ചാമ്പ്യൻസ് ലീഗിന് പിന്നാലെ സൂപ്പർ കപ്പും സ്വന്തമാക്കി കരുത്തു കാട്ടിരിക്കുകയാണ് ചെൽസി. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ യൂറോപ്പ ലീഗ് ലീഗ് ചാമ്പ്യന്മാരായ വിയ്യ റയലിനെ പരാജയപ്പെടുത്തിയാണ് ചെൽസി കിരീടം നേടിയത്.സബ്സ്റ്റിട്യൂട് ആയി ഇറങ്ങിയ ഗോൾ കീപ്പർ കെപയുടെ മികവിലാണ് ചെൽസി കിരീടം നേടിയത്.ഷോട്ട് ഔട്ടിൽ വിയ്യറയൽ താരങ്ങളുടെ രണ്ട് കിക്കുകൾ രക്ഷപെടുത്തിയാണ് കെപ ചെൽസിയുടെ ഹീറോ ആയത്. സഡൻ ഡെത്തിലേക്ക് നീണ്ട പെനാൽറ്റി ഷൂട്ട് ഔട്ടിൽ 6-5 എന്ന സ്കോറിനാണ് ചെൽസി വിയ്യറയലിനെ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 1-1 സമനിലയിൽ അവസാനിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിൽ എത്തിയത്.
അയർലണ്ടിലെ ബെൽഫാസ്റ്റിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ ഹാവെർട്സിന്റെ പാസിൽ നിന്ന് ഹക്കിം സിയെച്ചാണ് ചെൽസിക്ക് ആദ്യ ഗോൾ നേടി കൊടുത്തത്. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ഹകീം സീയെച്ച് തോളിന് പരിക്കേറ്റ് പുറത്തുപോവുകയും ചെയ്തു. തുടർന്ന് രണ്ടാം പകുതിയിൽ ഉണർന്ന് കളിച്ച വിയ്യറയൽ ജെറാർഡ് മൊറേനോയിലൂടെ മത്സരത്തിൽ സമനില പിടിച്ചു.ബോളേ ദിയയുടെ സമർത്ഥമായ ബാക്ക് ഹീൽ അസിസ്റ്റിൽ നിന്നായിരുന്നു സ്പാനിഷ് ഫോർവേഡിന്റെ ഗോൾ.
സമനില നേടുന്നതിന് മുൻപ് രണ്ട് തവണ വിയ്യറയൽ ശ്രമം ചെൽസി പോസ്റ്റിൽ തട്ടി തെറിച്ചിരുന്നു. തുടർന്ന് ഇരു ടീമുകൾക്കും നിശ്ചിത സമയത്ത് ഗോൾ നേടാനുള്ള അവസരം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടെങ്കിലും ഇരു ടീമുകൾക്കും വിജയ ഗോൾ നേടാനായില്ല. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ ചെൽസി ഗോൾ കീപ്പറായിരുന്ന മെൻഡിയെ മാറ്റി കെപയെ ഇറക്കിയത് മത്സരത്തിൽ നിർണായകമാവുകയായിരുന്നു.
ഷോട്ട് ഔട്ടിൽ ചെൽസിക്ക് വേണ്ടി ആദ്യ കിക്ക് എടുത്ത ഹാവെർട്സിന്റെ കിക്ക് വിയ്യറയൽ ഗോൾ കീപ്പർ അസ്സെഞ്ചോ തടഞ്ഞെങ്കിലും തുടർന്ന് കിക്ക് എടുത്ത അസ്പിലിക്വറ്റ, അലോൺസോ, മേസൺ മൗണ്ട്, ജോർഗിനോ,പുലിസിച്ച്, റുഡിഗർ എന്നിവർ തങ്ങളുടെ കിക്കുകൾ ഗോളാക്കി. വിയ്യറയൽ താരങ്ങളായ മൊറേനോ, എസ്റ്റുപിനാൻ,ഗോമസ്, റബ, ജുവാൻ ഫോയ്ത് എന്നിവരുടെ പെനാൽറ്റി കിക്കുകൾ ഗോളായപ്പോൾ മന്ധിയുടെയും ആൽബിയോളിന്റെയും ശ്രമങ്ങൾ കെപ സേവ് ചെയ്യുകയായിരുന്നു. തുടർച്ചയായ മൂന്ന് സൂപ്പർ കപ്പ് ഫൈനലുകൾ പരാജയപെട്ടതിന് ശേഷമാണ് ചെൽസി സൂപ്പർ കിരീടം സ്വന്തമാക്കിയത്.