സിറ്റിക്ക് മുന്നിൽ വീണ് ചെൽസി : ഷൂട്ട് ഔട്ടിൽ ലിവർപൂളിന് ജയം : ആഴ്സണലും ടോട്ടൻഹാമും പുറത്ത്
ഇത്തിഹാദിൽ നടന്ന കറാബോ കപ്പിന്റെ മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടങ്ങി ചെൽസി പുറത്ത്. കഴിഞ്ഞ നാല് മത്സരങ്ങളിൽ ചെൽസിയുടെ മൂന്നാമത്തെ തോൽവിയാണിത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് സിറ്റിയുടെ ഗോളുകൾ എല്ലാം പിറന്നത്. 53 ആം മിനുട്ടിൽ മികച്ചൊരു ഫ്രീകിക്കിൽ നിന്നും സിറ്റി വിംഗർ റിയാദ് മഹ്‌റസ് സിറ്റിയെ മുന്നിലെത്തിച്ചു.തൊട്ടുപിന്നാലെ ജൂലിയൻ അൽവാരസ് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കിഉയർത്തി. ആറ് സീസണുകളിലായി തങ്ങളുടെ അഞ്ചാം കാരബാവോ കപ്പ് കിരീടത്തിനായുള്ള സിറ്റിയുടെ തിരച്ചിൽ തുടരുകയാണ്.
മറ്റൗട് മത്സരത്തിൽ ബ്രൈറ്റണിനോട് 3-1ന് തോറ്റ ആഴ്‌സണൽ മൂന്നാം റൗണ്ടിൽ പുറത്തായി.ആഴ്‌സണൽ ഫോർവേഡ് എഡ്ഡി എൻകെറ്റിയ 20 മിനിറ്റിനുള്ളിൽ 18 യാർഡ് ബോക്‌സിനുള്ളിൽ നിന്ന് മികച്ച കർൾഡ് ഫിനിഷിലൂടെ സ്‌കോറിംഗ് ആരംഭിച്ചു. 27 ആം മിനുട്ടിൽ മുൻ ആഴ്സണൽ ഫോർവേഡ് ഡാനി വെൽബെക്ക് പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ബ്രൈറ്റൺ ഒപ്പമെത്തിച്ചു. 58 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ വിംഗർ കൗരു മിറ്റോമ ബ്രൈറ്റൺ ലീഡ് നേടിക്കൊടുത്തു. 71 ആം മിനുട്ടിൽ കൌണ്ടർ അറ്റാക്കിൽ നിന്നും നേടിയ ഗോളിൽ താരിഖ് ലാംപ്‌റ്റെ ബ്രൈറ്റൻ വിജയമുറപ്പിച്ചു. ഈ സീസണിൽ എമിരേറ്റ്സ് സ്റ്റേഡിയത്തിലെ ആഴ്‌സനലിന്റെ ആദ്യ പരാജയം ആയിരുന്നു ഇത്.
ആൻഫീൽഡിൽ നടന്ന മറ്റൊരു മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 3-2 ന് ലിവർപൂൾ ഡെർബി കൗണ്ടിയെ പരാജയപ്പെടുത്തി.നിശ്ചിത സമയത്തിന്റെ ആദ്യ 90 മിനിറ്റിലും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല, തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.ലിവർപൂൾ ബാക്കപ്പ് കീപ്പർ കെല്ലെഹർ ഷൂട്ടൗട്ടിൽ രണ്ട് സേവുകളുമായി മികച്ച പ്രകടനം നടത്തി.സ്റ്റെഫാൻ ബജ്‌സെറ്റിക്കിന്റെയും റോബർട്ടോ ഫിർമിനോയുടെയും കിക്കുകൾ പാഴായി പോയി.
മറ്റൊരു മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് 2-0ന് ടോട്ടൻഹാമിനെ പരാജയപ്പെടുത്തി. പ്രീമിയർ ലീഗിൽ നിലവിൽ നാലാം സ്ഥാനത്തുള്ള ടോട്ടൻഹാമിനെതിരായ രണ്ടാം പകുതിയുടെ തുടക്കത്തിൽ റെനാൻ ലോഡിയുടെയും ജെസ്സി ലിംഗാർഡിന്റെയും ഗോളുകൾ ഫോറസ്റ്റിനെ വിജയത്തിലേക്ക് നയിച്ചു. മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ന്യൂ കാസിൽ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. 3 -2 എന്ന സ്കോറിനാണ് ന്യൂ കാസിൽ വിജയിച്ചത്.