ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെൽസിക്ക് അപ്രതീക്ഷിത തോൽവി.ഡേവിഡ് മോയസിന്റെ വെസ്റ്റ് ഹാം യുണൈറ്റഡ് ആണ് ചെൽസിയെ പരാജയപ്പെടുത്തിയത്. രണ്ടു തവണ പുറകിൽ നിന്ന ശേഷമാണ് വെസ്റ്റ് ഹാം വിജയം നേടിയത്.വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം.
‘ബ്ലൂസി’നെതിരായ അവസാന അഞ്ച് മത്സരങ്ങളിൽ മൂന്ന് ജയങ്ങൾ നേടാൻ വെസ്റ്റ് ഹാമിനായി.28ആം മിനുട്ടിൽ വിശ്വസ്തനായ തിയാഗോ സിൽവ ആണ് ചെൽസിക്ക് ലീഡ് നൽകിയത്. മേസൺ മൗണ്ട് എടുത്ത കോർണറിൽ നിന്നായിരുന്നു സിൽവ ഗോൾ കണ്ടെത്തിയത്. 40ആം മിനുട്ടിൽ ചെൽസിയുടെ മെൻഡിക്ക് പറ്റിയ അബദ്ധം ഒരു പെനാൾട്ടിയിൽ കലാശിച്ചു. പെനാൾട്ടി എടുത്ത ലാൻസിനി എളുപ്പത്തിൽ ലക്ഷ്യം കണ്ടു.
44ആം മിനുട്ടിൽ മൗണ്ടിന്റെ സൈഡ്-ഫൂട്ട് വോളിചെൽസിയെ വീണ്ടും മുന്നിൽ എത്തിച്ചു. സിയെചിന്റെ ക്രോസിൽ നിന്നായിരുന്നു ഗോൾ.രണ്ടാം പകുതിയിൽ വീണ്ടും മോയ്സിന്റെ ടീം പൊരുതി.രണ്ടാം പകുതി തുടങ്ങി 11 മിനിറ്റിനുള്ളിൽ ‘ഹാമേഴ്സ്’ ബോവനിലൂടെ തിരിച്ചടിച്ചു.സ്കോർ 2-2. കളി സമനിലയിലേക്ക് പോവുകയാണ് എന്ന് തോന്നിയ നിമിഷത്തിലാണ് മസൗകയുടെ അത്ഭുത ഗോൾ വരുന്നത്.
സെപ്റ്റംബറിന് ശേഷം ആദ്യ ലീഗ് തോൽവി നേരിടുന്ന തോമസ് ടുച്ചലിന്റെ ടൈറ്റിൽ ചേസിംഗ് ടീമിന് പ്രഹരം തന്നെയായിരിക്കും.ഈ വിജയത്തോടെ വെസ്റ്റ് ഹാമിന് 15 മത്സരങ്ങളിൽ നിന്ന് 27 പോയിന്റായി. വെസ്റ്റ് ഹാം നാലാം സ്ഥാനത്ത് നിൽക്കുകയാണ്. 33 പോയിന്റുമായി ചെൽസി ഒന്നാമത് നിൽക്കുകയാണ്.