ഇതിഹാസ ഗോൾകീപ്പർ പെറ്റർ ചെക്കിനെ അപ്രതീക്ഷിതമായി പ്രീമിയർ ലീഗിന്റെ 25 അംഗ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ചെൽസി. അടിയന്തിര ഘട്ടത്തിൽ പെറ്റർ ചെക്കിനെ ഉപയോഗപ്പെടുത്താനാണ് ചെൽസിയുടെ തീരുമാനം. ഇത് ചെൽസിയുടെ ഓഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ചെൽസി തന്നെയാണ് ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്.
ഇതോടെ ഒരു വർഷം മുൻപ് ഫുട്ബോളിൽ നിന്നും വിരമിച്ച ഇതിഹാസതാരത്തിന്റെ പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു വരവിനാണ് കളമൊരുങ്ങുന്നത്. 38കാരനായ താരം ചെൽസിയുടെ ടെക്നിക്കൽ അഡ്വൈസറായാണ് നിലവിൽ ജോലി നോക്കുന്നത്. സ്ക്വാഡിൽ ഉൾപ്പെട്ടതോടെ കളിക്കളത്തിലേക്കു തന്നെ തിരിച്ചു വരാനുള്ള അവസരമാണ് ഒരുങ്ങുന്നത്
ചെൽസിയുടെ ഔദ്യോഗിക പ്രസ്താവന: “അടിയന്തര ഗോൾകീപ്പർ എന്ന നിലക്ക് പെറ്റർ ചെക്കിനെ കൂടി സ്ക്വാഡിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കോവിഡ് 19 മൂലമുണ്ടായ അപ്രതീക്ഷിത സാഹചര്യങ്ങൾക്ക് മുൻകരുതലെന്ന രീതിയിലുള്ള ചുവടുവെപ്പാണ്. ഒരു കരാർ രഹിത കളിക്കാരനായി അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കുകയാണ്. “
ചെൽസിക്കായി 11 വർഷം സേവനമനുഷ്ടിച്ച ഇതിഹാസതാരമാണ് പെറ്റർ ചെക്ക്.അക്കാലയളവിൽ നാലു പ്രീമിയർ ലീഗ് കിരീടങ്ങൾ ചെൽസിക്കൊപ്പം നേടാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. 2019ഇൽ ആഴ്സനലിനെതിരെ നടന്ന മത്സരത്തിന് ശേഷം കളിക്കളത്തിൽ നിന്നും വിരമിക്കുകയായിരുന്നു. ക്ലബ്ബ് ഡയറക്ടർ മറീന ഗ്രാനോവ്സ്കയ്യക്കൊപ്പം പുതിയ ഗോൾകീപ്പറായ എഡ്വാർഡ് മെന്റിയുടെ ട്രാൻസ്ഫറിന് പിന്നിൽ പ്രവർത്തിച്ചിരുന്നു.സ്ക്വാഡിൽ ഉൾപ്പെടുത്തിയതോടെ ചെൽസിയുടെ വല കാക്കാൻ ഇതിഹാസതാരം തിരിച്ചെത്തുകയാണ്.