ലോകറെക്കോർഡ് തുക നൽകി പ്രതിരോധതാരത്തെ ടീമിലെത്തിക്കാൻ ചെൽസി ഒരുങ്ങുന്നു

ലോകറെക്കോർഡ് തുക നൽകി പ്രീമിയർ ലീഗ് പ്രതിരോധതാരത്തെ ടീമിലെത്തിക്കാൻ ചെൽസി ഒരുങ്ങുന്നു. ലൈസ്റ്റർ സിറ്റി പ്രതിരോധതാരമായ വെസ്‌ലി ഫൊഫാനയെയാണ് ഈ സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ ചെൽസി സ്വന്തമാക്കാൻ തയ്യാറെടുക്കുന്നത്. ഫ്രാൻസ് താരമായ ഫൊഫാനയെ ചെൽസി ടീമിലെത്തിക്കാൻ ഒരുങ്ങുന്നുവെന്ന് മാധ്യമപ്രവർത്തകനായ ബെൻ ജേക്കബ്‌സാണ് പുറത്തു വിട്ടത്. താരത്തെ സ്വന്തമാക്കാൻ ചെൽസി കൂടുതൽ പണം ചെലവാക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സിബിഎസ് സ്പോർട്ട്സിന്റെ റിപ്പോർട്ടറായ ജേക്കബ്‌സ് ട്വിറ്ററിലൂടെ പുറത്തു വിട്ടതു പ്രകാരം ചെൽസി നേതൃത്വത്തിന്റെ പ്രധാന പരിഗണന ഫൊഫാന തന്നെയാണ്. താരത്തിന് വേണ്ടിയുള്ള ശ്രമങ്ങളിൽ നിന്നും ചെൽസി പുറകോട്ടു പോവാൻ തയ്യാറല്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ രണ്ടാഴ്‌ച കൂടിയേ സമയമുള്ളൂ എന്നതിനാൽ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ തുക ഫൊഫാനക്കായി ചെൽസി നൽകേണ്ടി വരും. എൺപതു മില്യൺ പൗണ്ടാണ് ചെൽസി താരത്തിനായി മുടക്കേണ്ടി വരിക.

ഫൊഫാനയുടെ ക്ലബായ ലൈസ്റ്റർ സിറ്റിക്ക് താരത്തെ വിട്ടുകൊടുക്കാൻ യാതൊരു താൽപര്യവുമില്ല. ട്രാൻസ്‌ഫർ ജാലകം അവസാനിക്കാൻ ഏറെ ദിവസങ്ങൾ ബാക്കിയില്ല എന്നതിനാൽ തന്നെ ഫൊഫാനക്ക് യോജിച്ചൊരു പകരക്കാരനെ കണ്ടെത്താൻ ലൈസ്റ്റർ സിറ്റിക്ക് പ്രയാസമായിരിക്കും. ഇക്കാരണം കൊണ്ടു തന്നെ ലൈസ്റ്റർ പരിശീലകൻ ബ്രെണ്ടൻ റോജേഴ്‌സ് താരത്തെ വിട്ടുകൊടുക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ എൺപതു മില്യൺ പൗണ്ട് താരത്തിന് ലഭിക്കുമെങ്കിൽ ലൈസ്റ്റർ സിറ്റി മാറിചിന്തിക്കുമെന്ന കാര്യം തീർച്ചയാണ്.

മുൻപ് ലൈസ്റ്റർ സിറ്റിയിൽ നിന്നും ഹാരി മാഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത് എൺപതു മില്യൺ പൗണ്ടിന്റെ ട്രാൻസ്‌ഫറിൽ ആയിരുന്നു. സമാനമായ തുക തന്നെയാണ് ഫോക്‌സസ് ഫൊഫാനക്കു വേണ്ടിയും ആവശ്യപ്പെടുന്നത്. 2020ൽ ഫ്രഞ്ച് ലീഗ് ക്ലബായ സൈന്റ്റ് ഏറ്റിയെന്നെയിൽ നിന്നും മുപ്പതു മില്യൺ പൗണ്ടിലധികം നൽകി ലൈസ്റ്റർ സ്വന്തമാക്കിയ ഫൊഫാനക്ക് ചെൽസിയിലേക്ക് ചേക്കേറാൻ ആഗ്രഹമുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.