യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ സിറ്റിക്കെതിരെ ആദ്യഇലവനിൽ ഇടം കണ്ടെത്താൻ വിനീഷ്യസിന് സാധിച്ചിരുന്നില്ല. മാത്രമല്ല തനിക്ക് ഇടം ലഭിച്ചേക്കില്ല എന്ന കാര്യം താരത്തിന് മുൻപ് അറിയില്ലായിരുവെന്ന തരത്തിലുള്ള വാർത്തകളും പിന്നീട് പുറത്തേക്ക് വന്നിരുന്നു. ഈ അവസരത്തിലിതാ താരത്തെ ക്ലബിൽ എത്തിക്കാനുള്ള സാധ്യതകളെ കുറിച്ച് അന്വേഷിക്കുകയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. താരത്തെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തിക്കാൻ പരിശീലകൻ ഫ്രാങ്ക് ലാംപാർഡിന് താല്പര്യമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ റയൽ മാഡ്രിഡിനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നീലപ്പട. സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് ആണ് ഈ വാർത്തയുടെ ഉറവിടം.
ചെൽസിക്ക് മുൻപ് തന്നെ പിഎസ്ജിയും ആഴ്സണലും താരത്തിന് വേണ്ടി ഒരു കൈ നോക്കിയതാണ്. എന്നാൽ റയൽ മാഡ്രിഡ് വഴങ്ങാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ വിനീഷ്യസിന്റെ മനസ്സ് മാറിയാലോ എന്ന പ്രതീക്ഷയും വെച്ചാണ് ചെൽസി താരത്തെയും റയലിനെയും സമീപിക്കുന്നത്. ഈ സീസണിൽ വലിയ തോതിലുള്ള അവസരങ്ങൾ ലഭിക്കാത്തത് താരത്തിന് നീരസം ഉണ്ടാക്കിയതായി വാർത്തകൾ ഉണ്ട്. ഹസാർഡിന്റെ വരവും റോഡ്രിഗോയുടെ പ്രകടനവുമെല്ലാം ചെറിയ രീതിയിൽ താരത്തിന്റെ അവസരങ്ങളെ ബാധിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചെൽസി. ലംപാർഡ് ആവട്ടെ അറ്റാക്കിങ് നിരയിലേക്ക് മികച്ച യുവതാരങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ്.
സിയെച്ച്, വെർണർ എന്നിവരെ എത്തിച്ച ലംപാർഡ് ഹാവെർട്സിന് പുറമെയാണ് വിനീഷ്യസിനെ നോക്കുന്നത്. വില്യൻ ടീം വിട്ട ഒഴിവിലേക്ക് ആണ് മറ്റൊരു താരത്തെ കൂടി ലംപാർഡ് പരിഗണിക്കുന്നത്. അതേസമയം 2018-ൽ ഫ്ലെമെങ്കോയിൽ നിന്ന് റയലിൽ എത്തിയ വിനീഷ്യസിന് 2025 വരെ റയലുമായി കരാറുണ്ട്. മാത്രമല്ല 630 മില്യൻ പൗണ്ട് ആണ് റിലീസ് ക്ലോസ്. അതായത് റയലിന് താല്പര്യം ഇല്ലെങ്കിൽ താരത്തെ കിട്ടാൻ ചെൽസി വിയർക്കുമെന്നർത്ഥം.69 മത്സരങ്ങൾ റയലിനായി കളിച്ച താരം എട്ട് ഗോളുകൾ നേടിയിട്ടുണ്ട്. ഏതായാലും ചെൽസിയുടെ ഈ പുതിയനീക്കം വാർത്താപ്രാധാന്യം നേടിതുടങ്ങിയിട്ടുണ്ട്.