണ്ടർ 23 ടീമിൽ റോബീഞ്ഞോയുടെ പകരക്കാരനായി റാമിറെസ് തിരഞ്ഞെടുക്കപ്പെട്ടു.2009 മെയ് 21-ന്, 2010 ഫിഫ ലോകകപ്പ് യോഗ്യതയ്ക്കും 2009 ഫിഫ കോൺഫെഡറേഷൻസ് കപ്പിനുമായി ബ്രസീൽ ദേശീയ ടീമിലേക്ക് റാമിറെസിനെ വിളിച്ചു.

2009 ജൂൺ 6-ന് സീനിയർ ദേശീയ ടീമിനായി റാമിറസ് തന്റെ ആദ്യ മത്സരം കളിച്ചു, 2010 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയ്‌ക്കെതിരെയാണ് അദ്ദേഹം എലാനോയ്ക്ക് പകരക്കാരനായി വന്നത്.2010 ജൂൺ 7-ന് ടാൻസാനിയയ്‌ക്കെതിരെ റാമിറെസ് തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ പ്രീക്വാർട്ടറിൽ ചിലിക്കെതിരെ കോർട്ടിന്റെ മധ്യത്തിൽ നിന്നും കുതിച്ചു നാല് ചിലിയൻ താരങ്ങളെ ഡ്രിബ്ളിംഗിലുടെ മറികടന്ന് ചിലി ഡിഫൻസിനെ കീറിമുറിച്ചു റോബീന്യോക്ക് നൽകിയ അസ്സിസ്റ്റോടെ ആരാധകരുടെ ഇഷ്ട താരമായി മാറുകയും ചെയ്തു.

സസ്‌പെൻഷനിലായിരുന്ന റാമിറസിന്റെ അഭാവമാണ് നെതർലൻഡ്‌സിനോട് ക്വാർട്ടർ ഫൈനൽ തോൽവിക്ക് കാരണമെന്ന് അന്നത്തെ ബ്രസീലിയൻ മുഖ്യ പരിശീലകനായിരുന്ന ദുംഗ അഭിപ്രായപെടുകയും ചെയ്തു.നെതർലന്റ്സിനോട് അപ്രതീക്ഷിതമായി അട്ടിമറി തോൽവി ഏറ്റ് വാങ്ങിയാണ് ബ്രസീൽ പുറത്തായത്. ദുംഗയുടെ പ്രിയ താരമായിരുന്നു റാമിറെസ്. 2011-ൽ അർജന്റീനയിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള 23 അംഗ ടീമിൽ റാമിറെസ് ഇടംപിടിച്ചു.ബ്രസീലിൽ നടന്ന 2014 ലോകകപ്പിനുള്ള ബ്രസീലിന്റെ ടീമിൽ റാമിറെസ് ഇടം നേടി. ഏഴു മത്സരങ്ങളും കളിക്കുകയും ചെയ്തു. 2014 നു ശേഷം താരം ബ്രസീൽ ടീമിൽ ഇടം നേടിയിട്ടില്ല.

Rate this post
Ramires