വെസ് ബ്രോമിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ സമനില വഴങ്ങിയതോടെ ചെൽസി താരം അലോൻസോയുടെ ടീമിലെ ഭാവി അവസാനിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മത്സരത്തിൽ താരത്തിന്റെ പ്രകടനത്തെ രൂക്ഷമായി വിമർശിച്ച ലംപാർഡ് ഇനി ചെൽസിയിൽ അലോൻസോയെ കളിക്കാനിറക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണെന്ന് ഗോൾ ഡോട്ട് കോം റിപ്പോർട്ടു ചെയ്തു.
വെസ് ബ്രോമിനെതിരായ മത്സരത്തിൽ രണ്ടു ഗോളുകളും പിറന്നത് അലോൻസോയുടെ പിഴവിൽ നിന്നാണെന്ന് മത്സരശേഷം ലംപാർഡ് തന്നെ തുറന്നടിച്ചിരുന്നു. തിയാഗോ സിൽവയുടെ പിഴവിനെക്കുറിച്ചും സംസാരിച്ച ലംപാർഡ് പക്ഷേ ബ്രസീലിയൻ താരത്തിന്റെ പരിചയസമ്പത്ത് ഇതിനെ മറികടക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
മത്സരത്തിന്റെ ഇടവേളയിൽ ലംപാർഡ് കടുത്ത ഭാഷയിൽ അലോൻസോയെ വിമർശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. രണ്ടാം പകുതിയിൽ അലോൻസോയെ പിൻവലിച്ചതിനു ശേഷം ചെൽസി മൂന്നു ഗോളുകൾ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ലെഫ്റ്റ് ബാക്കായി ബെൻ ചിൽവെല്ലിനെ ചെൽസി സ്വന്തമാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ മത്സരത്തിൽ താരം കളത്തിലിറങ്ങിയില്ല. അലോൺസോ ചെൽസി വിടുമെന്നുറപ്പിച്ചതോടെ ഇന്ററിലേക്കു ചേക്കേറാനിരുന്ന എമേഴ്സൻ ചെൽസിയിൽ തുടരാൻ സാധ്യതയേറി.