മാഞ്ചസ്റ്റർ യുണൈറ്റഡിൽ മികച്ച പ്രകടനം നടത്താൻ കഴിയാതെ പതറുന്ന പ്രതിരോധതാരം ഹാരി മഗ്വയറെ ലക്ഷ്യമിട്ട് പ്രീമിയർ ലീഗിലെ പ്രധാന എതിരാളികൾ. സ്പോർട്സ് മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ഒരു പ്രതിരോധതാരത്തെ ടീമിൽ എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ചെൽസിയാണ് ഇംഗ്ലീഷ് ഡിഫെൻഡർക്കു വേണ്ടി രംഗത്തു വന്നിട്ടുള്ളത്. വെസ്ലി ഫൊഫാനക്കു വേണ്ടി നടത്തിയ നീക്കങ്ങൾ ഫലം കാണാതെ വന്നതോടെയാണ് ചെൽസി മാഗ്വയറിലേക്ക് ശ്രദ്ധ തിരിച്ചത്.
ചെൽസിയുടെ മുന്നേറ്റനിര താരമായ ക്രിസ്റ്റ്യൻ പുലിസിച്ചിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് താൽപര്യമുണ്ടെന്ന് കുറച്ചു ദിവസങ്ങളായി റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ഹാരി മഗ്വയറെ സ്വന്തമാക്കാനുള്ള ശ്രമം നടത്താമെന്നാണ് ചെൽസി കണക്കു കൂട്ടുന്നത്. ഫൊഫാന തന്നെയാണ് ഇപ്പോഴും ചെൽസിയുടെ പ്രധാന ലക്ഷ്യമെങ്കിലും താരത്തെ ലൈസ്റ്റർ സിറ്റി വിട്ടുകൊടുക്കാൻ സാധ്യത കുറവാണ്. ഫൊഫാനയെ ലഭിച്ചില്ലെങ്കിൽ മഗ്വയർക്കു വേണ്ടിയുള്ള ശ്രമങ്ങൾ ചെൽസി ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എറിക് ടെൻ ഹാഗിന്റെ പദ്ധതികളിൽ ഹാരി മഗ്വയറുടെ സ്ഥാനത്തെക്കുറിച്ച് ആശങ്കകൾ ഉയരുന്ന സമയത്താണ് ചെൽസിക്ക് താരത്തിൽ താൽപര്യം ആരംഭിച്ചതെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടു പ്രീമിയർ ലീഗ് മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയപ്പോൾ നായകനായ മഗ്വയറുടെ പ്രകടനം ശരാശരിയായിരുന്നു. പ്രീമിയർ ലീഗിൽ ലിവർപൂളിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിൽ ഇംഗ്ലീഷ് താരത്തിന് ആദ്യ ഇലവനിൽ ഇടമുണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ സമ്മറിൽ റയൽ മാഡ്രിഡിൽ നിന്നുമെത്തിയ റാഫേൽ വരാനെ ആദ്യ ഇലവനിലേക്ക് തിരിച്ചു വരുന്നതിനായി സമ്മർദ്ദം ചെലുത്തുന്നതും മഗ്വയറിനു ഭീഷണിയാണ്. അടുത്ത മത്സരത്തിൽ മാഗ്വയർ മാറ്റി നിർത്തപ്പെടുകയും പകരം വരുന്ന പ്രതിരോധ സഖ്യം മികച്ച പ്രകടനം നടത്തുകയും ചെയ്താൽ ഇംഗ്ലീഷ് താരത്തിന്റെ ടീമിലെ സ്ഥാനം പരുങ്ങലിലാവും. അതുകൊണ്ടു തന്നെ ചെൽസിയിലേക്കുള്ള ട്രാൻസ്ഫർ മാഗ്വയർ പരിഗണിക്കില്ലെന്ന് ഒരിക്കലും കരുതാൻ കഴിയില്ല.