തുടർച്ചയായ പതിനൊന്നാമത്തെ മത്സരത്തിലും പരാജയമറിയാതെ കുതിക്കുന്ന ചെൽസി കഴിഞ്ഞ മത്സരത്തിൽ പിന്നിൽ നിന്നു തിരിച്ചടിച്ചാണ് ഷെഫീൽഡ് യുണൈറ്റഡിനെതിരെ വിജയം സ്വന്തമാക്കിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള ലൈസ്റ്ററിനു മൂന്നു പോയിന്റ് മാത്രം പുറകിലെത്താൻ കഴിഞ്ഞെങ്കിലും ടീമിന്റെ മികച്ച പ്രകടനത്തിൽ മതിമറക്കരുതെന്നാണ് പരിശീലകൻ ലംപാർഡ് കളിക്കാരോടു പറയുന്നത്.
“തീർച്ചയായും ഈ സീസണിൽ ഞങ്ങളുടെ ഏറ്റവും മികച്ച പ്രകടനമാണ് ഷെഫീൽഡ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഉണ്ടായത്. ഞങ്ങളുടെ സ്ഥിതി നിലവിൽ ഭദ്രമാണ്. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെയും ലിവർപൂളിന്റെയും മികവു നോക്കുകയാണെങ്കിൽ ഇതേ നിലവാരം തുടർന്നുള്ള ആഴ്ചകളിലും അതു പോലെ തുടരേണ്ടി വരും.”
മത്സരത്തിൽ ചെൽസിക്കായി ആദ്യഗോൾ നേടിയ ബ്രസീലിയൻ താരം സിൽവയുടെ പ്രകടനത്തെയും ലംപാർഡ് പ്രശംസിച്ചു. “ഇവിടെ വരുമ്പോൾ തന്നെ സിൽവ എത്ര മികച്ച താരമാണെന്ന കാര്യം എനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ കരിയർ അതു തെളിയിക്കുന്നു. ഇവിടെയെത്തിയതിനു ശേഷം അതു കൂടുതൽ മികച്ചു നിൽക്കുന്നു. സഹതാരങ്ങൾക്കും സിൽവ പ്രചോദനമാണ്.” ലംപാർഡ് പറഞ്ഞു.
മത്സരത്തിൽ ഷെഫീൽഡ് ആദ്യഗോൾ നേടിയതിനു ശേഷമാണ് ചെൽസി നാലെണ്ണം തിരിച്ചടിച്ചത്. ടാമി എബ്രഹം, ബെൻ ചിൽവെൽ, തിയാഗോ സിൽവ, ടിമോ വെർണർ എന്നിവർ ചെൽസിയുടെ ഗോളുകൾ നേടിയപ്പോൾ രണ്ട് അസിസ്റ്റുകൾ സിയച്ചിന്റെ വകയായിരുന്നു. ഈ സീസണിൽ കിരിടപ്പോരാട്ടത്തിനു ചെൽസി കൂടിയുണ്ടാകുമെന്നാണ് അവരുടെ മികവു തെളിയിക്കുന്നത്.