“ഇഞ്ചുറി ടൈം പെനാൽറ്റി ഗോളിൽ വിജയം നേടി ചെൽസി : സലയുടെ ഗോളിൽ ലിവർപൂൾ : സിറ്റിക്കെതിരെ വോൾവ്സ് പൊരുതി കീഴടങ്ങി : ആഴ്സണലിനും ജയം”

ജോർജിഞ്ഞോ സ്റ്റോപ്പേജ് ടൈമിൽ നേടിയ പെനാൽറ്റി ഗോളിൽ ലീഡ്സ് യൂണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി.അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ലീഡ്സ് യുണൈറ്റഡ് താരം ജെയിംസിനെ അലോൺസോ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി റഫീഞ്ഞയാണ് ലീഡ്‌സിന് ആദ്യ ഗോൾ നേടി കൊടുത്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് അലോൺസോയുടെ പാസിൽ നിന്ന് മേസൺ മൗണ്ട് ചെൽസിക്ക് സമനില നേടിക്കൊടുത്തു.

തുടർന്ന് രണ്ടാം പകുതിയിൽ ചെൽസിക്ക് അനുകൂലമായി വാർ പെനാൽറ്റി വിളിച്ചു. ചെൽസി താരം റുഡിഗറിനെ റഫിഞ്ഞ ഫൗൾ ചെയ്തതിനാണ് വാർ ചെൽസിക്ക് പെനാൽറ്റി നൽകിയത്. പെനാൽറ്റി എടുത്ത ജോർഗീനോ ഗോൾ കീപ്പർക്ക് ഒരു അവസരവും നൽകാതെ ഗോളാക്കി ചെൽസിയെ മത്സരത്തിൽ മുൻപിൽ എത്തിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ 7 മിനിറ്റ് ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ ഗെൽഹാർട്ട് ലീഡ്‌സിന് സമനില നേടികൊടുക്കുകയായിരുന്നു. തുടർന്ന് മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് ചെൽസിക്ക് വേണ്ടി റുഡിഗർ വീണ്ടും പെനാൽറ്റി നേടിക്കൊടുത്തത്. ഇത്തവണയും പെനാൽറ്റി എടുത്ത ജോർഗീനോ ലീഡ്സ് വല കുലുക്കുകയും ചെൽസിക്ക് വിലപ്പെട്ട മൂന്ന് പോയിന്റ് നേടികൊടുക്കുകയുമായിരുന്നു.

ആസ്റ്റൺ വില്ലയുടെ പരിശീലകനായി ആൻഫീൽഡിൽ എത്തിയ ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡിന് തോൽവിയോടെ മടക്കം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജയം. പെനാൽറ്റിയിൽ നിന്നും മുഹമ്മദ് സലായാണ് വിജയ ഗോൾ നേടിയത്.67ആം മിനുട്ടിൽ മിങ്സ് സലായെ വീഴ്ത്തിയതിനായിരുന്നു പെനാൾട്ടി ലഭിച്ചത്.കൗണ്ടർ അറ്റാക്കിലൂടെ ലിവർപൂളിനെതിരെ സമനില നേടാൻ വില്ല ശ്രമിച്ചു എങ്കിലും അവർക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല.

എവർട്ടണെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയും ഏറ്റ പരാജയങ്ങൾ മറന്നു കൊണ്ട് ആഴ്സണൽ ഇന്ന് സൗതാമ്പ്ടണെ തോൽപ്പിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ആഴ്സണൽ വിജയം.മത്സരത്തിന്റെ 21ആം മിനുട്ടിൽ ലകാസെറ്റ് ആണ് ആഴ്സണലിന് ലീഡ് നൽകിയത്. വലതു വിങ്ങിലൂടെ സാക നടത്തിയ അറ്റാക്കിൽ നിന്നായിരുന്നു ലകാസെറ്റിന്റെ ഗോൾ.പിന്നാലെ 27ആം മിനുട്ടിൽ ഒഡെഗാർഡിന്റെ ഒരു ഹെഡറിലൂടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. ഒഡെഗാർഡിന്റെ അവസാന മൂന്ന് മത്സരങ്ങൾക്ക് ഇടയിലെ മൂന്നാം ഗോളായിരുന്നു ഇത്. രണ്ടാം പകുതിയിൽ ഗബ്രിയേലിലൂടെ അവർ മൂന്നാം ഗോളും നേടി മൂന്ന് പോയിന്റ് ഉറപ്പാക്കി.

ഒരു ചുവപ്പ് കാർഡും 5 മഞ്ഞ കാർഡുകളും കണ്ട വാശിയേറിയ പോരാട്ടത്തിൽ വോൾവ്സിനെ പെനാൽറ്റി ഗോളിൽ മറികടന്ന് മാഞ്ചസ്റ്റർ സിറ്റി. 66 ആം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് വോൾവ്സ്‌ താരം ജാവോ മൗട്ടീന്യോയ്ക്കെതിരായ ഹാൻഡ് ബോളിൽ റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. പെനാൽറ്റിയെടുത്ത റഹീം സ്റ്റെർലിംഗ് പന്ത് അനായാസം വലയിൽ എത്തിച്ചു. ഇതോടെ സ്റ്റെർലിംഗ് പ്രീമിയർ ലീഗിൽ 100 ഗോൾ തികച്ചു.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ റൗൾ ജിമിനെസ്‌ ചുവപ്പ് കാർഡ് വാങ്ങി കളം വിട്ടതോടെ രണ്ടാം പകുതി മുഴുവൻ 10 പേരുമായാണ് വോൾവ്സ്‌ കളിച്ചത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മികച്ച പോരാട്ട വീര്യം പുറത്തെടുത്ത ഗോൾ കീപ്പർ ജോസെ സാ ഗോളെന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് സേവ് ചെയ്ത് വോൾവ്സിന്റെ രക്ഷകനായത്. ജയത്തോടെ 38 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

Rate this post