പരിക്കു മൂലം ചെൽസിക്കൊപ്പം കളിക്കാൻ തുടങ്ങിയതു വൈകിയാണെങ്കിലും പ്രീമിയർ ലീഗിൽ തന്റെ പ്രതിഭ തെളിയിക്കുകയാണ് മൊറോക്കൻ താരം ഹക്കിം സിയച്ച്. ഇന്നലെ ഷെഫീൽഡ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഒരു ഗോളിനു പിന്നിലായ ചെൽസിയെ വിജയത്തിലെത്തിച്ചതിനു പിന്നിൽ സിയച്ചിന്റെ പ്രകടനം നിർണായകമായിരുന്നു. രണ്ട് അസിസ്റ്റുകളാണ് താരം മത്സരത്തിൽ നൽകിയത്.
മത്സരത്തിനു ശേഷം സിയച്ചിനെ വാനോളം പുകഴ്ത്തി മുൻ ചെൽസി താരം ആഷ്ലി കോൾ രംഗത്തെത്തി. “സിയച്ചിന്റെ ഇടംകാലിൽ പന്തു കിട്ടുമ്പോൾ അത് സഹതാരങ്ങൾ ഓടുന്നതിനു വേണ്ടി യാചിക്കുകയാണ്. വളരെ കഴിവുള്ള താരമാണ് അദ്ദേഹം.” സ്കൈ സ്പോർട്സിനോടു സംസാരിക്കുമ്പോൾ ആഷ്ലി കോൾ പറഞ്ഞു.
“അത്രയും കഴിവുള്ള താരത്തിനൊപ്പം കളിക്കുക എന്റെ ആഗ്രഹമാണ്. ലംപാർഡിനൊപ്പം കളിക്കുമ്പോൾ ആ സന്തോഷം ഞാൻ അനുഭവിച്ചിരുന്നു. എന്നാൽ സിയച്ച് ചെൽസിയിലെത്തി തന്റെ കഴിവുകൾ പ്രകടമാക്കാൻ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ അനുഗ്രഹീതമായ ഇടതു കാലിൽ നിന്നും വരുന്ന പാസുകൾക്കു വേണ്ടി ഓടാൻ ഞാൻ ആഗ്രഹിക്കുന്നു.” കോൾ പറഞ്ഞു.
ലംപാർഡും ആഷ്ലി കോളും തമ്മിൽ കളിക്കളത്തിലുണ്ടായിരുന്ന ഒത്തിണക്കം സിയച്ച് – ചിൽവെൽ സഖ്യം ആവർത്തിക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. ഇന്നലെ നടന്ന മത്സരത്തിൽ സിയചിന്റെ അസിസ്റ്റിൽ ചിൽവെൽ ഗോൾ നേടിയിരുന്നു. അയാക്സിനു വേണ്ടി 125 മത്സരങ്ങളിൽ 48 ഗോളും 82 അസിസ്റ്റും സ്വന്തമാക്കിയിട്ടുള്ള താരം ചെൽസിയിലും തന്റെ മികവു തുടരുകയാണ്.