ഇംഗ്ലണ്ടിന്റെ വിങ്ങറായ കല്ലം ഹുഡ്സൻ ഒഡോയിക്കു വേണ്ടിയുള്ള ബയേൺ മ്യൂണിക്കിന്റെ കൂറ്റൻ വാഗ്ദാനം ചെൽസി തഴഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം പത്തൊൻപതുകാരനായ താരത്തിനു വേണ്ടി എൺപതു മില്യൺ യൂറോയോളം വരുന്ന ഓഫറാണ് ചെൽസി നിരസിച്ചത്. ഗോൾ അടക്കമുള്ള യൂറോപ്പിലെ പ്രമുഖ കായിക മാധ്യമങ്ങളെല്ലാം ഇക്കാര്യം സ്ഥിരീകരിച്ചു.
ഈ സീസണിൽ ലോണിൽ താരത്തെ ടീമിലെത്തിക്കാനും അടുത്ത സമ്മറിൽ സ്ഥിരം കരാറിൽ സ്വന്തമാക്കാനുമുള്ള ഓഫറാണ് ബയേൺ നൽകിയത്. ഇതാദ്യമായല്ല ഒഡോയിക്കു വേണ്ടി ചെൽസി താൽപര്യം പ്രകടിപ്പിക്കുന്നത്. രണ്ടു വർഷങ്ങൾക്കു മുൻപ് ഇതിന്റെ പകുതി തുക താരത്തിനായി ബയേൺ വാഗ്ദാനം ചെയ്തിരുന്നു.
മൗറീസിയോ സാറി പരിശീലകനായിരുന്ന സമയത്ത് ചെൽസി വിടാൻ ഒഡോയിക്കു താൽപര്യമുണ്ടായിരുന്നു. ടീമിൽ അവസരങ്ങൾ കുറഞ്ഞ താരത്തിനു വേണ്ടിയുള്ള ബയേണിന്റെ നീക്കം പക്ഷേ ചെൽസി പരിഗണിച്ചില്ല. അതിനു ശേഷം ലംപാർഡ് പരിശീലകനായി എത്തിയ കഴിഞ്ഞ സീസണിലും ഒഡോയിക്ക് അവസരങ്ങൾ കുറവായിരുന്നു.
കഴിഞ്ഞ സീസണിൽ അഞ്ചു വർഷത്തെ കരാർ പുതുക്കിയതു കൊണ്ട് ചെൽസിക്ക് താരത്തിൽ പൂർണ നിയന്ത്രണമുണ്ട്. ഈ സീസണിൽ താരത്തിന് കൂടുതൽ അവസരങ്ങൾ നൽകി വളർത്തിയെടുക്കാനാണ് ചെൽസിയുടെ നീക്കം.