ട്രാൻസ്‌ഫർ ഡെഡ്‌ലൈൻ ഡേയിൽ നെയ്‌മർ പിഎസ്‌ജി വിടുമോ, വമ്പൻ വാഗ്‌ദാനവുമായി പ്രീമിയർ ലീഗ് ക്ലബ്

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടുമെന്ന തരത്തിൽ ഏറ്റവുമധികം അഭ്യൂഹങ്ങൾ ഉണ്ടായ താരങ്ങളിൽ ഒരാളാണ് പിഎസ്‌ജി സൂപ്പർതാരം നെയ്‌മർ. 2017ൽ ബാഴ്‌സലോണയിൽ നിന്നും ഫ്രാൻസിൽ എത്തിയതിനു ശേഷം പരിക്കും മോശം പെരുമാറ്റവും കാരണം പ്രതീക്ഷിച്ചത്ര നിലവാരത്തിലേക്ക് ഉയരാൻ കഴിയാതിരുന്ന താരത്തിൽ പിഎസ്‌ജി ഉടമകൾക്ക് യാതൊരു താൽപര്യവും ഇല്ലെന്നും, മികച്ച ഓഫർ ലഭിച്ചാൽ ബ്രസീലിയൻ താരത്തെ ഫ്രഞ്ച് ക്ലബ് ഒഴിവാക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ വളരെ ശക്തമായിരുന്നു.

നെയ്‌മർ പിഎസ്‌ജിയിൽ തന്നെ തുടർന്നെങ്കിലും സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാന ദിവസത്തിലെത്തി നിൽക്കെ താരത്തെ ഫ്രഞ്ച് ക്ലബിൽ നിന്നും സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഡെയിലി മെയിൽ പുറത്തു വിട്ടതു പ്രകാരം പ്രീമിയർ ലീഗ് ക്ലബായ ചെൽസിയാണ് ബ്രസീലിയൻ താരത്തിനായി രംഗത്തു വന്നിരിക്കുന്നത്. നിരവധി താരങ്ങൾ ക്ലബ് വിടുകയും സീസൺ ആരംഭിച്ചതിനു ശേഷം മികച്ച പ്രകടനം നടത്താൻ കഴിയാത്ത സാഹചര്യം നേരിടുകയും ചെയ്യുന്ന ചെൽസി ടീമിനെ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് നെയ്‌മറെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

മുപ്പതുകാരനായ താരത്തിനു വേണ്ടി ചെൽസി ശ്രമം നടത്തുന്നുണ്ടെങ്കിലും ഈ സമ്മറിൽ ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. സീസൺ ആരംഭിച്ചതിനു ശേഷം കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് നെയ്‌മർ കളിച്ചു കൊണ്ടിരിക്കുന്നത്. ഇതുവരെ പിഎസ്‌ജി കളിച്ച എല്ലാ മത്സരങ്ങളിലും താരം ഗോളുകൾ നേടിയിട്ടുണ്ട്. സീസൺ ആരംഭിക്കുന്നതിനു മുൻപു തന്നെ നെയ്‌മറെ ടീമിൽ നിലനിർത്താനാണ് താൽപര്യമെന്നു വ്യക്തമാക്കിയ പിഎസ്‌ജി പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയാർ ഇത്രയും മികച്ച പ്രകടനം നടത്തുന്ന താരത്തെ ഒഴിവാക്കാൻ യാതൊരു സാധ്യതയുമില്ല.

ഈ സമ്മറിലിതു വരെ റഹീം സ്റ്റെർലിങ്, മാർക് കുകുറയ്യ, കലിഡു കൂളിബാളി, കാർണി ചുക്വേമെക്കാ എന്നീ താരങ്ങളെയാണ് ചെൽസി സ്വന്തമാക്കിയിരിക്കുന്നത്. പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു കളികൾ മാത്രം ജയിക്കാൻ കഴിഞ്ഞ ചെൽസി ഇനിയും ടീമിനെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിനു വേണ്ടി ബാഴ്‌സലോണ താരമായ പിയറി എമറിക്ക് ഒബാമയാങ്ങിനെ ചെൽസി സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഒബാമയാങ്ങിനെ മാർക്കോസ് അലോൻസോയെ നൽകിയുള്ള കൈമാറ്റക്കരാറിലാണ് ചെൽസി ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.

Rate this post
ChelseaNeymar jrPsg