ബുണ്ടസ്‌ലീഗയിൽ നിന്നും ഫ്രഞ്ച് ഗോളടിവീരനെ സ്വന്തമാക്കി ചെൽസി |Christopher Nkunku 

52 മില്യൺ പൗണ്ടിന് ബുണ്ടസ്‌ലിഗ ക്ലബ് ആർബി ലീപ്‌സിഗിൽ നിന്ന് ഫ്രഞ്ച് ഫോർവേഡ് ക്രിസ്റ്റഫർ എൻകുങ്കുവിനെ സ്വന്തമാക്കി ചെൽസി.കഴിഞ്ഞ സീസണിൽ 23 ഗോളുകളുമായി ബുണ്ടസ്‌ലിഗയുടെ സംയുക്ത ടോപ് സ്‌കോററായി ഫിനിഷ് ചെയ്‌ത എൻകുങ്കു കഴിഞ്ഞ സീസൺ മുതൽ ചെൽസിയിലേക്കുള്ള നീക്കവുമായി ബന്ധപ്പെട്ടിരുന്നു.

“ചെൽസിയിൽ ചേരുന്നതിൽ എനിക്ക് അവിശ്വസനീയമാംവിധം സന്തോഷമുണ്ട്.എന്നെ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ഒരു വലിയ ശ്രമം നടത്തി, എന്റെ പുതിയ പരിശീലകനെയും ടീമംഗങ്ങളെയും കാണാനും പിച്ചിൽ എനിക്ക് എന്തുചെയ്യാനാകുമെന്ന് ചെൽസി പിന്തുണക്കാരെ കാണിക്കാനും ഞാൻ ആഗ്രഹിക്കുന്നു,”എൻകുങ്കു പറഞ്ഞു.10 തവണ ഫ്രാൻസിനായി കളിച്ച 25 കാരൻ ഇംഗ്ലീഷ് ക്ലബ്ബുമായി ആറ് വർഷത്തെ കരാറിൽ ഒപ്പുവച്ചു.

“ലീഗ് 1, ബുണ്ടസ്‌ലിഗ എന്നിവയിൽ കളിച്ച എനിക്ക് ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ പ്രീമിയർ ലീഗിൽ കളിക്കാൻ സാധിക്കും.ഈ വെല്ലുവിളിയിൽ ഞാൻ വളരെ ആവേശത്തിലാണ്, ചെൽസി ജേഴ്സി ധരിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു,” എൻകുങ്കു കൂട്ടിച്ചേർത്തു.പാരീസ് സെന്റ് ജെർമെയ്‌നിന്റെ അക്കാദമിയുടെ വളർന്നു വന്ന എൻകുങ്കു 2019 ലാണ് ലീപ്‌സിഗിലേക്ക് മാറിയത്.വേഗതയും അസാധാരണമായ ഫിനിഷിംഗും കൊണ്ടും കുറച്ചു കാലം കൊണ്ട് തന്നെ ഫ്രഞ്ച് താരം ബുണ്ടസ് ലീഗയിലെ താരമായി വളർന്നു.

പ്രാഥമികമായി ഒരു ബോക്സ്-ടു-ബോക്സ് മിഡ്ഫീൽഡർ, ക്രിയേറ്റീവ് അറ്റാക്കിംഗ് മിഡ്, അല്ലെങ്കിൽ ഒരു വിംഗർ ആയാണ് എൻകുങ്കു കളിക്കാറുണ്ടായെങ്കിലും 2021 -22 സീസണിൽ ഒരു സെന്റര് ഫോർവേഡായി കളിച്ചതോടെ താരം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയർന്നു.PSG-യുടെ യൂത്ത് അക്കാദമിയിലൂടെ വന്ന നകുങ്കു നാലു വര്ഷം പാരീസ് ക്ലബിന് വേണ്ടി ജേഴ്സിയണിഞ്ഞതിന് ശേഷമാണ് ജർമൻ ക്ലബ്ബിലെത്തിയത്. ഫ്രഞ്ച് താരത്തിന്റെ കരിയർ തന്നെ മാറ്റിമറിക്കുന്ന ഒരു തീരുമാനം ആയിരുന്നു അത്.പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് എത്തിയതിന് ശേഷം ലീപ്‌സിഗിനായി എൻകുങ്കു വിവിധ പൊസിഷനിൽ പരീക്ഷിക്കപ്പെട്ടിരുന്നു. ഇരു വിങ്ങുകളിലും , അറ്റാക്കിങ് മിഡ്ഫീൽഡിലും താരം തന്റെ സാനിധ്യം അറിയിക്കുകയും ചെയ്തു.

20 മില്യൺ യൂറോയ്ക്ക് (£17.27 മില്യൺ) ബ്ലൂസ് മിഡ്ഫീൽഡർ കെൻഡ്രി പേസിനെ സൈൻ ചെയ്തതിന് ശേഷം ചെൽസിയിൽ ചേരുന്ന രണ്ടാമത്തെ കളിക്കാരനായി എൻകുങ്കു മാറും.16 വയസ്സുള്ള കെൻഡ്രി 2025 ൽ മാത്രമേ ക്ലബിൽ ചേരൂ.2022-23 കാമ്പെയ്‌നിലെ ബുണ്ടസ്‌ലിഗ പ്ലെയർ ഓഫ് ദി സീസൺ ആയും ജർമ്മൻ പിഎഫ്‌എ പ്ലെയർ ഓഫ് ദി സീസൺ ആയും മാറിയ എൻകുങ്കുവിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമം നടത്തിയിരുന്നു.ലീപ്‌സിഗിൽ കഴിഞ്ഞ രണ്ട് സീസണുകളിലായി 88 മത്സരങ്ങളിൽ നിന്ന് 58 ഗോളുകൾ നേടിയ എൻകുങ്കുവിനെ സൈൻ ചെയ്യുന്നതിലൂടെ ചെൽസിയുടെ ഗോൾ സ്‌കോറിംഗ് പ്രശ്‌നങ്ങൾ ഒരു പരിധി വരെ സ്വയം പരിഹരിക്കാൻ സാധിക്കും.

Rate this post
Christopher Nkunku