മുപ്പതു വർഷത്തെ ലീഗ് കിരീടവരൾച്ചക്ക് അന്ത്യം കുറിച്ച് ലിവർപൂളിനു പ്രീമിയർ ലീഗ് കിരീടം നേരത്തെയുയർത്താൻ ചെൽസിയാണു സഹായിച്ചത്. മാഞ്ചസ്റ്റർ സിറ്റിയെ ചെൽസി തോൽപിച്ചതോടെയാണ് ലിവർപൂൾ കിരീടം സ്വന്തമാക്കിയത്. അതേ സമയം ചെൽസിയുടെ വിജയം ലിവർപൂളിനു മാത്രമല്ല ഗുണമാകുക. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുന്ന റയൽ മാഡ്രിഡിനും ഈ വിജയത്തിൽ നിന്നും പഠിക്കാനുണ്ട്.
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിന്റെ ആദ്യ പാദ മത്സരത്തിൽ സിറ്റിയോടു തോറ്റ റയൽ മാഡ്രിഡ് രണ്ടാം പാദ മത്സരത്തിൽ അവരുടെ മൈതാനത്താണു കളിക്കാനിറങ്ങേണ്ടത്. ചെൽസിയോടു തോറ്റപ്പോൾ പ്രകടമായത് സിറ്റിയുടെ പ്രതിരോധത്തിലെ പിഴവുകൾ കൂടിയാണ്. ഇത് വിലയിരുത്തി തന്ത്രം മെനയാൻ സിദാനെ സഹായിക്കും.
മെൻഡിയുടെ പിഴവിൽ നിന്നും പന്തു ലഭിച്ച പുലിസിച്ചിന്റെ വേഗതയാർന്ന നീക്കമാണ് ചെൽസിയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. വേഗതയുള്ള താരങ്ങളോടു പതറുന്ന സിറ്റി പ്രതിരോധത്തിനെതിരെ ഉപയോഗിക്കാൻ വിനീഷ്യസ്, അസെൻസിയോ, ഹസാർഡ്, ബേൽ, എന്നീ താരങ്ങൾ റയലിലുള്ളത് സിദാനു പ്രതീക്ഷയാണ്.
മാത്രമല്ല, ചെൽസിയുടെ പ്രത്യാക്രമണ രീതിയാണ് രണ്ടാമത്തെ ഗോളിനു വഴിയൊരുക്കിയത്. സിദാൻ അത്തരം തന്ത്രങ്ങളുടെ ആശാനാണെന്നിരിക്കെ സിറ്റിക്കെതിരെ അവരുടെ മൈതാനത്തു വിജയിക്കാമെന്ന പ്രതീക്ഷ മികച്ച ഫോമിൽ കളിക്കുന്ന റയൽ മാഡ്രിഡിനുണ്ട്.