ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും തമ്മിൽ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ച ചെൽസി ഗോൾകീപ്പർ എഡ്വാർഡ് മെൻഡിയെ പ്രശംസിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ലൂക് ഷാ. മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ മെൻഡിയാണ് ചെൽസിയെ തോൽവിയിൽ നിന്നു രക്ഷിച്ചത്. ഈ സമ്മറിൽ ടീമിലെത്തിയ താരം ഇതോടെ ടീമിൽ തന്റെ സ്ഥാനമുറപ്പിക്കുക കൂടി ചെയ്തു.
മത്സരത്തിൽ പതിനാലു ഷോട്ടുകൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉതിർത്തെങ്കിലും അതിൽ നാലെണ്ണമാണ് ഓൺ ടാർജറ്റിൽ ഉണ്ടായിരുന്നത്. യുണൈറ്റഡ് ഗോൾ ഉറപ്പിച്ച ഈ നാലു ഷോട്ടുകളും മെൻഡി വിഫലമാക്കുകയായിരുന്നു. മത്സരത്തിനു ശേഷം ക്ലബിന്റെ ഒഫിഷ്യൽ സൈറ്റിനോടു സംസാരിക്കുമ്പോഴാണ് ലൂക് ഷാ ചെൽസി കീപ്പറെ പ്രശംസ കൊണ്ടു മൂടിയത്.
“ഞങ്ങൾ മികച്ച അവസരങ്ങളുണ്ടാക്കി എന്നാണു കരുതുന്നത്. എന്നാൽ ചെൽസി കീപ്പർ അത്ഭുതപ്പെടുത്തുന്ന സേവുകൾ നടത്തിക്കൊണ്ടിരുന്നു. റാഷ്ഫോഡ് ഷോട്ടുതിർക്കുമ്പോൾ തൊട്ടടുത്തു ഞാനുണ്ടായിരുന്നു. അവരുടെ കീപ്പർ മത്സരത്തിൽ മികച്ച ഫോമിലായിരുന്നു. മത്സരത്തിലേക്ക് ചെൽസിയെ തിരിച്ചെത്തിച്ച സേവുകളാണ് താരം നടത്തിയത്.” ഷാ പറഞ്ഞു.
ഏറെ നാളായി ചെൽസിയുടെ തലവേദനയായിരുന്നു ഗോൾകീപ്പിങ്ങ് ഡിപാർട്മെന്റ്. മെൻഡിയുടെ തകർപ്പൻ പ്രകടനം ലംപാർഡിന് ആശ്വാസമാണ്. ഇനി പ്രതിരോധം മെച്ചപ്പെടുകയും താരങ്ങൾ ഒത്തിണക്കം കാണിക്കുകയും ചെയ്താൽ ചെൽസി ലീഗിൽ മികച്ച പ്രകടനം കാഴ്ച വെക്കുമെന്നുറപ്പാണ്.