റൊണാൾഡോ ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിച്ചേക്കും, ലോകകപ്പിനു ശേഷം താരത്തെ സ്വന്തമാക്കാൻ നീക്കങ്ങൾ

ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുന്നതിനു വേണ്ടി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വളരെയധികം ശ്രമങ്ങൾ നടത്തിയെങ്കിലും അതിൽ വിജയിക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. നിരവധി ക്ലബുകളുമായി താരത്തെ ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പലവിധ കാരണങ്ങൾ കൊണ്ട് അതെല്ലാം മടങ്ങുകയായിരുന്നു. ഇതോടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ചതിനു ശേഷം ആദ്യമായി യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യവും റൊണാൾഡോക്കു വന്നു ചേർന്നു.

എന്നാൽ ഈ സീസണിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനുള്ള സാധ്യതയുണ്ടെന്നാണു ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖത്തർ ലോകകപ്പിനു ശേഷം ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ചെൽസി ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്നു സ്‌പാനിഷ്‌ മാധ്യമം ഫിഷാജെസാണ് പുറത്തു വിട്ടത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നടക്കാതെ പോയ ട്രാൻസ്‌ഫർ ജനുവരിയിൽ നടത്താനാണ് ചെൽസി ഉടമയായ ടോഡ് ബോഹ്‍ലിയുടെ പദ്ധതി.

സമ്മർ ജാലകത്തിൽ റൊണാൾഡോയെ ചെൽസിയിൽ എത്തിക്കാൻ ഉടമയായ ടോഡ് ബോഹ്‍ലിക്ക് വളരെയധികം താൽപര്യമുണ്ടായിരുന്നെങ്കിലും പരിശീലകനായ തോമസ് ടുഷെൽ അതിനു സമ്മതം മൂളിയിരുന്നില്ല. ടീമിന്റെ മോശം ഫോമിനെ തുടർന്ന് ജർമൻ പരിശീലകനെ പുറത്താക്കി ഗ്രഹാം പോട്ടറിനെ നിയമിച്ചതിനു പിന്നാലെയാണ് റൊണാൾഡോ ചെൽസിയിലെത്താനുള്ള സാധ്യതകൾ വീണ്ടും വർധിച്ചതായി റിപ്പോർട്ട് വരുന്നത്. റൊണാൾഡോയെ പ്രധാനിയാക്കി പോട്ടറിന്റെ പ്രോജക്റ്റ് നടപ്പിലാക്കണമെന്നാണ് ഉടമയായ ടോഡ് ബോഹ്‍ലി ആഗ്രഹിക്കുന്നത്.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിലേക്ക് ഇനിയും മാസങ്ങൾ ബാക്കിയുള്ളതിനാൽ ഒരുപാട് കാര്യങ്ങൾ ഈ ട്രാൻസ്‌ഫറിനെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരം ചെൽസി തോറ്റിരുന്നു. ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം കടക്കാൻ ചെൽസിക്ക് കഴിയുമോയെന്നത് ഇതിൽ നിർണായകമാണ്. ചെൽസി ഗ്രൂപ്പ് ഘട്ടം കടന്നതിനു ശേഷം റൊണാൾഡോക്കു വേണ്ടി ഓഫർ നൽകിയാൽ താരം അതു സ്വീകരിക്കാനുള്ള സാധ്യത കൂടുതലാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം റൊണാൾഡോ സംതൃപ്തനാണെന്ന് കരുതാൻ കഴിയില്ല. ഈ സീസണിൽ ആകെ ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ മാത്രമാണ് താരത്തെ എറിക് ടെൻ ഹാഗ് ആദ്യ ഇലവനിൽ ഇറക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന യൂറോപ്പ ലീഗ് മത്സരത്തിലും താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് റയൽ സോസിഡാഡിനോട് തോൽവി വഴങ്ങി. അവസരങ്ങൾ കൂടുതൽ ലഭിക്കാൻ ആഗ്രഹമുള്ളതിനാൽ തന്നെ ജനുവരിയിൽ ഒരു ചാമ്പ്യൻസ് ലീഗ് ക്ലബിന്റെ ഓഫർ ലഭിച്ചാൽ റൊണാൾഡോ അതു പരിഗണിച്ചേക്കും.

Rate this post
ChelseaCristiano RonaldoManchester United